India - 2025
ലെയോ പതിനാലാമൻ പാപ്പയ്‌ക്കു പ്രാർത്ഥനാനിർഭരമായ ആശംസകളുമായി സീറോ മലബാർ സഭ
പ്രവാചകശബ്ദം 19-05-2025 - Monday
തന്റെ പൊന്തിഫിക്കറ്റിന്റെ ആരംഭംകുറിച്ച വിശുദ്ധ പത്രോസിന്റെ 267 പിൻഗാമി ലെയോ പതിനാലാമൻ മാർപാപ്പയ്‌ക്ക് പ്രാർത്ഥനാശംസകളുമായി സിറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ലെയോ പതിനാലാമൻ പാപ്പായുടെ സ്ഥാനാരോഹണത്തിൽ വലിയ സന്തോഷവും പ്രതീക്ഷയുമുണ്ടെന്നു മാർ റാഫേൽ തട്ടിൽ പറഞ്ഞു. പൗരസ്ത്യ സഭകളുമായി നടത്തിയ തന്റെ ആദ്യ കൂടിക്കാഴ്ചയിൽ പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നുള്ള തന്റെ മുൻഗാമിയായ ലെയോ പതിമൂന്നാമൻ മാർപാപ്പായുടെ അതേ ആശയംതന്നെ ആവർത്തിച്ചത് പ്രേഷിത മേഖലകളിൽ പുതിയ സാദ്ധ്യതകൾ തുറന്നുകിട്ടാനായി കാത്തിരിക്കുന്ന സീറോമലബാർസഭയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.
സീറോമലബാർസഭ ഒരു ആഗോളസഭയായി വളർന്ന ഈ ഘട്ടത്തിൽ സാർവത്രിക സഭാതലവന്റെ ഈ സമീപനം സീറോമലബാർ സഭയുടെ പാരമ്പര്യങ്ങളും ആരാധനാക്രമവും പരിരക്ഷിക്കപെടുന്നതിന് സഹായകമായിരിക്കുമെന്ന് മാർ റാഫേൽ തട്ടിൽ പിതാവ് അഭിപ്രായപ്പെട്ടു. കത്തോലിക്കാസഭയുടെ പരമാചാര്യൻ എന്ന നിലയിൽ അദ്ദേഹത്തിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതലകൾ യഥാവിധി നിർവഹിക്ക്കുന്നതിനും ലോകത്തിന്റെ ധാർമിക മനസാക്ഷിയും ആതമീയതയുടെ അടയാളവുമായി നിലകൊള്ളുന്നതിനും ലെയോ പതിനാലാമൻ പാപ്പയ്‌ക്ക് സീറോമലബാർ സഭയുടെ പ്രാർത്ഥനകൾ ഉണ്ടായിരിക്കുമെന്ന് മേജർ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങുകളിൽ മാർ റാഫേൽ തട്ടിൽ പിതാവ് സഹകാർമ്മികനായിരുന്നു. സീറോ മലബാർ ക്യൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, യൂറോപ്പിലെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, റോമിലുള്ള സീറോമലബാർ സഭയിലെ വൈദികർ സമർപ്പിതർ വിശ്വാസികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
