News - 2025
വിജയ കിരീടത്തില്‍ മഹത്വം യേശുവിന്; ടി ഷര്‍ട്ട് ധരിച്ച് ലിവര്‍പ്പൂള്‍ താരത്തിന്റെ ആഹ്ളാദ പ്രകടനം
പ്രവാചകശബ്ദം 30-04-2025 - Wednesday
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്കുള്ള ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച ലിവർപൂളിന്റെ ഫോർവേഡ് താരം കോഡി ഗാക്പോ യേശു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പ്രകടിപ്പിച്ചു നടത്തിയ ആഹ്ളാദ പ്രകടനം ചര്‍ച്ചയായി. ആൻഫീൽഡിൽ ടോട്ടൻഹാമിനെതിരെ നിര്‍ണയകമായ ഗോള്‍ നേടിയ ശേഷം, ഡച്ച് കളിക്കാരനായ കോഡി ഗാക്പോ ഉടൻ തന്നെ തന്റെ ലിവർപൂൾ ടി ഷർട്ട് ഊരിമാറ്റി "ഞാൻ യേശുവിന്റേതാണ്" എന്നെഴുതിയ വെളുത്ത വസ്ത്രം കാണികളെ കാണിക്കുകയായിരിന്നു.
2007-ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ലിവർപൂളിനെതിരെ നേടിയ വിജയത്തിന് ശേഷം ബ്രസീലിയൻ ഫുട്ബോൾ കളിക്കാരൻ കക്ക എന്ന പേരിൽ കൂടുതലായി അറിയപ്പെടുന്ന റിക്കാർഡോ സെക്ക്സൺ ധരിച്ചിരുന്ന ടി ഷർട്ടിനു സമാനമായാണ് കോഡി ഗാക്പോയും ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യമേകിയത്. ഗാക്പോ തന്റെ ഷർട്ട് പുറത്തെടുത്ത് ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു ആഘോഷം നടത്തിയതിന്, റഫറി ടോം ബ്രമാൽ അദ്ദേഹത്തിന് മഞ്ഞക്കാർഡ് നല്‍കിയിരിന്നു.
കളിക്കാരുടെ വസ്തുക്കളില്‍ രാഷ്ട്രീയമോ മതപരമോ വ്യക്തിപരമോ ആയ മുദ്രാവാക്യങ്ങളോ പ്രസ്താവനകളോ ചിത്രങ്ങളോ ഉണ്ടാകരുതെന്ന ഫിഫ നിയമം ചൂണ്ടിക്കാട്ടിയാണ് മഞ്ഞക്കാര്‍ഡ്. കിരീടനേട്ടം സ്വന്തമായ വിജയത്തിന് ശേഷം സ്റ്റേഡിയത്തിലെ കാണികളെ വലംവെച്ചു നടന്നു നീങ്ങിയപ്പോഴും "ഞാൻ യേശുവിന്റേതാണ്" ടി ഷര്‍ട്ട് അദ്ദേഹം ധരിച്ചിരിന്നു. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
