News
വീണ്ടും കറുത്ത പുക: പുതിയ പാപ്പയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു, പ്രാര്‍ത്ഥന തുടരാം
പ്രവാചകശബ്ദം 08-05-2025 - Thursday
വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിന്റെ രണ്ടാം ദിനമായ ഇന്നും വോട്ടെടുപ്പില്‍ ഫലം കണ്ടില്ല. വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിന്റെ ഫലസൂചന നല്‍കി ഇന്നു സിസ്റ്റൈന്‍ ചാപ്പലിന് മുകളിലെ ചിമ്മിനിയില്‍ നിന്നു പുറത്തുവന്നത് കറുത്ത പുകയായിരിന്നു. വത്തിക്കാന്‍ സമയം ഉച്ചയ്ക്ക് 11.51 (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു 03.21) നാണ് കോണ്‍ക്ലേവ് ആരംഭിച്ച് രണ്ടാം തവണയും കറുത്ത പുക വന്നത്. ഇന്ന് രണ്ടു റൌണ്ട് വോട്ടെടുപ്പ് നടത്തിയെങ്കിലും രണ്ടിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം പിന്തുണയുള്ള ഒരു മാർപാപ്പ സ്ഥാനാർത്ഥിയെ ഇതുവരെ കർദ്ദിനാൾമാർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
നിലവില്‍ കര്‍ദ്ദിനാളുമാര്‍ ഉച്ചഭക്ഷണത്തിനായി തിരികെ സാന്താ മർത്തയിലേക്ക് മടങ്ങി. നാലും അഞ്ചും പ്രാവശ്യത്തെ വോട്ടെടുപ്പുകൾക്കായി വൈകുന്നേരം 3.45-നായിരിക്കും (ഇന്ത്യന്‍ സമയം രാത്രി 7.15) കർദ്ദിനാളുമാർ വീണ്ടും അപ്പസ്തോലിക കൊട്ടാരത്തിലെ സിസ്റ്റൈന്‍ ചാപ്പലില്‍ എത്തുക. ഉച്ചകഴിഞ്ഞുള്ള പ്രഥമവോട്ടെടുപ്പ് വൈകുന്നേരം 4.30-നായിരിക്കും (ഇന്ത്യന്‍ സമയം രാത്രി 8 മണി).
മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഒരാളെ തെരഞ്ഞെടുക്കാൻ സാധിച്ചില്ലെങ്കിൽ രണ്ടാമത്തെ വോട്ടെടുപ്പുകൾക്കു ശേഷമായിരിക്കും പുക ഉയരുകയെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് പുതിയ പാപ്പയെ തെരഞ്ഞെടുത്താല്‍ വൈകുന്നേരം 5.30 (ഇന്ത്യന്‍ സമയം രാത്രി 9 മണി) 7-നു വെളുത്ത പുക ഉയരും. ഇനി തെരഞ്ഞെടുത്തില്ലെങ്കില്‍ കറുത്ത പുക ഈ സമയത്ത് പുറപ്പെടുവിക്കില്ല. അടുത്ത വോട്ടെടുപ്പ് കൂടി പൂര്‍ത്തിയാക്കി ( ഇന്ത്യന്‍ സമയം രാത്രി 10.30) പുക പുറപ്പെടുവിക്കുമെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
