News
ഫ്രാന്‍സിസ് പാപ്പയുടെ അപ്പാര്‍ട്ട്മെന്‍റ് സീല്‍ ചെയ്തു; മൃതസംസ്കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി ആദ്യഘട്ടം പൂര്‍ത്തിയാക്കി
പ്രവാചകശബ്ദം 22-04-2025 - Tuesday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഔദ്യോഗിക മരണാനന്തര നടപടിക്രമങ്ങളുടെ ആദ്യഘട്ടം ഇന്നലെ പൂര്‍ത്തിയാക്കി. കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലിന്റെയും വത്തിക്കാന്‍ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികാശരീരം കാസ സാന്താ മാർട്ടയിലെ ചാപ്പലിലേക്ക് മാറ്റി ഫ്രാൻസിസ് മാർപാപ്പയുടെ അപ്പാര്‍ട്ട്മെന്‍റ് സീല്‍ ചെയ്തു. റോമിലെ സമയം രാത്രി 8 മണിക്ക്, ആരംഭിച്ച ചടങ്ങ് ഒരു മണിക്കൂര്‍ക്കൊണ്ട് പൂര്‍ത്തിയാക്കി.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, ഡെപ്യൂട്ടി ആർച്ച് ബിഷപ്പ് എഡ്ഗർ പെന പാര എന്നിവരോടൊപ്പം കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലിന്റെ നിര്‍ദ്ദേശപ്രകാരം അപ്പോസ്തോലിക് വസതിയിലെ പേപ്പൽ അപ്പാർട്ട്മെന്റ് അടച്ചുപൂട്ടി സീൽ ചെയ്തു. ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയുടെ കുടുംബാംഗങ്ങളുംവത്തിക്കാന്റെ ആരോഗ്യ-ശുചിത്വ വകുപ്പിന്റെ ഡയറക്ടറും വൈസ് ഡയറക്ടറും, കര്‍ദ്ദിനാള്‍ കോളേജിന്റെ തലവനുമായ കോളേജ് ഡീൻ ജിയോവാനി ബാറ്റിസ്റ്റ റീയും പങ്കെടുത്തു.
മാര്‍പാപ്പയുടെ മരണശേഷം ഉടൻ തന്നെ പേപ്പൽ അപ്പാർട്ടുമെന്റുകൾ മുദ്രവെക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നതു പുരാതന പാരമ്പര്യമാണ്. തിരുസഭയുടെ പരമാദ്ധ്യക്ഷനായി ഒരു മാര്‍പാപ്പയുടെ അഭാവം നേരിടുന്ന കാലയളവിൽ വ്യക്തിഗത രേഖകൾ സംരക്ഷിക്കുകയും ക്രമീകൃതമായ ഒരു മാറ്റം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
സൈപ്രസ്, ലെഡ്, ഓക്, എന്നിവ ഉപയോഗിച്ചുള്ള ശവമഞ്ചത്തിലേക്ക് ആണ് സാധാരണയായി മാര്‍പാപ്പമാരുടെ മൃതദേഹം മാറ്റാറുണ്ടായിരിന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിന് മാറ്റം വേണമെന്ന് ഫ്രാന്‍സിസ് പാപ്പ നിര്‍ദ്ദേശിച്ചിരിന്നു. ഇപ്രകാരം സാധാരണമായ ശവമഞ്ചത്തിലേക്കു പാപ്പയുടെ ഭൗതിക ശരീരം മാറ്റിയെന്നാണ് വത്തിക്കാനില്‍ നിന്നുള്ള വിവരങ്ങള്‍. നാളെ ബുധനാഴ്ച രാവിലെ പാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി മാധ്യമപ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. വിശ്വാസികൾക്ക് ഭൗതിക ശരീരത്തിന് മുന്നില്‍ പ്രാർത്ഥിക്കാന്‍ അവസരം ഉണ്ടാകും.
