News
ഇനി റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിൽ ലോക സമാധാനത്തിന്റെ 'പിയാത്ത'
ഫാ. ഡൊമിനിക്ക് മൂഴിക്കര ഓഐസി 26-04-2025 - Saturday
വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്കയിലെ പിയാത്ത ശില്പം പോലെ ഇനി സാന്താ മരിയ മേജർ ബസിലിക്കയിൽ പാപ്പ ഫ്രാൻസിസ് പരിശുദ്ധ അമ്മയുടെ മടിയിൽ അന്ത്യവിശ്രമം കൊള്ളും; ലോക സമാധാനത്തിൻ്റെ മധ്യസ്ഥ ശക്തിയാകും.
റോമിൽ നാല് മേജർ ബസലിക്കകളാണ് ഉള്ളത്. അവ സെൻ്റ് പീറ്റേഴ്സ്, സെൻ്റ് പോൾസ്, സെൻറ് ജോൺ ലാറ്ററൻ, സെൻ്റ് മേരി മേജർ എന്നിവയാണ്. സെൻ്റ് മേരി മേജർ ബസിലിക്കയുടെ നിർമ്മാണത്തെ സംബന്ധിച്ച് ഒരു ഐതിഹ്യമുണ്ട്. എഡി 358ൽ റോമിലെ എസ്ക്വീലിൻ കുന്നിൽ ആഗസ്റ്റിൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് പരിശുദ്ധ കന്യകാമറിയം സ്വപ്നത്തിൽ, അന്ന് മാർപാപ്പയായിരുന്ന ലൈബീരിയസിനും ജോൺ എന്ന മറ്റൊരാൾക്കും പ്രത്യക്ഷപ്പെട്ട് സന്ദേശം നല്‍കിയെന്നാണ് പാരമ്പര്യം.
മഞ്ഞുവീഴ്ചയുണ്ടാവുന്ന സ്ഥലത്ത് തനിക്കുവേണ്ടി ഒരു ദേവാലയം നിർമ്മിക്കാനും പരിശുദ്ധ കന്യാമറിയം ആവശ്യപ്പെട്ടു. അന്ന് നടന്ന അത്ഭുത മഞ്ഞു വീഴ്ചയിൽ ഉണ്ടായ സ്ഥലത്താണ് അഞ്ചാം നൂറ്റാണ്ടിൽ സെന്റ് മേരി മേജർ ബസിലിക്ക പണിയുന്നത്. എഡി 432നും, 440നുമിടയിൽ സിക്സ്റ്റസ് മൂന്നാമൻ മാർപാപ്പയാണ് ദേവാലയം നിർമ്മിക്കുന്നത്. 431ൽ നടന്ന എഫേസൂസ് സൂനഹദോസിൽ മറിയത്തെ ദൈവമാതാവായി പ്രഖ്യാപിച്ചതിനുശേഷമായിരുന്നു ദേവാലയ നിർമ്മാണത്തിന്റെ ആരംഭം. ഓഗസ്റ്റ് അഞ്ചിന് വർഷം തോറും ഈ സംഭവം അനുസ്മരിക്കപ്പെടുന്നു.
റോമൻ വാസ്തുശില്പവൈവിദ്ധ്യത്തെയും നവോത്ഥാനകാലഘട്ടത്തിലെ കലാനൈപുണ്യത്തെയും വിളിച്ചോതുന്ന അത്യുത്കൃഷ്ടമായ നിർമ്മിതിയാണ് ഈ ദേവാലയം. സാലസ് പോപ്പുളി റൊമാനി (റോമൻ ജനതയുടെ സംരക്ഷക) എന്ന് വിളിപേരുള്ള പരിശുദ്ധ മാതാവിൻ്റെ അതിമനോഹരമായ ബൈസന്‍റൈന്‍ ചിത്രം ഇവിടെയുണ്ട്. അത്ഭുത ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ചിത്രമാണത്. പ്രധാന അൾത്താരയ്ക്ക് താഴെ ബേദ്ലഹേമിലെ കാലിക്കൂട്ടിന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുണ്ട്.
ഒരു നൂറ്റാണ്ടിനിപ്പുറം വത്തിക്കാൻ പേപ്പൽ സെമിത്തേരിക്ക് പുറത്ത് കബറടക്കുന്ന പാപ്പയാണ് പോപ്പ് ഫ്രാൻസിസ്. 1903ൽ ലിയോ പതിമൂന്നാമൻ മാർപാപ്പായെ സെൻ്റ് ജോൺ ലാറ്ററൻ ബസലിക്കയിൽ അടക്കം ചെയ്തിട്ടുണ്ട്.
