News - 2025
നിക്കരാഗ്വേയില്‍ കത്തോലിക്ക വൈദികരെ നിരീക്ഷിക്കുവാന്‍ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവ്
പ്രവാചകശബ്ദം 17-03-2025 - Monday
മനാഗ്വേ: നിക്കരാഗ്വേയിലെ ഏകാധിപതി ഡാനിയൽ ഒർട്ടേഗയുടെയും വൈസ് പ്രസിഡന്റും ഭാര്യയുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യം കത്തോലിക്കാ സഭയെയും മറ്റ് ക്രിസ്ത്യൻ വിഭാഗങ്ങളെയും വേട്ടയാടുന്നത് വീണ്ടും തുടര്‍ക്കഥ. വൈദികരെ നിരീക്ഷിക്കുവാനും അവരുടെ സെൽ ഫോണുകൾ പരിശോധിക്കുവാനും ഭരണകൂടം ഉത്തരവിട്ടിരിക്കുകയാണ്. വൈദികരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആഴ്ചതോറുമുള്ള റിപ്പോർട്ടുകൾ ആവശ്യപ്പെട്ടതോടെ സഞ്ചാര സ്വാതന്ത്ര്യത്തെ പോലും നിയന്ത്രിക്കുന്ന നടപടികളിലേക്ക് വഴി തിരിച്ചിരിക്കുകയാണ്.
നിക്കരാഗ്വേയിൽ തുടരുന്ന വൈദികര്‍ക്ക്, പ്രസംഗങ്ങൾ പൂർണ്ണമായും ദൈവശാസ്ത്രപരമായിരിക്കണമെന്നും സാമൂഹിക വിമർശനമോ മറ്റോ വിഷയങ്ങൾ അവർക്ക് അഭിസംബോധന ചെയ്യാൻ വിലക്കുണ്ടെന്നും രാജ്യത്തെ പത്രമായ മൊസൈക്കോ സിഎസ്ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശത്തുള്ള ബിഷപ്പുമാരുമായോ വൈദികരുമായോ പത്രപ്രവർത്തകരുമായോ ആശയവിനിമയം നടത്തുന്നുണ്ടോ എന്ന് അറിയാൻ പോലീസ് ഉദ്യോഗസ്ഥർ രാജ്യത്തെ വൈദികരുടെ മൊബൈൽ ഫോണുകൾ പരിശോധിക്കുന്നത് തുടരുന്നുണ്ടെന്നും മൊസൈക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ക്രൈസ്തവ സംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ്‌വൈഡ് (CSW) മാർച്ചിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ മൊസൈക്കോ സിഎസ്ഐ റിപ്പോര്‍ട്ട് സൂചിപ്പിച്ച കാര്യങ്ങള്‍ സ്ഥിരീകരിച്ചിരിന്നു.
പോലീസിന് ആഴ്ചതോറുമുള്ള റിപ്പോർട്ടുകൾ സമർപ്പിക്കാനുള്ള ബാധ്യത, ആസൂത്രണത്തിന്റെ വിശദാംശങ്ങൾ പങ്കിടൽ, സർക്കാർ അനുമതിയില്ലാതെ വൈദികരുടെ മുനിസിപ്പാലിറ്റി വിട്ടുപോകുന്നതിൽ നിന്നുള്ള വിലക്ക് തുടങ്ങിയ സ്വേച്ഛാധിപത്യത്തിന്റെ മുൻകരുതൽ നടപടികൾ ഇതിൽ ചൂണ്ടിക്കാട്ടിയിരിന്നു. 2018-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയത് മുതലാണ് നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. ജനദ്രോഹ നടപടികളില്‍ സഭ ശക്തമായി രംഗത്തുവന്നിരിന്നു. ഇതിന് പിന്നാലേ സഭയെ തുടര്‍ച്ചയായി സര്‍ക്കാര്‍ വേട്ടയാടി വരികയാണ്.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
