News
കോണ്‍ക്ലേവ് ആരംഭിച്ചു; ഇത് പ്രാര്‍ത്ഥനയുടെ മണിക്കൂറുകള്‍
പ്രവാചകശബ്ദം 07-05-2025 - Wednesday
വത്തിക്കാന്‍ സിറ്റി; ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന് തുടക്കമായി. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിയോടെ പേപ്പൽ ഭവനത്തിലെ പൗളിൻ ചാപ്പലിൽ നിന്ന്, സകലവിശുദ്ധരുടെയും ലുത്തീനിയ ആലപിച്ചുക്കൊണ്ട് കര്‍ദ്ദിനാളുമാര്‍ സിസ്റ്റൈന്‍ ചാപ്പലിലേക്ക് എത്തി. 71 രാജ്യങ്ങളിൽനിന്നുള്ള 133 കർദ്ദിനാൾ ഇലക്‌ടർമാർ പ്രദക്ഷിണമായാണ് സിസ്റ്റൈൻ ചാപ്പലിലേക്ക് പ്രവേശിച്ചത്.
ഓരോരുത്തര്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരിന്നു. സിസ്റ്റൈന്‍ ചാപ്പലില്‍ എത്തിയതിനു ശേഷം “വേനി ക്രെയാത്തോർ സ്പീരിത്തൂസ്” എന്ന റൂഹാക്ഷണ പ്രാർത്ഥന ഗീതം ആലപിച്ചു. തുടർന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പ്രാര്‍ത്ഥന നടത്തി. പ്രാര്‍ത്ഥന ഇപ്രകാരമായിരിന്നു, “അങ്ങയുടെ സഭയെ നയിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പിതാവേ, അങ്ങയുടെ ദാസന്മാർക്ക് വിവേകത്തിന്റെയും സത്യത്തിന്റെയും സമാധാനത്തിന്റെയും ആത്മാവിനെ നൽകണമേ, അങ്ങനെ അവർ അങ്ങയുടെ ഇഷ്ടം അറിയാനും പൂർണ്ണ ഭക്തിയോടെ അങ്ങയെ സേവിക്കാനും പരിശ്രമിക്കും. ഞങ്ങളുടെ കർത്താവായ ക്രിസ്തുവിലൂടെ. ആമേൻ.”
( ഈ ന്യൂസ് അപ്ഡേറ്റു ചെയ്യുന്ന സമയം 08:30നു സത്യപ്രതിജ്ഞ നടക്കുന്നു). ഇവയുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ ലഭ്യമാക്കിയിട്ടുണ്ട്. ആദ്യ വോട്ടെടുപ്പ് അല്‍പ്പസമയത്തിനകം (ഇന്ത്യൻ സമയം രാത്രി 9ന്) നടക്കും. സിസ്റ്റൈൻ ചാപ്പലിന് മുകളിൽ സ്ഥാപിച്ച പുകക്കുഴലിലേക്കാണ് ഇനി സര്‍വ്വ കണ്ണുകളും. കോണ്‍ക്ലേവ് ആരംഭിച്ചതിന് ശേഷം എല്ലാ കണ്ണുകളുടെയും ശ്രദ്ധാകേന്ദ്രമാകുന്ന ഫല സൂചന നല്‍കുന്ന പുകക്കുഴലാണിത്. വോട്ടെടുപ്പിനു ശേഷവും കറുത്ത പുകയാണ് വരുന്നതെങ്കില്‍ ഇതുവരെ പാപ്പയെ തെരഞ്ഞെടുത്തിട്ടില്ലായെന്നും വെളുത്ത പുകയാണ് വരുന്നതെങ്കില്‍ പുതിയ പാപ്പയെ തെരഞ്ഞെടുത്തുവെന്നും പ്രതീകാന്മകമായി അറിയിക്കുന്ന സംവിധാനമാണ് ഇത്. ഇന്ത്യൻ സമയം ഇന്നു രാത്രി പത്തരയോടെ ആദ്യ ഫലം അറിയാനാകുമെന്നാണ് സൂചന. നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രാർത്ഥന
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, തിരുസ്സഭയെ നയിക്കുകയും ഭരിക്കുകയും ചെയ്‌തതിനുശേഷം ഞങ്ങളിൽ നിന്നു വേർപിരിഞ്ഞുപോയ ഫ്രാൻസിസ് മാർപാപ്പായെ, സ്വർഗ്ഗരാജ്യത്തിൽ മഹത്ത്വത്തിന്റെ കിരീടമണിയിക്കണമേ. മിശിഹായുടെ പ്രതിനിധിയും സഭയുടെ തലവനുമായി, പുതിയ മാർപാപ്പായെ തെരഞ്ഞെടുക്കുവാൻ പോകുന്ന ഈ ഘട്ടത്തിൽ, സഭാ നേതൃത്വത്തിന്റെ മേൽ പരിശുദ്ധാത്മാവിനെ ആവസിപ്പിക്കണമേ. ശ്ലീഹന്മാരുടെ ഗണത്തിലേക്ക് മത്തിയാസിനെ തെരഞ്ഞെടുക്കുവാൻ വേണ്ടി, പരി. കന്യകാമാതാവിൻ്റെ സംരക്ഷണയിൽ സമ്മേളിച്ചു പ്രാർത്ഥിച്ച അപ്പസ്തോലന്മാരെ അങ്ങയുടെ പരിശുദ്ധാരൂപിയിൽ നിറച്ചതുപോലെ, കർദ്ദിനാൾ തിരുസ്സംഘത്തിലെ ഓരോ അംഗത്തെയും, ദിവ്യചൈതന്യംകൊണ്ടു നിറയ്ക്കണമേ. ലോകം മുഴുവൻറെയും മനഃസാക്ഷിയും വഴികാട്ടിയുമായി വർത്തിക്കേണ്ട തിരുസ്സഭയെ പഠിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനും ഭരിക്കുവാനും നയിക്കുവാനും വേണ്ടി, വിജ്ഞാനവും വിശുദ്ധിയും കഴിവും വിവേകവുമുള്ള സഭാതലവനെ തെരഞ്ഞെടുക്കുന്നതിന് അവർക്കു പ്രചോദനമരുളണമേ. അങ്ങനെ അങ്ങയുടെ ദിവ്യപ്രേരണയാൽ തെരഞ്ഞെടുക്കപ്പെടുന്ന പുതിയ മാർപാപ്പായെ സഭാസന്താനങ്ങളും ലോകം മുഴുവനും സർവ്വാത്മനാ അംഗീകരിക്കുവാനും അനുസരിക്കുവാനും, അങ്ങു തന്നെ ഇടയാക്കുകയും ചെയ്യണമേ. ആമേൻ.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