2013 ൽ പാപ്പ സ്ഥാനമേൽക്കുന്നതിന് മുമ്പ് അദ്ദേഹം മേരി ജേജർ ബസിലിക്കയിൽ എത്തിയിരുന്നു. തുടർന്നുള്ള തൻ്റെ വിദേശരാജ്യ സന്ദർശനത്തിന് മുമ്പും പിൻപും പാപ്പാ ബസിലിക്കയിൽ എത്തിയിരുന്നു. ഒടുവിൽ ജമേല്ലി ആശുപത്രി വാസത്തിനു ശേഷം ആദ്യമെത്തിയതും പരിശുദ്ധ അമ്മയുടെ മുൻപിലാണ്. അജപാലനത്തിൻ്റെ പന്ത്രണ്ട് വർഷങ്ങളിൽ ഏകദേശം നൂറിലധികം തവണ പാപ്പാ ഈ ബസിലിക്ക സന്ദർശിച്ചിട്ടുണ്ട്. ദൈവമാതാവും സഹരക്ഷകയും സമാധാനത്തിൻ്റെയും കരുണയുടെയും രാജ്ഞിയായ പരി. മറിയത്തിൻ്റെ കരവലയത്തിൽ നിരന്തരം തിരുസ്സഭയേയും ലോകത്തെയും പാപ്പാ സമർപ്പിച്ചിരുന്നു.
ദിവസവും നാല് ജപമാല പ്രാർത്ഥനകൾ ചൊല്ലിയിരുന്നതായി സാന്താമർത്തായിലെ ശുശ്രൂഷകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മരിയൻ മാതൃകയും വിചിന്തനങ്ങളും പരാമർശിക്കാത്ത ചാക്രിക ലേഖനങ്ങളോ അപ്പസ്തോലിക പ്രബോധനങ്ങളോ ഇല്ലെന്ന് വേണം പറയാൻ.
ഏപ്രിൽ 26-ാം തീയതി പ്രദേശിക സമയം രാവിലെ 10 ന് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്കും പ്രാർത്ഥനകൾക്കു ശേഷം പാപ്പയുടെ ഭൗതീകദേഹം സെൻ്റ് മേരി മേജർ ബസിലിക്കയിലേക്ക് സംവഹിക്കപ്പെടും. ബസിലിക്ക കവാടത്തിൽ പാപ്പായെ സ്വീകരിക്കുന്നത് അനാഥരുടെയും കുട്ടികളുടെയും അഭയാർത്ഥികളുടെയും സംഘമായിരിക്കുമെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. എപ്പോഴും ഉപേക്ഷിക്കപ്പെട്ടവരുടെ അഭയമാകാൻ ആഗ്രഹിച്ച ഫ്രാൻസിസ് പാപ്പയ്ക്ക് ഏറ്റവും ഉചിതമായ വരവേൽപ്പ്.
വലിയവനോ ചെറിയവനോ ഇല്ലാതെ, വൈജാത്യങ്ങളും വൈരുദ്ധ്യങ്ങളുമില്ലാതെ എപ്പോഴും സ്വർഗ്ഗം ലക്ഷ്യമാക്കി പ്രത്യാശയോടെ ഒരുമിച്ച് നടക്കാൻ ( walking together) ഉദ്ബോധിപ്പിച്ച ആധുനിക ലോകത്തിൻ്റെ ദൈവകര്യണയുടെ പ്രവാചകന് ചരിത്രം എന്നുമോർമ്മിക്കുന്ന യാത്രയയപ്പും.
തന്റെ വിൽപ്പത്രത്തിൽ കുറിച്ചതു പോലെ ' ഫ്രാൻസീസ്' എന്ന പേര് ആലേഖനം ചെയ്ത, അലങ്കാരങ്ങളില്ലാത്ത കല്ലറയിൽ ഇനി ഫ്രാൻസിസ് പാപ്പ മേജർ ബസിലിക്കയിൽ അമ്മ മടിയിൽ തലചായ്ക്കും. അമ്മ മറിയത്തിൻ്റെ ഈ സ്വന്തം പാപ്പ, മറിയത്തിന്റെ വിമലഹൃദയം തന്നെ അന്ത്യവിശ്രമ ഭവനമായി തിരഞ്ഞെടുത്തിരിക്കുന്നു.
( പിയാത്ത = മൈക്കിൾ ആഞ്ചലോയുടെ പരിശുദ്ധ അമ്മയുടെ മടിയിൽ കിടത്തിയിരിക്കുന്ന ചേതനയറ്റ ക്രിസ്തുവിൻ്റെ മാർബിൾ ശില്പം )
