News - 2025

ഫ്രാൻസിസ് പാപ്പ അവസാനത്തെ മാര്‍പാപ്പ എന്ന് പറഞ്ഞവരോട്...!

ജോസഫ് ദാസൻ 26-04-2025 - Saturday

വിശുദ്ധനായ പാപ്പ ദൈവസന്നിധിയിലേക്കു പോകുമ്പോൾ പുതിയ പാപ്പയ്ക്കുവേണ്ടി ലോകം മുഴുവൻ പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ഓർത്തിരിക്കേണ്ട ഒന്നുണ്ട്. പരിശുദ്ധ അമ്മയുടെ പേരിൽ പോലും വ്യാജം പ്രചരിപ്പിച്ചു ആവർത്തിച്ച് ആവർത്തിച്ചു ദുഷ്ടതകൾ മെനഞ്ഞെടുത്ത് വിശ്വാസികളെപ്പോലും വഴിതെറ്റിച്ച സംഘങ്ങളുടെ സാന്നിധ്യം. ഫ്രാന്‍സിസ് പാപ്പ അവസാനത്തെ പാപ്പ ആണെന്നും മറ്റൊരു സഭ ഉണ്ടാക്കുമെന്നും അവർ പറഞ്ഞു.

ഏക ലോക സർക്കാരിനും അന്തിക്രിസ്തുവിന്റെ വരവിനും വഴിവെക്കുമെന്നും വിശ്വാസികളെല്ലാം അവതാളത്തിലാകുമെന്നും പറഞ്ഞു. ഏതോ വിശുദ്ധൻ പറഞ്ഞത്രേ, ഇത് അവസാനത്തെ മാർപാപ്പ ആണെന്ന്. ഇങ്ങനെ എന്തെല്ലാം കല്പിത കഥകൾ കേൾപ്പിച്ചു കേരളത്തിൽ അമ്പതിനായിരത്തോളം അനുഭാവികളെ സൃഷ്ടിക്കാൻ അവർക്കു കഴിഞ്ഞു.

ഇന്നിതാ, ഒപ്പം നിന്നവരെല്ലാം ഒരു വിശുദ്ധനായിരുന്നു എന്ന് സാക്ഷിച്ചുകൊണ്ടു പാപ്പയുടെ ദേഹവിയോഗം. സഭയെ ദുർബലപ്പെടുത്താൻ വിശ്വാസികളെ ഇടയനിൽ നിന്നകറ്റുക എന്ന ഗൂഢതന്ത്രം പയറ്റുന്ന ശത്രുവിനെ തിരിച്ചറിയാൻ ഈ അവസരം ദൈവം അനുവദിച്ചിരിക്കുന്നു. പുതിയ പാപ്പാ വരുമ്പോൾ അവർ ഇനിയും വരും. മറ്റു പല പ്രവചന ഗ്രന്ഥങ്ങളും വിശ്വാസികളെ പറ്റിക്കാൻ പോരുന്ന ഉദ്ധരണികളുമായി. പാവങ്ങളുടെ പാപ്പ ഇവരെ തിരിച്ചറിയാൻ സഹായിക്കുന്ന ദൈവത്തിന്റെ ഉപകരണമായിരുന്നു എന്ന സത്യം മാത്രം ധ്യാനിക്കാനാണ് ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നത്.

പാപ്പയുടെ അന്ത്യകർമ്മങ്ങൾക്കായി തയ്യാറെടുക്കുമ്പോൾ നമ്മൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത യേശുവിന്റെ പ്രവചനം ഉണ്ട്. അതിന്മേൽ മറ്റൊരു പ്രവചനവും വെളിപാടും വാഴില്ല. സഭയ്‌ക്കെതിരെ നാരകീയ ശക്തികൾ പ്രബലപ്പെടില്ല എന്ന അവന്റെ വാക്കിന് മാറ്റമില്ല. യുഗാന്ത്യം വരെ കൂടെയുണ്ടെന്ന് വാക്കിനും. പിശാച് പോരാടും എന്ന് പറയാം, പക്ഷെ പ്രബലപ്പെടും എന്ന് ആര് പറഞ്ഞാലും അത് അവന്റെ പിണിയാളുകൾ മാത്രം. കാരണം പത്രോസിന്റെ സിംഹാസനം ഒരു പാറയാണെന്നു മാറ്റമില്ലാത്തവൻ പറഞ്ഞു. രണ്ടായിരം വർഷമായി മാറിപ്പോകാത്ത പത്രോസിന്റെ സിംഹാസനത്തിൽ ദൈവത്തിന്റെ കരം.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ തിരുവനന്തപുരത്തുവന്നപ്പോൾ ഞാൻ ഉറക്കെ വിളിച്ച മുദ്രാവാക്യം ഒരിക്കൽ കൂടി പറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പയുടെ ദൈവം ചൊരിഞ്ഞ നന്മകൾക്ക് നന്ദിപറഞ്ഞ്‌കൊണ്ടു നിർത്തട്ടെ, "വിവാ ഇൽ പാപ്പാ". 


Related Articles »