News - 2025

കൈപ്പൻപ്ലാക്കലച്ചൻ; പാവങ്ങളുടെ സുവിശേഷം

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 04-05-2025 - Sunday

ആ ഞായറാഴ്ച പാലാ പട്ടണം കരഞ്ഞു. അസാധാരണമായ രീതിയില്‍ പാവങ്ങള്‍ക്ക് വേണ്ടി ദൈവത്തിനു മുമ്പില്‍ കരഞ്ഞ ഒരു മനുഷ്യന്റെ ദേഹവിയോഗത്തില്‍ പാല നെടുവീര്‍പ്പെട്ടു. പാവങ്ങളെ നെഞ്ചോടു ചേര്‍ത്തുപിടിച്ച ഒരു നല്ലിടയന്‍ ദൈവപിതാവിന്റെ മടിയിലേക്കു മടങ്ങി. 2014 മെയ് 4 ഞായറാഴ്ച രാവിലെ 11:30 ഉത്ഥിതനില്‍ ഉയിര്‍ക്കാന്‍ പാവങ്ങളുടെ സ്വന്തം ഫാ. കൈപ്പന്‍പ്ലാക്കല്‍ അബ്രാഹമച്ചന്‍ നിത്യതയില്‍ ചേര്‍ന്നു. ആ പാവനാത്മാവ് പറന്നകന്നിട്ട് ഇന്നു 11 വര്‍ഷം തികയുന്നു.

'എന്റെ മക്കളെ, പാവങ്ങളെ മറക്കരുത്. പാവങ്ങളെ മറന്നാല്‍ ദൈവം നമ്മെ മറക്കും; പാവങ്ങള്‍ നമ്മുടെ സമ്പത്താണ്. പാവങ്ങള്‍ ദൈവത്തിന്റെ കൂദാശയാണ്. പ്രിയ മക്കളെ, നിങ്ങള്‍ വളര്‍ന്നു പോയേക്കാം. എന്നാല്‍ നിങ്ങളുടെ സമ്പത്ത് പാവങ്ങളാണെന്ന് ഓര്‍ക്കുക.' കരുണയുടെ സുവിശേഷഷത്തിന് ജീവിതംകൊണ്ട് വ്യാഖ്യാനം നല്‍കിയ ബഹു. അബ്രാഹം കൈപ്പന്‍പ്ലാക്കലച്ചന്‍ തന്റെ ആത്മപ്രിയരായ സ്‌നേഹഗിരിമക്കളെ ഓര്‍മ്മിപ്പിച്ചതാണ് ഈ വാക്കുകള്‍

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം CCC 2444 നമ്പറില്‍ 'സഭയ്ക്ക് ദരിദ്രരോടുള്ള താത്പര്യം അവളുടെ നിരന്തരമായ പാരമ്പര്യത്തിന്റെ ഭാഗമാണ്.' സുവിശേഷ ഭാഗ്യങ്ങളുടെയും, യേശുവിന്റെ ദാരിദ്ര്യത്തിന്റെയും, ദരിദ്രരോടു അവിടുത്തേക്കുള്ള താത്പര്യത്തിന്റെയും സുവിശേഷത്താല്‍ പ്രചോദിതമാണ് ഈ സ്‌നേഹം. ദരിദ്രരോടുള്ള താത്പര്യം അദ്ധ്വാനിക്കാനുള്ള കടമയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. 'ആവശ്യത്തില്‍ പ്പെട്ടവര്‍ക്കു സഹായം നല്‍കാന്‍' വേണ്ടിയാണത്. എന്നു പഠിപ്പിക്കുന്നു.

പാലാ ളാലം സെന്റ് മേരീസ് പള്ളിയില്‍ വികാരിയായി ശുശ്രൂഷ ചെയ്യുന്ന അവസരത്തില്‍ ബഹു. അബ്രാഹം അച്ചന്‍ പാലാ പട്ടണത്തില്‍ അലഞ്ഞു തിരിയുന്ന അനാഥ ബാല്യങ്ങളെ കണ്ട് മനസ്സലിഞ്ഞ് 1959 ഏപ്രില്‍ 5-ന് പാലായില്‍ ''ബോയ്സ് ടൗണ്‍' എന്ന സ്ഥാപനം ആണ്‍കുട്ടികള്‍ക്കായും 1963 ആഗസ്റ്റ് 15-ന് അച്ചന്റെ സ്വന്തം ഇടവകയായ കൊഴുവനാലില്‍ 'ഗേള്‍സ് ടൗണ്‍' എന്ന സ്ഥാപനം പെണ്‍കുട്ടികള്‍ക്കായും അച്ചന്‍ തുടങ്ങി. വിദ്യാഭ്യാസവും സംരക്ഷണവും ലഭിക്കുവാന്‍ സാഹചര്യമില്ലാത്ത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്ക് വേണ്ടത്ര സുരക്ഷിതത്വവും സംരക്ഷണവും നല്‍കുക, അവരെ സ്‌നേഹിച്ചു വളര്‍ത്തുക, വിദ്യഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കി അവരെ സ്വയം പര്യാപ്തതയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അച്ചന്‍ ഈ സ്ഥാപനങ്ങള്‍ ആരംഭിച്ചത്.

