News
ഈസ്റ്ററിന് മുന്നോടിയായി വിശുദ്ധ വാരത്തില്‍ ഒരുക്കവും പ്രാര്‍ത്ഥനയുമായി വൈറ്റ് ഹൗസും
പ്രവാചകശബ്ദം 16-04-2025 - Wednesday
വാഷിംഗ്ടണ്‍ ഡിസി: ഈസ്റ്ററിന് മുന്നോടിയായി വിശുദ്ധ വാരത്തില്‍ ഒരുക്കവും പ്രാര്‍ത്ഥനയുമായി അമേരിക്കൻ പ്രസിഡന്റിന്റെ വസതിയും കാര്യനിർവ്വഹണ കാര്യാലയവും കൂടിയായ വൈറ്റ് ഹൗസും. ഇന്നും നാളെയുമായി വിവിധ പ്രാര്‍ത്ഥനാശുശ്രൂഷകളും മറ്റു പരിപാടികളും വൈറ്റ് ഹൗസിലും നടക്കും. യേശുവിന്റെ പീഡാസഹനങ്ങളെ പ്രത്യേകം അനുസ്മരിച്ച ഡൊണാള്‍ഡ് ട്രംപാണ് വൈറ്റ് ഹൗസില്‍ ഓശാന ഞായറാഴ്ച, വിശുദ്ധ വാരാചരണത്തിന് തുടക്കമിട്ടത്. അവിടുത്തെ പുനരുത്ഥാനത്തിലൂടെ നമുക്ക് നിത്യജീവന്റെ പ്രത്യാശയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ക്രൈസ്തവ സമൂഹങ്ങളിൽ നിന്നുള്ളവര്‍ക്ക് ഒപ്പം ഇന്ന് പെസഹ ബുധനാഴ്ച അത്താഴവും നാളെ പെസഹ വ്യാഴാഴ്ച പ്രാര്‍ത്ഥനാശുശ്രൂഷയും ഒരുക്കിയിട്ടുണ്ട്.
കത്തോലിക്കരും വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നുള്ളവരും പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളില്‍ നിന്നുള്ളവരും വിശുദ്ധ വാര പരിപാടികളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് ഡയറക്ടർ ജെന്നിഫർ കോൺ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. വിശുദ്ധവാരം അർഹിക്കുന്ന ആചരണത്തിലൂടെ ആദരിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനാണ് ഈ പരിപാടികൾക്ക് വൈറ്റ് ഹൗസ് ആതിഥേയത്വം വഹിക്കുവാന്‍ ട്രംപ് ഇടപെട്ടത്. ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് നടത്തിയ പരിപാടികളേക്കാൾ ശക്തമായതാണ് 2025 ലെ വിശുദ്ധ വാരാഘോഷങ്ങളെന്നും രണ്ടാം ഭരണത്തിൽ ട്രംപിന് വ്യത്യസ്തമായ ഒരു ദൃഢനിശ്ചയം ഉണ്ടെന്നും കോൺ അഭിപ്രായപ്പെട്ടു.
2024 ജൂലൈ 13-ന് പെൻസിൽവാനിയയിൽ നടന്ന പ്രചാരണ റാലിയിലുണ്ടായ കൊലപാതക ശ്രമത്തില്‍ നിന്നു തന്നെ രക്ഷിച്ചത് ദൈവമാണെന്നും ട്രംപ് പരസ്യമായി പറഞ്ഞിരിന്നു. ആ ദിവസം തന്റെ ജീവിതം മാറ്റിമറിച്ചുവെന്നും, വീണ്ടും പ്രസിഡന്റാകാനും അമേരിക്കയെ തിരികെ കൊണ്ടുവരാനും ദൈവം തന്റെ ജീവൻ രക്ഷിച്ചുവെന്ന് അദ്ദേഹം ശരിക്കും വിശ്വസിക്കുന്നതായും വൈറ്റ് ഹൗസ് ഫെയിത്ത് ഓഫീസ് ഡയറക്ടർ പറയുന്നു. ഭരണകേന്ദ്രമായ ഓവൽ ഓഫീസിന്റെ രണ്ട് വശങ്ങളിലായി രണ്ട് സ്വർണ്ണ മാലാഖമാരെകൊണ്ട് അലങ്കരിച്ചിട്ടുണ്ടെന്നും കോൺ ചൂണ്ടിക്കാട്ടി. അഭയാര്‍ത്ഥി വിഷയത്തില്‍ ട്രംപ് പുലര്‍ത്തുന്ന കാര്‍ക്കശ്യനിലപാട് ഒഴിച്ചാല്‍ ധാര്‍മ്മിക വിശ്വാസ വിഷയങ്ങളില്‍ ട്രംപ് സ്വീകരിക്കുന്ന നിലപാടിന് ക്രൈസ്തവ സഭാനേതൃത്വങ്ങള്‍ക്കു മുന്നില്‍ വലിയ മതിപ്പാണുള്ളത്.
