India - 2025
ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന രാജ്യാന്തര കോൺഗ്രസ് ഇന്നു മുതൽ മേയ് നാലുവരെ
പ്രവാചകശബ്ദം 28-04-2025 - Monday
ചങ്ങനാശേരി: ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ആറാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മെഷീൻ (ജിജിഎ) രാജ്യാന്തര കോൺഗ്രസ് ഇന്നു മുതൽ മേയ് നാലുവരെ ചെത്തിപ്പുഴ തിരുഹൃദയ പള്ളി, ക്രിസ്‌തുജ്യോതി കാമ്പസ്, മീഡിയ വില്ലേജ്, കാർമൽ മൗണ്ട് ധ്യാനകേന്ദ്രം എന്നിവിടങ്ങളിലായി നടത്തും. ഇന്ന് രാവിലെ ഒമ്പതിന് ഇറ്റാനഗർ ബിഷപ്പ് ഡോ. ബെന്നി വർഗീസ് വിശുദ്ധകുർബാന അർപ്പിച്ച് ദീപം തെളിക്കും. ഗുഡ്‌ഗാവ് ആർച്ച് ബിഷപ്പ് തോമസ് മാർ അന്തോനിയോസ്, ഇറ്റാനഗർ ബിഷപ്പ് എമിരിറ്റസ് റവ.ഡോ. ജോൺ തോമസ്, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ട് എന്നിവർ പ്രസംഗിക്കും.
ധ്യാനം, ഫിയാത്ത് മിഷനെ പരിചയപ്പെടുത്തുന്ന എക്‌സിബിഷനുകൾ, ബൈബിൾ എക്സ്പോ, രാജ്യാന്തര ചലച്ചിത്രമേള, ക്രിസ്തീയ സംഗീതനിശ, വിശ്വാസ പരിശീലക സംഗമം എന്നിവ രാജ്യാന്തര കോൺഗ്രസിൻ്റെ ഭാഗമായി നടത്തും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വിവിധ അതിരൂപത അധ്യക്ഷൻമാർ എന്നിവർ വിവിധ ദിവസങ്ങളിൽ സന്ദേശങ്ങൾ നൽകും.
രാജ്യാന്തര തലത്തിൽ പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ മിഷൻ രൂപതകളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും പരിപാടിയുടെ പ്രത്യേകതയാണ്. മിഷൻ രൂപതകളെ പ്രതിനിധീകരിച്ച് പ്രതിനിധിക ളും പങ്കെടുക്കും. ദിവസവും രാവിലെ ഒമ്പതിന് വിശുദ്ധകുർബാന, 24 മണിക്കറും ദിവ്യകാരുണ്യ ആരാ ധന, രാവിലെ 10 മുതൽ രാത്രി ഏഴുവരെ മിഷൻ എക്‌സിബിഷൻ, 7.30ന് ക്രിസ്‌തീയ സംഗീതനിശ, കാർളോ ദിവ്യാകാരുണ്യ എക്‌സിബിഷൻ, കാർളോ ക്വിസ് എന്നീ പരിപാടികൾ നടത്തും. പ്രവേശനവും ഭക്ഷണവും സൗജന്യമാണ്. പന്തലിന്റെ വെഞ്ചരിപ്പ് കർമം സിഎംഐ സഭയുടെ വികാർ ജനറൽ ഫാ.ജോസി താമരശേരി നിർവഹിക്കും.
