News

സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ കറുത്ത പുക; തെരഞ്ഞെടുപ്പ് ഫലമായില്ല, കോണ്‍ക്ലേവ് തുടരും

പ്രവാചകശബ്ദം 08-05-2025 - Thursday

വത്തിക്കാന്‍ സിറ്റി: ലോകം ആകാംക്ഷയോടെ കാത്തിരിന്ന പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ ആദ്യ റൌണ്ട് വോട്ടെടുപ്പിൽ ഫലമില്ല. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വോട്ടെടുപ്പു പ്രക്രിയയിൽ ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനായില്ല. മാർപാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് ഇറ്റാലിയൻ സമയം ഒൻപതു മണിയോടെ (ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12.30) സിസ്റ്റൈന്‍ ചാപ്പലിനു മുകളിൽ ഘടിപ്പിച്ച പുകക്കുഴലിൽ നിന്ന് ഉയർന്നത്. കറുത്ത പുകയാണെങ്കിൽ മാർപാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കിൽ മാർപാപ്പയെ തിരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്.

ഫ്രാൻസിസ് മാർപാപ്പയുടെ ധ്യാനഗുരുവായിരുന്ന കർദിനാൾ കാന്താലമെസേ പങ്കു വച്ച ധ്യാനചിന്തകൾക്കു പിന്നാലെയായിരുന്നു ആദ്യ വോട്ടെടുപ്പ്, കോൺക്ലേവിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനാണ് അധ്യക്ഷത വഹിച്ചത്. വത്തിക്കാന്‍ സമയം എഴുമണി മുതല്‍ ഏകദേശം നാല്‍പ്പതിനായിരത്തോളം പേരാണ് ഫലമറിയുവാന്‍ ഏറെ പ്രാര്‍ത്ഥനയോടെ വത്തിക്കാന്‍ ചത്വരത്തില്‍ കാത്തിരിന്നതെന്ന് വത്തിക്കാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യൻ സമയം രാത്രി പത്തരയോടെ ആദ്യ ഫലം അറിയാനാകുമെന്നാണ് ലഭിച്ചിരിന്ന വിവരമെങ്കിലും രണ്ടു മണിക്കൂറുകള്‍ക്കു ശേഷമാണ് മാർപാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുക പുറത്തുവന്നത്. ഇന്ന് വോട്ടെടുപ്പ് വീണ്ടും തുടരും. വോട്ടവകാശമുള്ള 133 കർദ്ദിനാൾമാരാണു കോൺക്ലേവിൽ പങ്കെടുക്കുന്നത്. 89 വോട്ട് അഥവാ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാൾ വിശുദ്ധ പത്രോസിന്റെ അടുത്ത പിന്‍ഗാമിയാകും.



പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »