News - 2025
കോൺക്ലേവിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു: കര്‍ദ്ദിനാള്‍ സംഘത്തിന് വേണ്ടി ലോകമെങ്ങും പ്രാര്‍ത്ഥന
പ്രവാചകശബ്ദം 28-04-2025 - Monday
വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ അടുത്ത പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മെയ് ഏഴിന് ആരംഭിക്കുവാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കര്‍ദ്ദിനാള്‍ സംഘത്തിന് വേണ്ടി ലോകമെങ്ങും പ്രാര്‍ത്ഥന ഉയരുന്നുണ്ട്. കോൺക്ലേവിനുള്ള ഒരുക്കങ്ങൾ തുടങ്ങാനുള്ളതിനാൽ, സിസ്റ്റൈൻ ചാപ്പൽ പൊതുജനങ്ങൾക്കായി തുറക്കുന്നതല്ലായെന്ന് വത്തിക്കാൻ അറിയിച്ചു. എൺപത് വയസ്സിന് താഴെയുള്ള കർദ്ദിനാൾമാരാണ് വോട്ടവകാശം ഉള്ളവർ. കോൺക്ലേവ് തുടങ്ങുന്നതോടെ, വോട്ടവകാശം ഉള്ളവർ പൊതുസമൂഹത്തിൽ നിന്നുമുള്ള ബന്ധങ്ങളിൽ നിന്ന് വിട്ടു നിന്നുകൊണ്ട്, പ്രാർത്ഥനാപൂർവ്വമായ ഒരു ജീവിതത്തിലേക്ക് കടക്കും.
അഞ്ചാമത്തെ പൊതു സമ്മേളനത്തിൽ നൂറ്റിഎണ്‍പതോളം കർദിനാൾമാരാണ് സംബന്ധിച്ചത്. ഇതിൽ നൂറോളം പേര് വോട്ടവകാശം ഉള്ളവരുമാണ്. പാപ്പയുടെ മരണശേഷം പതിനഞ്ച്- ഇരുപതു ദിവസങ്ങൾക്കുള്ളിലാണ് കോൺക്ലേവ് ആരംഭിക്കുന്നത്. വോട്ടവകാശമുള്ള കർദ്ദിനാളുമാർ സന്നിഹിതരാണെന്ന് ഉറപ്പാണെങ്കിൽ, കോൺക്ലേവ് ആരംഭിക്കാനുള്ള അധികാരം, നോർമാസ് നോന്നുല്ലസ് എന്ന മൊത്തു പ്രോപ്രിയോ വഴിയായി കർദ്ദിനാൾ സംഘത്തിന് നൽകുന്നു.
മെയ് 7 ബുധനാഴ്ച രാവിലെ, എല്ലാവരും "പ്രോ എലിജെൻഡോ പൊന്തിഫൈസ്" എന്ന പാരമ്പര്യമായ ദിവ്യബലി, കർദ്ദിനാൾ സംഘത്തിന്റെ തലവന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കും. തുടർന്ന് സിസ്റ്റൈൻ ചാപ്പലിലേക്ക്, സകലവിശുദ്ധരുടെയും ലുത്തീനിയയുടെ അകമ്പടിയോടെ പ്രദക്ഷിണമായി കടക്കുകയും, പ്രതിജ്ഞ എടുക്കുകയും ചെയ്യും. പിന്നീട്, പുതിയ പാപ്പായെ തിരഞ്ഞെടുക്കുവാനുള്ള പ്രാർത്ഥനാപൂർവ്വമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ്, പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കപ്പെടുവാൻ ആവശ്യമായ വോട്ടുകൾ.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
