Editor's Pick
കാരുണ്യത്തിന്റെ ഈ മുഖത്തെ നിന്ദിക്കുന്നവർ വായിച്ചറിയാൻ
സ്വന്തം ലേഖകന്‍ 07-09-2016 - Wednesday
മദര്‍ തെരേസയുടെ വിശുദ്ധ പദവി മതം മാറ്റത്തിനുള്ള ഗൂഢാലോചന ആണെന്ന ആരോപണവുമായി ചില മതതീവ്രവാദ സംഘടനകളും അവരുടെ നേതാക്കളും രംഗത്തു വന്നിരിക്കുന്നു. വത്തിക്കാനില്‍ നടന്ന വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലേക്ക് ഇന്ത്യയില്‍ നിന്നും പ്രതിനിധി സംഘത്തെ അയച്ച നടപടിയേയും ഇക്കൂട്ടർ വിമര്‍ശിക്കുന്നു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ആധാരമാക്കുന്ന അത്ഭുതങ്ങള്‍ ഇക്കാലത്ത് സംഭവിക്കുക ഇല്ലെന്നായിരുന്നു ഇവരുടെ മറ്റൊരു വാദം.
സോഷ്യൽ മീഡിയയിലൂടെ മറ്റു ചില വ്യക്തികളും ഇതുപോലുള്ള വിലകുറഞ്ഞ ആരോപണങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. ചരിത്രം പരിശോധിച്ചാല്‍ ഇത് ഒരു പുതിയ കാര്യമല്ല എന്നു മനസ്സിലാകും. കൽക്കട്ടയിലെ വിശുദ്ധ തെരേസ ജീവിച്ചിരുന്ന കാലത്തും ഇത്തരം ആരോപണങ്ങള്‍ അവർക്കെതിരെ ചിലര്‍ ഉയര്‍ത്തിയിരുന്നു.
മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നോ?
1995-ല്‍ മദര്‍ തെരേസയുമായുള്ള അഭിമുഖത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ അവരോട് ഇപ്രകാരം ചോദിച്ചു: "മദറിന്‍റെ പ്രവര്‍ത്തനങ്ങളുടെ അന്തിമമായ ലക്ഷ്യം മതപരിവര്‍ത്തനമാണെന്നും, മദറിന്റെ ഭവനങ്ങളിൽ മാമ്മോദീസ രഹസ്യത്തിൽ നടത്താറുണ്ട് എന്നുമുള്ള ആരോപണമുണ്ടല്ലോ; അതെപ്പറ്റി എന്തു പറയുന്നു?"
ഈ ചോദ്യങ്ങൾക്ക് മദര്‍ ഇപ്രകാരമാണ് മറുപടി പറഞ്ഞത്. "ദൈവമേ, അവര്‍ പറയുന്നത് എന്താണെന്ന് അവരറിയുന്നില്ല. അവരോട് ക്ഷമിക്കണമേ... ഞങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മുഴുവനും ദൈവസ്നേഹത്തെപ്രതിയാണ് ചെയ്യുന്നത്. ഈ സ്നേഹത്തിന്‍റെ പ്രവര്‍ത്തികളെല്ലാം എപ്പോഴും മറ്റുള്ളവരെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവയാണ്. ഒരു മനുഷ്യനെ (ക്രിസ്ത്യാനിയാക്കി) മാറ്റാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ. ഞാന്‍ അതിനുവേണ്ടി ആഗ്രഹിച്ചാല്‍പോലും എന്നെക്കൊണ്ട് അതു സാധ്യമല്ല. ഒരു വ്യക്തി മാറ്റത്തിനു വേണ്ടി ആഗ്രഹിക്കുകയും ദൈവത്തിന്‍റെ കൃപാവരങ്ങള്‍ ആ വ്യക്തിയിലേക്ക് ഒഴുകുകയും ചെയ്യാതെ മറ്റാര്‍ക്കെങ്കിലും നടപ്പില്‍ വരുത്താവുന്ന ഒരു പദ്ധതിയല്ല മത പരിവര്‍ത്തനം."
മദർ തുടർന്നു "ഒരു ഹിന്ദു മത വിശ്വാസി ഞങ്ങളുടെ ഭവനങ്ങളിൽ മരിക്കുകയാണെങ്കിൽ ഹിന്ദു മതത്തിൽ പെട്ടവർ അവരുടെ ആചാരപ്രകാരമാണ് അയാളുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്നത്. അതുപോലെ തന്നെയാണ് മറ്റ് ഏതു മതത്തിൽ പെട്ടവരും. ഓരോരുത്തരും അവരവരുടെ മതത്തിലെ മരണാനന്തര ചടങ്ങുകളാണ് നടത്താറുള്ളത്". മതപരിവർത്തനമാണ് അവിടെ നടന്നിരുന്നതെങ്കിൽ ഇത് എങ്ങനെ സാധ്യമാകും. ഒരാളെ ക്രിസ്ത്യാനിയാക്കുക എന്നത് തനിക്കോ, വിശുദ്ധനായ ഒരു പ്രവാചകനു പോലുമോ സാധിക്കുന്ന പ്രവർത്തിയല്ലന്നും അതു ദൈവത്തിനു മാത്രം സാധിക്കുന്ന ഒരു കാര്യമാണെന്നും ഈ അഭിമുഖത്തിൽ മദർ തെരേസ എടുത്തു പറയുന്നുണ്ട്.
ഒരാൾ 'ക്രിസ്തുമതം സ്വീകരിക്കുക' എന്നത് ഒരു രഹസ്യ അജണ്ടയിലൂടെ നടപ്പിലാക്കാവുന്ന പദ്ധതിയല്ല എന്ന് മദര്‍ ഇവിടെ വ്യക്തമാക്കുന്നു. അത് ദൈവത്തിന്‍റെ പ്രവര്‍ത്തിയാണ്. കര്‍ത്താവായ യേശു ഇതേപ്പറ്റി ഇപ്രകാരമാണ് പറഞ്ഞത്: "എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല...." (യോഹ: 6:44).
ഇന്ന് ലോകത്തില്‍ ധാരാളം മതങ്ങളുണ്ട്. കല്ലിനെയും, മരത്തെയും, വിഗ്രഹങ്ങളെയും, വായുവിനെയും, വെള്ളത്തെയും മുതല്‍ ആള്‍ ദൈവങ്ങളെ വരെ ആരാധിക്കുന്ന മതങ്ങള്‍. ഇപ്രകാരമുള്ള ഏതെങ്കിലും ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുപോലെയല്ല ഒരാള്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ക്രിസ്ത്യാനി ആകുന്നത്. കാരണം ക്രിസ്തീയ വിശ്വാസം ഇതിഹാസങ്ങളിലുള്ള വിശ്വാസമല്ല, വിചിത്ര കഥകളിലുള്ള വിശ്വാസമല്ല, ഐതിഹ്യങ്ങളിലുള്ള വിശ്വാസമല്ല. ചരിത്രത്തിലുള്ള വിശ്വാസമാണ്; ചരിത്രത്തില്‍ ജീവിച്ച ക്രിസ്തു എന്ന വ്യക്തിയിലുള്ള വിശ്വാസമാണ്.
ലോകത്തില്‍ വിവിധ മതങ്ങള്‍ സ്ഥാപിച്ച മതസ്ഥാപകരെല്ലാം തന്നെ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ക്രിസ്തു ഒരു മതഗ്രന്ഥവും എഴുതിയില്ല. കാരണം 'ക്രിസ്തു തന്നെയാണ്' ക്രിസ്ത്യാനികളുടെ ഗ്രന്ഥം. ദൈവം ക്രിസ്തുവിലൂടെ മനുഷ്യകുലത്തോട് എല്ലാം സംസാരിച്ചിരിക്കുന്നു. "ക്രൈസ്തവ സന്ദേശം ഒരു ആശയത്തെ ആശ്രയിച്ചിട്ടുള്ളതല്ല. ഒരു വസ്തുതയെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്; 'ക്രിസ്തുവിലൂടെ ദൈവം സ്വയം വെളിപ്പെടുത്തിയിരിക്കുന്നു' എന്നുള്ള വസ്തുതയെ" (Pope Benedict XVI, Verbum Domini). ഒരു വ്യക്തി മാമ്മോദീസ സ്വീകരിച്ച് ക്രിസ്ത്യാനിയാകുമ്പോള്‍ അവന്‍ ദൈവത്തിന്‍റെ പ്രകൃതിയില്‍ പങ്കു ചേരുന്നു; അവന്‍ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ അവയവമായി മാറുന്നു. ഇപ്രകാരം ക്രൈസ്തവര്‍ ദൈവത്തിന്‍റെ മക്കളും പരിശുദ്ധാത്മാവിന്‍റെ ആലയവുമായി തീരുന്നു. അതിനാല്‍ തന്നെ ദൈവത്തിന്‍റെ ഈ പ്രവര്‍ത്തി കേവലം മനുഷ്യനു സാധിക്കും എന്നു കരുതി മദറിനെ വിമര്‍ശിക്കുന്നത് അജ്ഞത മൂലമാണ്. അതുകൊണ്ടാണ് മദര്‍ തെരേസ "ദൈവമേ അവര്‍ പറയുന്നത് എന്താണെന്ന് അവരറിയുന്നില്ല അവരോട് ക്ഷമിക്കണമേ" എന്നു പ്രാര്‍ത്ഥിച്ചത്.
"എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തു തന്നത്" (മത്താ. 25:40) എന്ന ക്രിസ്തുവിന്‍റെ വചനം അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചത് എന്ന് മദര്‍ തെരേസാ ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ജാതിമത ഭേദമെന്യേ, പാവപ്പെട്ടവരിലും നിരാലംബരിലും ക്രിസ്തുവിന്‍റെ മുഖം ദര്‍ശിച്ചു കൊണ്ട് മദര്‍ ചെയ്ത ശുശ്രൂഷകള്‍ ഭാരതത്തില്‍ മാത്രം ഒതുങ്ങി നിന്ന ഒന്നായിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളിലോ മറ്റു ഭക്ത സംഘടനകളിലോ ആളെ കൂട്ടുന്നതു പോലുള്ള ഒരു മതപരിവര്‍ത്തനമാണ് മദര്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനം ഭാരതത്തില്‍ മാത്രം ഒതുങ്ങി നിന്നേനെ. എന്നാല്‍ അവരുടെ സേവനം ലോകത്തില്‍ 139 രാജ്യങ്ങളിലേക്ക് വ്യാപിച്ച്, ഈ നൂറ്റാണ്ടില്‍ ലോകം കണ്ട കരുണയുടെ ഏറ്റവും വലിയ വിശുദ്ധയായി മദർ തെരേസ മാറിയത് ഓരോ വിശക്കുന്നവനിലും, ദാഹിക്കുന്നവനിലും, പരദേശിയിലും, നഗ്നനിലും, രോഗിയിലും, കാരാഗൃഹവാസിയിലും ക്രിസ്തുവിനെ ദര്‍ശിച്ചതു കൊണ്ടാണ്. അതിന് അവര്‍ ഊര്‍ജ്ജം സ്വീകരിച്ചതാകട്ടെ ക്രിസ്തുവില്‍ നിന്നും.
ഓരോ ദിവസവും മദര്‍ തെരേസ തന്‍റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നത് ദിവ്യകാരുണ്യത്തില്‍ നിന്നും ശക്തി സ്വീകരിച്ചു കൊണ്ടായിരുന്നു. "ഞാന്‍ ദൈവത്തിന്‍റെ കൈയ്യിലെ ഒരു പെന്‍സില്‍ മാത്രമാണ്" എന്ന്‍ മദര്‍ പറയുമായിരുന്നു. മദര്‍ തെരേസ എന്ന പെന്‍സില്‍ കൊണ്ട് 139 രാജ്യങ്ങളിലായി ദൈവം വരച്ച ഓരോ സ്നേഹത്തിന്‍റെ കാവ്യങ്ങളും ദൈവത്തിന്‍റെ പ്രവര്‍ത്തിയായിരുന്നു. ഇപ്രകാരം സ്നേഹകാവ്യം രചിക്കാന്‍ ദൈവം ഉപയോഗിച്ച 'ഒരു മദര്‍ തെരേസയെക്കുറിച്ചു' മാതമേ ചിലപ്പോള്‍ ഈ വിമര്‍ശകർ കേട്ടിട്ടുണ്ടാവൂ. എന്നാല്‍ പ്രിയപ്പെട്ട സഹോദരരെ മാനവചരിത്രത്തിലുടനീളം സ്നേഹത്തിന്‍റെയും, വിമോചനത്തിന്‍റെയും, കാരുണ്യത്തിന്‍റെയും, രക്ഷയുടെയും കാവ്യങ്ങള്‍ രചിക്കുവാന്‍ ദൈവം അനേകം മനുഷ്യരെ തിരഞ്ഞെടുത്തിട്ടുണ്ട്. അബ്രാഹം മുതല്‍ മദര്‍ തെരേസ വരെ നീളുന്ന, ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ നാമകരണം ചെയ്യപ്പെടാത്ത വിശുദ്ധരുമുണ്ട് എന്ന കാര്യം മറക്കാതിരിക്കുക.
ഈ തിരഞ്ഞെടുപ്പ് മദര്‍ തെരേസയില്‍ അവസാനിക്കുന്നില്ല. ഈ വിളിയും തിരഞ്ഞെടുപ്പും ലോകാവസാനം വരെ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇപ്രകാരം ദൈവം തിരഞ്ഞെടുത്തവരില്‍ നിരവധി പേരെ ലോകം കല്ലെറിഞ്ഞു, മറ്റു ചിലരെ കാരാഗ്രഹത്തിലടച്ചു, വേറെ ചിലരെ അതിക്രൂരമായി കൊല ചെയ്തു. എന്നാല്‍ ഇപ്രകാരം ചെയ്ത ഓരോ പീഡനങ്ങളും, ആ ദേശങ്ങളില്‍ ക്രൈസ്തവ വിശ്വാസം തഴച്ചു വളരുന്നതിനു കാരണമായി. ഇന്ന് ഈ ആധുനിക ലോകത്തിലും എവിടെയെല്ലാം ക്രിസ്ത്യാനികളെ കൊലചെയ്യുകയും അവര്‍ക്കെതിരെ മര്‍ദ്ദനങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്നോ അവിടെയെല്ലാം ക്രിസ്തുമതം ലോകത്തെ അതിശയിപ്പിച്ചു കൊണ്ട് വളർന്നു വരുന്നു. കമ്യുണിസ്റ്റ് രാജ്യമായ ചൈനയില്‍ ഇന്നും ക്രിസ്ത്യാനികളെ ജീവനോടെ കുഴിച്ചു മൂടുന്നു. പല സ്ഥലങ്ങളിലും ഭൂഗര്‍ഭ അറകളിലാണ് പ്രാര്‍ത്ഥനകള്‍ക്കും ദിവ്യബലിക്കുമായി ക്രിസ്ത്യാനികള്‍ ഒരുമിച്ചു കൂടുന്നത്. എന്നാല്‍ ഈ ചൈനയിലാണ് ക്രിസ്തുമതം ഇന്ന് ഏറ്റവും കൂടുതല്‍ വേഗത്തിൽ വളരുന്നത്. 2030 ആകുമ്പോഴേക്കും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ വസിക്കുന്ന രാജ്യമായി ചൈന മാറുമെന്ന്‍ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മദര്‍ തെരേസ ലോകം മുഴുവന്‍ ചെയ്ത കാരുണ്യ പ്രവര്‍ത്തികള്‍ മദറിന്‍റെ പ്രവര്‍ത്തനങ്ങളായിരുന്നില്ല. അത് ദൈവത്തിന്‍റെ പ്രവര്‍ത്തികളായിരുന്നു എന്ന് അവർ തന്നെ പ്രസ്താവിച്ചിരുന്നു. മദര്‍ തെരേസയിലൂടെ വെളിപ്പെട്ട ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവും ഒരു 'തുള്ളി' മാത്രമായിരുന്നു. എന്നാല്‍ ക്രിസ്തുവിലേക്കു നോക്കിയാല്‍ ഈ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഒരു 'കടല്‍' കാണുവാന്‍ സാധിക്കും. തന്‍റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ലോകത്തെ അത്രയധികമായി സ്നേഹിച്ച 'സ്നേഹത്തിന്‍റെ കടല്‍'. കുരിശില്‍ കിടന്നു കൊണ്ട് ശത്രുക്കളോടു ക്ഷമിച്ച 'ക്ഷമയുടെ കടല്‍'. തന്‍റെ വലതുവശത്തു കിടന്ന കള്ളനോട് കാരുണ്യം കാണിച്ച 'കരുണയുടെ കടല്‍'. ഇപ്രകാരം ഒരു 'തുള്ളി'യുടെ രുചി തിരിച്ചറിയുന്നവര്‍ അതിന്റെ ഉറവയായ കടലിൽ നിന്നും നിന്നും ആവോളം നുകരാന്‍ ക്രിസ്തുവിന്റെ അടുത്തേക്ക് ഓടിയെത്തുക തന്നെ ചെയ്യും.
വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ആധാരമാക്കുന്ന അത്ഭുതങ്ങള്‍
വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ആധാരമാക്കുന്ന അത്ഭുതങ്ങള്‍ ഇക്കാലത്ത് സംഭവിക്കുകയില്ല എന്ന ആരോപണം ഉയർത്തുന്ന എല്ലാവരോടും ഒരു കാര്യം പറയട്ടെ. നിങ്ങളുടെ വിശ്വാസം അനുസരിച്ച് അത് ശരിയാണ്. ഇതിഹാസങ്ങളിലെയും വിചിത്ര കഥകളിലെയും ദൈവിക സങ്കല്‍പ്പങ്ങള്‍ക്ക് ഒരു കാലത്തും 'അത്ഭുതങ്ങള്‍' പ്രവര്‍ത്തിക്കുക സാധ്യമല്ല. ഇത്തരം മനുഷ്യ നിർമ്മിതമായ ദൈവങ്ങളുടെ അത്ഭുത പ്രവര്‍ത്തികള്‍ കഥകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നാണ്. എന്നാല്‍ മനുഷ്യജീവിതത്തില്‍ അന്നും, ഇന്നും, എന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന, ചരിത്രത്തില്‍ ജീവിച്ച ദൈവം തന്നെയായ യേശുക്രിസ്തുവിന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. യഥാര്‍ത്ഥ ദൈവമായ, ഏകദൈവമായ അവനെ തിരിച്ചറിയാത്തതു കൊണ്ടാണ് ഇപ്രകാരം നിങ്ങള്‍ പറയുന്നത്.
കത്തോലിക്കാ സഭ ഒരാളെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ചില മാനദണ്ഡങ്ങൾ പിന്തുടർന്നു പോരുന്നു. ക്രിസ്തീയ ജീവിതത്തിന്റെ പരമമായ ലക്‌ഷ്യം മരണശേഷം സ്വർഗ്ഗത്തിൽ ക്രിസ്തുവിനോടു കൂടെ ആയിരിക്കുക എന്നതാണ്. ഈ ഭൂമിയിലെ ജീവിതകാലത്തു ലോകത്തിനു മുൻപിൽ എത്ര നല്ലവനായി കാണപ്പെട്ടാലും യഥാർത്ഥമായ വിശുദ്ധ ജീവിതം നയിക്കുന്നവർക്കു മാത്രമേ തന്‍റെ മരണത്തിന്‍റെ നിമിഷത്തില്‍ സ്വർഗ്ഗീയ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം ലഭിക്കുകയുള്ളൂ.
എന്താണ് ഈ സ്വർഗ്ഗം? "കന്യകാമറിയത്തോടും മാലാഖമാരോടും സകലവിശുദ്ധരോടും ഒപ്പം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവത്തോടൊന്നിച്ചുള്ള പൂര്‍ണ്ണമായ ജീവിതത്തെ സ്വര്‍ഗ്ഗം എന്നു വിളിക്കുന്നു" (CCC 1024). ഇങ്ങനെ മരണശേഷം നാം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുന്ന ആത്മാക്കള്‍ക്ക് യഥാര്‍ത്ഥമായ വ്യക്തിത്വവും പേരും ഉണ്ടായിരിക്കും എന്ന് ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ പഠിപ്പിക്കുന്നു. (ccc 1025). ബൈബിൾ ഇപ്രകാരമാണ് പറയുന്നത്: "വിജയം വരിക്കുന്നവന് ഞാന്‍ നിഗൂഢ മന്ന നല്‍കും. അവന് ഞാന്‍ ഒരു വെള്ളക്കല്ലും കൊടുക്കും; അതില്‍ ഒരു പുതിയ നാമം കൊത്തിയിരിക്കും. അതെന്തെന്നു സ്വീകരിക്കുന്നവനൊഴികെ മറ്റാരും അറിയുകയില്ല" (വെളിപാട് 2:17).
