News
നിക്കരാഗ്വേയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിശുദ്ധവാര പ്രദിക്ഷണങ്ങള്‍ക്ക് വിലക്ക്
പ്രവാചകശബ്ദം 15-04-2025 - Tuesday
മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഡാനിയേൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം തുടർച്ചയായ മൂന്നാം വർഷവും വിശുദ്ധവാര പ്രദിക്ഷണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വിശുദ്ധവാരത്തില്‍ തെരുവുകളിലൂടെ ഇറങ്ങി വിശുദ്ധവാരത്തില്‍ പ്രദിക്ഷണം നടത്താറുണ്ടായിരിന്നുവെന്നും എന്നാൽ ഇപ്പോൾ ഞങ്ങൾ അങ്ങനെ ചെയ്യുന്നതിനു നിയന്ത്രണം നിലനില്‍ക്കുകയാണെന്നും മനാഗ്വയിലെ മാർക്കോസ് എന്ന ഇടവകക്കാരൻ 'കോൺഫിഡൻഷ്യൽ' പത്രത്തോട് വെളിപ്പെടുത്തി.ഇപ്പോള്‍ പള്ളിക്കുള്ളിലാണ് തങ്ങള്‍ കുരിശിന്റെ വഴി പ്രാർത്ഥന നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിക്കരാഗ്വേയിൽ വിശുദ്ധവാരത്തിൽ പ്രദിക്ഷണം തടയാൻ സ്വേച്ഛാധിപത്യ ഭരണകൂടം 14,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരിന്നു. പ്രദിക്ഷണത്തിന് ഏര്‍പ്പെടുത്തിയ വിലക്കിന് പുറമേ വൈദികര്‍ നടത്തുന്ന പ്രസംഗങ്ങളിലും മറ്റും 'സർക്കാരിനെതിരെ' ഒന്നും പരാമർശിക്കരുത്' എന്ന വിലക്കും ഏര്‍പ്പെടുത്തിയതായി നിക്കരാഗ്വേൻ ഗവേഷകയും രാജ്യത്തെ ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ തുറന്നുക്കാട്ടുകയും ചെയ്യുന്ന മാർത്ത പട്രീഷ്യ വെളിപ്പെടുത്തി. ദൈവം തന്റെ ജനങ്ങളുടെ കഷ്ടപ്പാടുകൾ കാണുന്നുണ്ടെന്നും നിക്കരാഗ്വേയെ മോഷ്ടിച്ച സ്വേച്ഛാധിപതികളെ യേശു അട്ടിമറിക്കാൻ പോകുകയാണെന്നും അമേരിക്കയിലെ അയോവയിലെ സേവനം ചെയ്യുന്ന നിക്കരാഗ്വേൻ വൈദികനായ ഫാ. നിൽസ് ഹെർണാണ്ടസ് പറഞ്ഞു.
അതേസമയം നിക്കരാഗ്വേയിലെ സഭയ്‌ക്കെതിരെ ഒർട്ടേഗ ഭരണകൂടം ആരംഭിച്ച വിശ്വാസപരമായ പീഡനങ്ങൾക്കിടയിലും, വിശുദ്ധവാരത്തിന്റെ ആരംഭം മുതല്‍ രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍ ഇടവകകളില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ കൂട്ടത്തോടെ പങ്കെടുക്കുന്നുണ്ടെന്ന് നാടുകടത്തപ്പെട്ട നിക്കരാഗ്വൻ പത്രപ്രവർത്തകൻ എസ്പിനോസ പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് വെളിപ്പെടുത്തി. നിക്കരാഗ്വേയിലെ ക്രൈസ്തവരുടെ വിശ്വാസം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ജനസംഖ്യയുടെ ബഹു ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളാണ്. ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയ പൗരന്മാരെ പിന്തുണച്ചതാണ് പ്രസിഡന്‍റ് ഡാനിയേൽ ഒർട്ടേഗയെ ചൊടിപ്പിച്ചത്. ഇത് സഭയ്ക്കു മേല്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേക്ക് നയിക്കുകയായിരിന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ കത്തോലിക്ക സമൂഹം വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
