News
പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്ത ശേഷം മാത്രം നാമകരണ നടപടികളില്‍ തീരുമാനം: കര്‍ദ്ദിനാള്‍ സംഘം
പ്രവാചകശബ്ദം 24-04-2025 - Thursday
വത്തിക്കാന്‍ സിറ്റി: അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷം നിത്യതയിലേക്ക് യാത്രയായ കംപ്യൂട്ടര്‍ പ്രതിഭയായ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസ് ഉള്‍പ്പെടെയുള്ളവരുടെ നാമകരണ നടപടികള്‍ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്ത ശേഷം നടത്തുവാന്‍ തീരുമാനമായി. ഇന്നലെ ബുധനാഴ്ച ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘത്തിന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുത്തത്. ജൂബിലി വര്‍ഷത്തില്‍ ഏപ്രിൽ ഇരുപത്തിയഞ്ച് - ഇരുപത്തിയേഴ് ദിവസങ്ങളിലായി കൗമാരക്കാരുടെ ദിനം ആചരിക്കപ്പെടുന്നതിനോട് അനുബന്ധിച്ച് കാര്‍ളോയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുവാനാണ് നേരത്തെ തീരുമാനിച്ചിരിന്നത്.
ഫ്രാന്‍സിസ് പാപ്പ ദിവംഗതനായ പശ്ചാത്തലത്തില്‍ ജൂബിലി വാരാചരണവും മറ്റ് നാമകരണ നടപടികളും നീട്ടിവെയ്ക്കുവാന്‍ വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘത്തിന്റെ യോഗത്തില്‍ തീരുമാനമെടുക്കുകയായിരിന്നു. ഫ്രാൻസിസ് പാപ്പായുടെ അംഗീകാരത്തോടെ, വിശുദ്ധരുടെ നാമകരണച്ചടങ്ങുകൾക്കായുള്ള ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ച്, വാഴ്ത്തപ്പെട്ടവരുടെ നിലയിലേക്ക് ഉയർത്തുവാനായി തീരുമാനിച്ചിരുന്ന ധന്യപദവിയിലുണ്ടായിരുന്നവരുമായി ബന്ധപ്പെട്ട ചടങ്ങുകളും പുതിയ പാപ്പായെ തിരഞ്ഞടുത്ത ശേഷം അദ്ദേഹത്തിന്റെ കൂടി തീരുമാനപ്രകാരമായിരിക്കുമെന്ന് കർദ്ദിനാൾ സംഘം തീരുമാനിച്ചു.
പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ 24-ാം വയസിൽ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ യുവാവ് പിയേർ ജോർജ്യോ ഫ്രസ്സാത്തിയെ (1901-1925) ജൂലൈ 28 - ഓഗസ്റ്റിനു 3നും ഇടയിൽ വിശുദ്ധനായി നാമകരണം ചെയ്യുമെന്നു ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ചിരിന്നു. ജൂലൈ 28 മുതൽ ഓഗസ്റ്റ് മൂന്ന് വരെ തീയതികളിലായി യുവജനദിനവുമായി ബന്ധപ്പെട്ട സംഗമം നടത്തുന്നതിനിടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുവാനായിരിന്നു നീക്കം. ഇതിന് മുന്‍പായി കോണ്‍ക്ലേവില്‍ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ.
