News - 2025
ഫ്രാൻസിസ് പാപ്പയുടെ മൃതസംസ്കാര ചടങ്ങിൽ കർദ്ദിനാൾ സംഘത്തിന്റെ ഡീന്‍ പങ്കുവെച്ച വികാരഭരിതമായ 8 വാചകങ്ങള്‍
പ്രവാചകശബ്ദം 27-04-2025 - Sunday
ഇന്നലെ വത്തിക്കാനിൽ ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്കാരത്തോട് അനുബന്ധിച്ച ദിവ്യബലിയിൽ കർദ്ദിനാൾ സംഘത്തിന്റെ ഡീൻ കർദ്ദിനാൾ ജിയോവാന്നി ബാത്തിസ്ത്ത റേ പങ്കുവെച്ച ഹൃദയസ്പർശിയായ എട്ടു ഉദ്ധരണികൾ ഇവിടെ പങ്കുവെക്കുന്നു.
1. “നമ്മുടെ കണ്ണുകളിലും ഹൃദയങ്ങളിലും നിലനിൽക്കുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രം, കഴിഞ്ഞ ഞായറാഴ്ച, ഈസ്റ്റർ ആഘോഷത്തിന്റെ ചിത്രമാണ്; ഫ്രാൻസിസ് മാർപാപ്പ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയിലും, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് നമുക്ക് അനുഗ്രഹം നൽകാൻ ആഗ്രഹിച്ചത്.”
2. “തന്റെ ബലഹീനതയും അവസാനകാലത്ത് കഷ്ടപ്പാടും ഉണ്ടായിരുന്നിട്ടും, ഫ്രാൻസിസ് മാർപാപ്പ തന്റെ ഭൗമിക ജീവിതത്തിന്റെ അവസാന ദിവസം വരെ ആത്മത്യാഗത്തിന്റെ ഈ പാതയിലൂടെ സഞ്ചരിക്കാൻ തിരഞ്ഞെടുത്തു (മാര്‍പാപ്പ പദവിയില്‍). തന്റെ ആടുകള്‍ക്കുവേണ്ടി സ്വന്തം ജീവൻ നൽകാൻ പോലും സ്നേഹിച്ച നല്ല ഇടയനായ തന്റെ കർത്താവിന്റെ കാൽച്ചുവടുകൾ അദ്ദേഹം പിന്തുടർന്നു.”
3. “എല്ലാവരോടും തുറന്ന ഹൃദയമുള്ള ഒരു മാർപാപ്പയായിരുന്നു അദ്ദേഹം”
4. “ഏറ്റവും ചെറിയവർക്കായി, പാർശ്വവത്കരിക്കപ്പെട്ടവർക്കായി തുറന്ന മനസോടെ തന്റെ ജീവിതത്തിൽ സ്ഥാനം നൽകിയ പാപ്പായാണ് ഫ്രാൻസിസ് പാപ്പ.
5. “സ്വതസിദ്ധമായ ഭാഷയിൽ, ആധുനിക ലോകത്തെ പ്രശ്നങ്ങളെ ഉയർത്തിക്കാട്ടുന്നതിനും വെല്ലുവിളികള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും നടുവിൽ ക്രിസ്ത്യാനികളായി ജീവിക്കുന്നതിനും പാപ്പ ഏവരെയും ആഹ്വാനം ചെയ്തുവെന്നത്, വലിയ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്” .
6. “ആഗോളവൽക്കരണ കാലത്തെ ഉത്കണ്ഠകളും കഷ്ടപ്പാടുകളും പ്രതീക്ഷകളും പങ്കിടുവാനും, ദുരിതങ്ങളോട് സംവേദനക്ഷമതയോടെ പ്രതികരിക്കുവാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അനേകർക്ക്, ആശ്വാസവും പ്രോത്സാഹനവും പ്രദാനം ചെയ്തിട്ടുണ്ട്” .
7. “ദൈവകരുണയുടെ പ്രവാചകനായിരുന്ന ഫ്രാൻസിസ് പാപ്പ, നമ്മോട് ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുത്തിട്ടില്ലെന്ന് ആവർത്തിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട്, നിരവധി തവണ കരുണയുടെ സുവിശേഷം ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ”.
8. "പ്രിയ ഫ്രാൻസിസ് പാപ്പ, കഴിഞ്ഞ ഞായറാഴ്ച ഈ ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് എല്ലാ ദൈവജനങ്ങള്‍ക്കുമായി അങ്ങ് ചെയ്തതുപോലെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ഞങ്ങൾ അപേക്ഷിക്കുന്നു; സ്വർഗ്ഗത്തിൽ നിന്ന് സഭയെ അനുഗ്രഹിക്കണമേ, റോമിനെ അനുഗ്രഹിക്കണമേ, ലോകം മുഴുവൻ അനുഗ്രഹിക്കണമേ."
