News - 2025
പ്രമുഖ അമേരിക്കൻ മോഡല്‍ കാരി പ്രെജീൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു
പ്രവാചകശബ്ദം 02-05-2025 - Friday
കാലിഫോര്‍ണിയ: പ്രമുഖ അമേരിക്കൻ മോഡലും മുൻ മിസ് കാലിഫോർണിയ യുഎസ്എയുമായ കാരി പ്രെജീൻ ബോളർ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. കത്തോലിക്ക വിശ്വാസം സ്വീകരിച്ച കാര്യം താരം തന്നെയാണ് നവമാധ്യമങ്ങളിലൂടെ ലക്ഷകണക്കിന് വരുന്ന ഫോളോവേഴ്സിനെ അറിയിച്ചത്. സത്യ വിശ്വാസത്തിലേക്കുള്ള യാത്രയില്‍ താരം ആഹ്ളാദം പ്രകടിപ്പിച്ചു. "താൻ ഒടുവിൽ വീട്ടിലെത്തി" എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് ചിത്രം സഹിതം കാരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചത്. വിശുദ്ധ ഫ്രാൻസെസ് സേവ്യർ കാബ്രിനിയുടെ നാമം പ്രത്യേകമായി തിരഞ്ഞെടുത്തുവെന്നും അവർ വെളിപ്പെടുത്തി.
“ഇന്നലെ ഈസ്റ്റർ വിജിലില്‍, ഏകവും സത്യവും പരിശുദ്ധവും അപ്പസ്തോലികവുമായ കത്തോലിക്കാ സഭയിലേക്ക് എന്നെ സ്വാഗതം ചെയ്തു. ജ്ഞാനസ്നാനം, സ്ഥൈര്യലേപനം, വിശുദ്ധ കുർബാന, കുമ്പസാരം, എന്നീ കൂദാശകൾ എനിക്ക് ലഭിച്ചു. ദൈവത്തിന് നന്ദി. ക്രിസ്തു രാജാവാണ്. ഇതാ ഞാൻ, കർത്താവേ..! ഒടുവിൽ ഞാൻ വീട്ടിലെത്തി. ഇറ്റലിയിൽ നിന്നുള്ള ആദ്യത്തെ അമേരിക്കൻ വിശുദ്ധയായ വിശുദ്ധ ഫ്രാൻസെസ് കാബ്രിനിയുടെ നാമമാണ് എന്റെ ജ്ഞാനസ്നാന സ്ഥിരീകരണ നാമം. ഔവർ ലേഡി ഓഫ് ദി റോസറി ദേവാലയത്തില്‍ എന്നെ ഇരുകൈകളും നീട്ടി സ്വീകരിച്ച ഫാ. ജോയ്ക്കു നന്ദി". - താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കാലിഫോര്‍ണിയയിലെ ഔവർ ലേഡി ഓഫ് ദി റോസറി ദേവാലയത്തില്‍ നിന്നാണ് താരം കത്തോലിക്ക വിശ്വാസത്തെ പുല്‍കിയത്. ഇൻസ്റ്റാഗ്രാമിലും എക്സിലും പ്രെജീൻ ബോളറുടെ പോസ്റ്റുകള്‍ വൈറലാണ്. ഇവാഞ്ചലിക്കല്‍ കുടുംബത്തില്‍ ജനിച്ച പ്രെജീൻ, ടാർഗെറ്റ്, ബ്ലൂമിംഗ്ഡെയ്ൽസ്, സാക്സ് ഫിഫ്ത്ത് അവന്യൂ, നോർഡ്സ്ട്രോം തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്ക് മോഡലായി പ്രവർത്തിച്ച വ്യക്തിയാണ്. മിസ് കാലിഫോർണിയ യുഎസ്എ കിരീടം നേടിയ അവര്‍ മുൻ എൻഎഫ്എൽ ക്വാർട്ടർബാക്ക് കൈൽ ബോളറെയാണ് വിവാഹം ചെയ്തത്.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
