News - 2025
ഹബേമൂസ് പാപ്പാം; അമേരിക്കയില്‍ നിന്നുള്ള റോബർട്ട് പ്രെവോസ്റ്റ് വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമി
പ്രവാചകശബ്ദം 08-05-2025 - Thursday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി അമേരിക്കയില്‍ നിന്നുള്ള റോബർട്ട് പ്രെവോസ്റ്റിനെ തിരഞ്ഞെടുത്തു. സ്ഥാനിക നാമമായി ലെയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ചു. കോൺക്ലേവിന്റെ നാലു റൌണ്ട് വോട്ടെടുപ്പിന് ഒടുവിലാണ് നല്‍കി ഇന്നു സിസ്റ്റൈന്‍ ചാപ്പലിന് മുകളിലെ ചിമ്മിനിയില്‍ നിന്നു വെളുത്ത പുക പുറത്തുവന്നത്. ഇന്ത്യന്‍ സമയം രാത്രി 9.41 നാണ് ഫലം വന്നത്. വെളുത്ത പുക പുറത്തുവന്നതോടെ പള്ളിമണികള്‍ കൂട്ടത്തോടെ മുഴക്കി. സ്വിസ് ഗാര്‍ഡുമാര്‍ വത്തിക്കാന്‍ ചത്വരത്തിലേക്ക് മാര്‍ച്ച് നടത്തി. വത്തിക്കാന്‍ ചത്വരം നിമിഷ നേരം കൊണ്ട് ജനനിബിഡമായി.
കർദ്ദിനാൾ സംഘത്തിലെ മുതിർന്നയാൾ പ്രോട്ടോഡീക്കന്‍ കർദ്ദിനാൾ ഡൊമിനിക് മാംബർട്ടി സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി 'ഹാബേമുസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തി. പിന്നാലെ പുതിയ മാർപാപ്പ വിശ്വാസികൾക്കുമുന്നിൽ പ്രത്യക്ഷനായി.
സമാധാനം നിങ്ങൾക്കൊപ്പം ഉണ്ടാകട്ടെ എന്നാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കാത്തുനിന്ന വിശ്വാസികളോട് പുതിയ മാർപ്പാപ്പ ലിയോ പതിനാലാമൻ അറിയിച്ചത്. വളരെ വൈകാരികപരമായായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ചത്വരത്തിൽ കുടിനിന്ന ജനക്കുട്ടത്തിനുനേർക്ക് കൈവീശിക്കാണിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.
( കൂടുതല്‍ വിവരങ്ങള്‍ ഉടനെ അപ്ഡേറ്റു ചെയ്യുന്നതാണ്.)