ഈ ലോകത്ത് കരുണയുടെ മനോഹാരിതാ തീര്‍ക്കാന്‍ പാലാ രൂപതയുടെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ പാലായിലെ പരുമലക്കുന്നില്‍ സ്‌നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന് 1969 മെയ് 24-ന് രൂപം നല്‍കി. വിശുദ്ധ കുര്‍ബാനയില്‍ നിന്നും ചൈതന്യം സ്വീകരിച്ചുകൊണ്ട് ഈശോയോട് ചേര്‍ന്ന് ഈശോയുടെ പാവങ്ങള്‍ക്കായുള്ള സ്വയം അര്‍പ്പണമാണ് മിഷനറി സന്യാസിനെ സമൂഹത്തിന്റെ കാരിസം.

''ഒരു സ്‌നേഹഗിരി മിഷനറി സന്യാസിനീ സ്‌ക്രാരിയിലും, ബലിപീഠത്തിലും ദിവ്യകാരുണ്യ സ്വീകരണത്തിലുമുള്ള ഈശോയെ കണ്ടുകൊണ്ടുമാത്രം തൃപ്തിപ്പെടരുത്, നടന്ന് കഷ്ടപ്പെട്ടും, അദ്ധ്വാനം കൊണ്ടു വലഞ്ഞും, സങ്കടത്താല്‍ കരഞ്ഞും, ആവലാതി പറഞ്ഞും ആ തെരുവീഥിയില്‍ക്കൂടി ആ ഊടുവഴികളില്‍ക്കൂടി കടന്നുപോകുന്ന ഓരോ സഹോദരങ്ങളിലും മറഞ്ഞിരി ക്കുന്ന ഈശോ നമ്മെ തുറിച്ചു നോക്കുന്നു. അവര്‍ക്ക് നാം ആശ്വാസം കൊടുക്കണം. അതാണ് ആ നോട്ടത്തിന്റെ ലക്ഷ്യം. സംസാരിക്കാത്ത, മറുപടി പറയാത്ത ക്രിസ്തുവിനെ കാണുവാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ഒരു സ്‌നേഹഗിരി മിഷനറി സന്യാസിനി സംസാരിക്കുന്ന, മറുപടി പറയുന്ന ക്രിസ്തുവിനെ കാണണം. അതാണ് അവളുടെ ലക്ഷ്യം.'' എന്ന് അച്ചന്‍ സഹോദരിമാരെ ഓര്‍മ്മിപ്പിച്ചിരുന്നു. 'Jesus Alone'. ഈശോ മാത്രം എന്നതാണ് സ്‌നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ ആപ്തവാക്യം ഈ ആദര്‍ശ വാക്യത്തെ അബ്രാഹച്ചന്‍ 1970 ല്‍ സിസ്റ്റേഴ്‌സിനു നല്‍കിയ ക്ലാസ്സില്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: 'ഈശോ മാത്രമാകുന്നു നമ്മുടെ സഹായ കവും ശക്തിയും. ആശ്വാസങ്ങള്‍ നഷ്ടപ്പെടാം... സന്തോഷങ്ങള്‍ ദുഃഖമായി മാറാം....അധികാരി കള്‍ നമ്മെ തെറ്റിദ്ധരിച്ചേക്കാം... കൂട്ടുകാര്‍ നമ്മെ ഉപേക്ഷിച്ചേക്കാം... മറ്റുള്ളവര്‍ വിമര്‍ശിച്ചേ ക്കാം... സ്ഥാനമാനങ്ങള്‍ കൈവിട്ടു പോയേക്കാം... രോഗം നമ്മെ അലട്ടിയേക്കാം... പ്രലോഭന ങ്ങള്‍ നമ്മെ ശല്യപ്പെടുത്തിയേക്കാം. മനഃസ്സമാധാനം ഇല്ലാതായേക്കാം... എന്നാല്‍ നമ്മുടെ ഉറ്റ സ്‌നേഹിതനായ ഈശോ നമ്മെ നയിക്കുവാന്‍ നമ്മോടൊപ്പമുണ്ട്. അപ്പോള്‍ നാം ഈശോയോ ടുകൂടി മാത്രമാണ് എന്ന അനുഭവം നമുക്കുണ്ടാകും.'