ഈ ലോകജീവിതത്തില്‍ വച്ചു തന്നെ ത്രിത്വത്തിന്‍റെ വാസസ്ഥാനമാകാന്‍ ഓരോ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മരണശേഷം സ്വർഗ്ഗത്തിൽ ആയിരിക്കുന്ന ആത്മാക്കൾ പരിശുദ്ധ ത്രിത്വവുമായി പരിപൂര്‍ണ്ണമായ ഐക്യത്തില്‍ പ്രവേശിക്കുന്നു. ഇപ്രകാരം സ്വർഗ്ഗത്തിൽ ആയിരിക്കുന്ന വിശുദ്ധരുടെ ആത്മാക്കൾക്ക് ഭൂമിയിലായിരിക്കുന്ന നമുക്കു വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കാനും അനുഗ്രഹങ്ങൾ നേടിത്തരുവാനും സാധിക്കും. ഈ വിശ്വാസസത്യമാണ് "പുണ്യവാന്മാരുടെ ഐക്യത്തിൽ ഞാൻ വിശ്വസിക്കുന്നു" എന്ന് കത്തോലിക്കാ വിശ്വാസികൾ തങ്ങളുടെ വിശ്വാസപ്രമാണത്തിൽ ഏറ്റുപറയുന്നത്.
അതിനാൽ ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ വിശുദ്ധമായ ജീവിതം നയിച്ചു എന്ന് മനസ്സിലാക്കിയാലും മരണശേഷം ആ വ്യക്തിയുടെ ആത്മാവ് സ്വർഗ്ഗത്തിൽ ആയിരിക്കുന്നു എന്ന ബോധ്യത്തിലെത്തുമ്പോഴാണ് ഒരാളെ സഭ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ഇപ്രകാരം ഒരു ആത്മാവ് സ്വർഗ്ഗത്തിൽ ആണോ എന്നു നാം എങ്ങനെ തിരിച്ചറിയും? ഇതിനുവേണ്ടി അത്ഭുതങ്ങളെ ആധാരമാക്കുമ്പോൾ, ആ അത്ഭുതങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെടുമ്പോൾ സഭ മറ്റൊരു സത്യം കൂടി ലോകത്തോടു പ്രഘോഷിക്കുന്നു- "ക്രിസ്തീയ വിശ്വാസം ശാസ്ത്രത്തിനെതിരായ വിശ്വാസമല്ല. ശാസ്ത്രത്തിനനുകൂലമായ വിശ്വാസമാണ്. യുക്തികൊണ്ട് മനസ്സിലാക്കാൻ കഴിയാത്ത അന്ധമായ വിശ്വാസമല്ല, യുക്തികൊണ്ട് കാണാനും അറിയാനും ഗ്രഹിക്കാനും കഴിയുന്ന യുക്തിസഹജമായ വിശ്വാസമാണ്".
കര്‍ത്താവായ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ഇപ്രകാരം ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു വിശുദ്ധ ജീവിതം നയിച്ച മദര്‍ തെരേസ ഇപ്പോൾ സ്വര്‍ഗ്ഗത്തിലായിരിക്കുന്നു എന്നതിന്‍റെ തെളിവാണ് അവരുടെ മദ്ധ്യസ്ഥതയില്‍ നടക്കുന്ന അത്ഭുതങ്ങള്‍. ഈ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ദൈവമാണ്. ലാസറിനെ ഉയിര്‍പ്പിച്ച, അന്ധന് കാഴ്ച നല്‍കിയ, കാറ്റിനെയും കടലിനെയും ശാന്തമാക്കിയ, മരിച്ച് ഉത്ഥാനം ചെയ്ത കര്‍ത്താവായ യേശുവില്‍ നിങ്ങളും വിശ്വസിക്കുമെങ്കില്‍ നിങ്ങളുടെ ജീവിതത്തിലും അത്ഭുതം സംഭവിക്കുതു കാണാന്‍ നിങ്ങളുടെ കണ്ണുകൾക്കു കഴിയും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.