News
പുതിയ മാർപാപ്പായെ തെരഞ്ഞെടുക്കുന്നതിന് ഒരുക്കമായുള്ള പ്രാർത്ഥന
പ്രവാചകശബ്ദം 22-04-2025 - Tuesday
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, തിരുസ്സഭയെ നയിക്കുകയും ഭരിക്കുകയും ചെയ്‌തതിനുശേഷം ഞങ്ങളിൽ നിന്നു വേർപിരിഞ്ഞുപോയ ഫ്രാൻസിസ് മാർപാപ്പായെ, സ്വർഗ്ഗരാജ്യത്തിൽ മഹത്ത്വത്തിന്റെ കിരീടമണിയിക്കണമേ. മിശിഹായുടെ പ്രതിനിധിയും സഭയുടെ തലവനുമായി, പുതിയ മാർപാപ്പായെ തെരഞ്ഞെടുക്കുവാൻ പോകുന്ന ഈ ഘട്ടത്തിൽ, സഭാ നേതൃത്വത്തിന്റെ മേൽ പരിശുദ്ധാത്മാവിനെ ആവസിപ്പിക്കണമേ. ശ്ലീഹന്മാരുടെ ഗണത്തിലേക്ക് മത്തിയാസിനെ തെരഞ്ഞെടുക്കുവാൻ വേണ്ടി, പരി. കന്യകാമാതാവിൻ്റെ സംരക്ഷണയിൽ സമ്മേളിച്ചു പ്രാർത്ഥിച്ച അപ്പസ്തോലന്മാരെ അങ്ങയുടെ പരിശുദ്ധാരൂപിയിൽ നിറച്ചതുപോലെ, കർദ്ദിനാൾ തിരുസ്സംഘത്തിലെ ഓരോ അംഗത്തെയും, ദിവ്യചൈതന്യംകൊണ്ടു നിറയ്ക്കണമേ. ലോകം മുഴുവൻറെയും മനഃസാക്ഷിയും വഴികാട്ടിയുമായി വർത്തിക്കേണ്ട തിരുസ്സഭയെ പഠിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനും ഭരിക്കുവാനും നയിക്കുവാനും വേണ്ടി, വിജ്ഞാനവും വിശുദ്ധിയും കഴിവും വിവേകവുമുള്ള സഭാതലവനെ തെരഞ്ഞെടുക്കുന്നതിന് അവർക്കു പ്രചോദനമരുളണമേ. അങ്ങനെ അങ്ങയുടെ ദിവ്യപ്രേരണയാൽ തെരഞ്ഞെടുക്കപ്പെടുന്ന പുതിയ മാർപാപ്പായെ സഭാസന്താനങ്ങളും ലോകം മുഴുവനും സർവ്വാത്മനാ അംഗീകരിക്കുവാനും അനുസരിക്കുവാനും, അങ്ങു തന്നെ ഇടയാക്കുകയും ചെയ്യണമേ. ആമേൻ.
Source: Eparchy of Kothamangalam
