News
''കലിമ ചൊല്ലാനുള്ള നിര്‍ദേശം നിരസിച്ചു, ക്രിസ്ത്യാനിയാണെന്ന് പറഞ്ഞു''; കാശ്മീര്‍ രക്തസാക്ഷികളില്‍ ക്രൈസ്തവ വിശ്വാസിയും
പ്രവാചകശബ്ദം 24-04-2025 - Thursday
ഇൻഡോർ: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തില്‍ ഇസ്ലാമിക ഭീകരർ മതം നോക്കി കൊലപ്പെടുത്തിയവരില്‍ ക്രൈസ്തവ വിശ്വാസിയും. മധ്യപ്രദേശ് അലിരാജ്‌പുരിൽ ഇൻഡോറിൽനിന്നുള്ള ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ മാനേജരായ സുശീൽ നഥാനിയേലിനെയാണ് (58) ഇസ്ളാമിക ഭീകരര്‍ പ്രവാചകസ്‌തുതിയായ 'കലിമ' ചൊല്ലാൻ ആവശ്യപ്പെട്ടതിനു ശേഷം കൊല്ലപ്പെടുത്തിയതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. "അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ല" എന്ന ഇസ്‌ലാമിക വിശ്വാസ പ്രഖ്യാപനം പറയുന്നതു നിരസിച്ചതിനാണ് സുശീൽ നഥാനിയേലിന്റെ ജീവനും ഇസ്ളാമിക തീവ്രവാദികള്‍ കവര്‍ന്നത്.
ഭാര്യ ജെന്നിഫർ (54), മകൻ ഓസ്റ്റിൻ (25) മകൾ ആകാൻഷ (35) എന്നിവരോടൊപ്പം ഈസ്റ്റർ ആഘോഷിക്കുന്നതിനാണ് അദ്ദേഹം കാശ്മീരിലെത്തിയത്. ഭീകരാക്രമണത്തിൽ മകള്‍ക്കും പരിക്കേറ്റിരുന്നു. അന്‍പത്തിയെട്ടുകാരനായ സുശീൽ നഥാനിയേല്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് ഭീകരർ പ്രവാചകസ്‌തുതിയായ കലിമ ചൊല്ലാൻ ആവശ്യപ്പെടുകയായിരുന്നെന്ന് ബന്ധു സഞ്ജയ് കുംരാവത് പറഞ്ഞു. സുശീലിന്റെ ഭാര്യയും മകനുമായും ഫോണിൽ സംസാരിച്ചതിന് ശേഷമാണ് സഞ്ജയ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭീകരർ നഥാനിയേലിന്റെ പേര് ചോദിച്ചശേഷം മുട്ടുകുത്താനും പിന്നീട് കലിമ ചൊല്ലാനും ആവശ്യപ്പെടുകയായിരിന്നു. എന്നാൽ താൻ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞു നിരസിച്ചതോടെ നഥാനിയേലിനെ ഭീകരർ വെടിവച്ചു കൊല്ലുകയായിരുന്നു. പിതാവിനെ വെടിവയ്ക്കുന്നതുകണ്ട് ഓടിയടുത്ത മകൾ ആകാൻഷയ്ക്കു നേരെയും ഭീകരർ വെടിയുതിർത്തുവെന്നും സഞ്ജയ് വെളിപ്പെടുത്തിയിട്ടുണ്ട്. കാശ്മീരിൽ ചികിത്സയില്‍ തുടരുന്ന ആകാൻഷയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ത്യയെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.