മറ്റൊരിക്കല്‍ 'വത്സല മക്കളേ, നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്ത ഏക സ്‌നേഹിതന്‍ ഈശോ മാത്രമാണ്. നാം എവിടെ ചെന്നാലും, ഒരിക്കലും നമ്മെ വിട്ടുപിരിയാത്ത യാതൊരു മാറ്റവുമി ല്ലാത്ത അനര്‍ഗ്ഗളമായ സ്‌നേഹം നമ്മിലേക്ക് ചൊരിയുന്ന ഏക വ്യക്തി ഈശോ മാത്രമാണ്. ഈശോയെ ഹൃദയം നിറച്ച് സ്‌നേഹിക്കുക.' എന്നും അച്ചന്‍ ഓര്‍മ്മിപ്പിക്കുന്നു. കാരുണ്യത്തിന്റെ നീരുറവ മനുഷ്യഹൃദയങ്ങളിലേക്ക് വീണ്ടും ഒഴുക്കാന്‍ കൈപ്പന്‍പ്ലാക്കലച്ചന്‍ 1994-ല്‍ മലയാറ്റൂരില്‍ 'ദൈവദാന്‍ സന്യാസിനീ സമൂഹം' സ്ഥാപിച്ചു.

അബ്രാഹമച്ചന്റെ മൃതസംസ്‌കാര വേളയില്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കത്തോലിക്കാബാവാ പറഞ്ഞതുപോലെ, ''ഫ്രാന്‍സീസ് മാര്‍പാപ്പാ, നമ്മുടെ ദേശത്ത് എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇവിടെ വന്ന് അച്ചന് അന്തി മോപചാരമര്‍പ്പിക്കുമായിരുന്നുവെന്നതിന് യാതൊരു സംശയവുമില്ല. കാരണം അത്രമാത്രം ധന്യമാണ് ഈ ജിവിതം.'

ദരിദ്രര്‍ക്കുനേരെയുള്ള ഈശോയുടെ പ്രത്യേക സ്‌നേഹത്തെ കാരുണ്യത്തിന്റെ ജീവ സുവിശേഷമാക്കാന്‍ ഫ്രാന്‍സീസ് പാപ്പാ കരുണയുടെ ജൂബിലി വര്‍ഷം സമാപിച്ചവസരത്തില്‍ ലോകം മുഴുവനുമുള്ള ക്രിസ്തീയ വിശ്വാസികള്‍ ക്രിസ്തുവിന്റെ ഉപവിയുടെ ഉന്നതരായ സാക്ഷികളായി മാറാന്‍ ഉപകരിക്കട്ടെ എന്ന ഉദ്ദേശത്തോടെ ദരിദ്രര്‍ക്കായുള്ള ആഗോള ദിനം 2017 ല്‍ സ്ഥാപിച്ചു. ദരിദ്രര്‍ ഒരു വിഷമപ്രശ്‌നമല്ല പ്രത്യുതാ സുവിശേഷത്തിന്റെ സത്തയെ മനസ്സിലാക്കാനും, പ്രായോഗീകമാക്കാനും സമുക്ക് ലഭിക്കുന്ന സ്രോതസ്സാണന്നു പാപ്പാ പഠിപ്പിച്ചു.

വല്ലപ്പോഴുമുള്ള ഒരു സേവന പ്രവര്‍ത്തനമല്ല; ദരിദ്രരുമായുള്ള സത്യസന്ധമായ കണ്ടുമുട്ടലും പങ്കുവയ്പ്പും ഒരു ജീവിതരീതിയായി മാറ്റണമെന്നും. ഈ പ്രവര്‍ത്തികളിലാണ് നമ്മുടെ പ്രാര്‍ത്ഥനയുടെയും, ശിഷ്യത്വത്തിലേക്കുള്ള യാത്രയുടെയും, മാനസാന്തരത്തിന്റെയും സുവിശേഷ സത്യം നിര്‍ണ്ണയിക്കപ്പെടുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചിരുന്നു.

ഇവിടെയാണ് നമ്മള്‍ നമ്മുടെ കരം കൊണ്ട് ഈശോയുടെ ശരീരം സ്പര്‍ശിക്കുന്നത്. അതിനാല്‍ ബഹു. കൈപ്പന്‍പ്ലാക്കല്‍ അച്ചന്‍ പറയുന്നതുപോലെ 'ഒരു നനഞ്ഞ കൈത്തൂവാലയായി വേദനിക്കുന്നവരിലേക്ക് ഈശോയുടെ സ്‌നേഹവുമായി നാം കടന്നുചെല്ലണം. ആശ്വാസമില്ലാതെ അലയുന്ന ആത്മാക്കളെ ചേര്‍ത്തുപിടിച്ച് ആശ്വ സിപ്പിച്ച് - സന്തോഷിപ്പിച്ച്, അവരുടെ കണ്ണീരൊപ്പിയ ആ ആര്‍ദ്രഹൃദയമാകുന്ന തൂവാലയും കൊണ്ടായിരിക്കണം അനുദിന ദിവ്യബലിയില്‍ നാം ഈശോയെ സമീപിക്കുവാന്‍.'

ദിവ്യകാരുണ്യ അള്‍ത്താരയില്‍ നിന്നും ദൈവത്തിന്റെ സ്‌നേഹം മുഴുവനും വാങ്ങിച്ചെടുത്ത് പാവങ്ങള്‍ക്കായി മുറിച്ചു നല്‍കിയ വന്ദ്യ പുരോഹിത ശ്രേഷ്ഠാ പ്രണാമം.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »