News - 2025

പാപ്പയെന്നത് ദൈവത്തിന്റെയും സഹോദരങ്ങളുടെയും എളിയ ദാസൻ: ലെയോ പതിനാലാമൻ പാപ്പ

പ്രവാചകശബ്ദം 11-05-2025 - Sunday

വത്തിക്കാന്‍ സിറ്റി: ഒരു പാപ്പ, വിശുദ്ധ പത്രോസു മുതൽ അദ്ദേഹത്തിൻറെ 'അയോഗ്യനായ' പിൻഗാമിയായ താനുൾപ്പടെ, ദൈവത്തിൻറെയും സഹോദരങ്ങളുടെയും എളിയ ദാസനല്ലാതെ മറ്റാരുമല്ലെന്ന് ലെയോ പതിനാലാമൻ പാപ്പ. പത്രോസിൻറെ ഇരുന്നൂറ്റിയറുപത്തിയേഴാമത്തെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിൻറെ മൂന്നാം ദിനമായ ഇന്നലെ ശനിയാഴ്ച (10/05/25) വത്തിക്കാനിൽ കർദ്ദിനാൾ സംഘത്തെ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു പാപ്പ. കർത്താവ് തന്നെ ഭരമേല്പിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതിൽ അവിടന്ന് തന്നെ ഒറ്റയ്ക്കാക്കില്ല എന്നതാണ് കർദ്ദിനാളന്മാരുടെ സാന്നിധ്യം തന്നെ ഓർപ്പിക്കുന്നതെന്നും ലെയോ പാപ്പ പറഞ്ഞു.

ദൈവത്തിൻറെയും സഹോദരങ്ങളുടെയും വീനീത ശുശ്രൂഷകനാണ് പാപ്പയെന്നത് ഫ്രാൻസിസ് പാപ്പയുൾപ്പടെയുള്ള തൻറെ അനേകം മുൻഗാമികൾ ജീവിതം കൊണ്ട് കാണിച്ചു തന്നിട്ടുള്ളതും ലെയോ പതിനാലാമൻ പാപ്പ അനുസ്മരിച്ചു. തൻറെ ശക്തികൾക്ക് അതീതമായ ഒരു വലിയ നുകം പേറുന്നതിൽ തനിക്കുള്ള വലിയ ആശ്വാസം കർദ്ദിനാളന്മാർ പാപ്പായുടെ ഉറ്റ സഹകാരികളാണെന്ന വസ്തുതയാണ്. കർത്താവിൻറെ സഹായത്തിലും പരിപാലനയിലും കർദ്ദിനാളുന്മാരുടെയും ലോകത്തിലെ വിശ്വാസികളും സഭാസ്നേഹികളുമായ സഹോദരങ്ങളുടെയും സാമീപ്യത്തിലും പ്രാർത്ഥനാസഹായത്തിലും താൻ ആശ്രയിക്കുന്നുവെന്നും പാപ്പ വെളിപ്പെടുത്തി. ആരോഗ്യപരമായ കാരണങ്ങളാൽ സന്നിഹിതരാകാൻ കഴിയാതിരുന്ന കർദ്ദിനാളുന്മാരെയും പാപ്പ അനുസ്മരിക്കുകയും കൂട്ടായ്മയിലും പ്രാർത്ഥനയിലും താൻ അവരോടൊന്നു ചേരുകയാണെന്നും പറഞ്ഞു. നമ്മുടെ ആത്മാവിൻറെ ഇടയനും കാവലാളുമായ ക്രിസ്തുവാകുന്ന ഏക ശിരസ്സോടു ചേർന്നു നില്ക്കുന്ന അവയവങ്ങളുടെ വൈവിധ്യത്തിൽ ജീവിക്കുന്ന സഭയുടെ യഥാർത്ഥ മഹത്വം എന്താണെന്ന് നാം കണ്ടറിഞ്ഞിട്ടുണ്ടെന്നും പാപ്പ പറഞ്ഞു. മാര്‍പാപ്പയുടെ അഭാവമുണ്ടായിരിന്ന കാലയളവിൽ നൽകിയ സേവനത്തിന് കർദ്ദിനാൾ കോളേജ് ഡീൻ കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റയെയും കാമർലെംഗോ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെലിനെയും ലെയോ പാപ്പ സന്ദേശത്തില്‍ നന്ദിയോടെ അനുസ്മരിച്ചിരിന്നു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »