News
നിഖ്യാ സൂനഹദോസിന്റെ വാർഷികം; തുർക്കി സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ
പ്രവാചകശബ്ദം 20-05-2025 - Tuesday
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ പാപ്പയും കോൺസ്റ്റാൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തോലോമിയോ ഒന്നാമനും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. ഇന്നലെ മെയ് 19 തിങ്കളാഴ്ച ആയിരുന്നു കൂടിക്കാഴ്ച നടന്നത്. നിഖ്യാ സൂനഹദോസിൻറെ ആയിരത്തിയെഴുന്നൂറാം വാർഷികം കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തോലോമിയോ ഒന്നാമനുമൊത്ത് ആഘോഷിക്കുന്നതിന് തുർക്കി സന്ദർശിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ലെയോ പതിനാലാമൻ പാപ്പ വെളിപ്പെടുത്തി. ഇതിന് പിന്നാലേ പാത്രിയാർക്കീസ് പാപ്പയെ ക്ഷണിക്കുകയും ചെയ്തു.
ഈ വര്‍ഷം തന്നെ സന്ദർശനം നടത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും പാപ്പ വ്യക്തമാക്കി. കത്തോലിക്കാസഭയുടെ പുതിയ പരമാദ്ധ്യക്ഷനും റോം രൂപതയുടെ മെത്രാനും വത്തിക്കാൻ സംസ്ഥാനത്തിൻറെ തലവനും ആയ പുതിയ പാപ്പയ്ക്ക് പാത്രിയാർക്കീസ് പ്രാര്‍ത്ഥനാശംസകള്‍ നേർന്നു. കത്തോലിക്ക - ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള ദൈവവിജ്ഞാനീയ സംഭാഷണങ്ങൾ പരിപോഷിപ്പിക്കുകയും ആഴപ്പെടുത്തകയും ചെയ്യേണ്ടതിൻറെയും സാമൂഹ്യ പ്രശ്നങ്ങളുടെ തലത്തിൽ സഹകരണത്തിൻറെയും പ്രാധാന്യവും കൂടിക്കാഴ്ച വേളയിൽ ചര്‍ച്ചയായി.
മെയ് പതിനെട്ടിന്, വത്തിക്കാനിൽ ലെയോ പതിനാലാമൻ പാപ്പായുടെ സ്ഥാനാരോഹണച്ചടങ്ങിൽ സംബന്ധിക്കാൻ എത്തിയതായിരുന്നു എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തോലോമിയോ ഒന്നാമൻ. അദ്ദേഹം റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പായുടെ കബറിടം സന്ദർശിക്കുകയും പനിനീർപ്പൂക്കളർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തിരിന്നു. ആര്യന്‍ പാഷണ്ഡതയുടെ വ്യാപനത്തിനിടയിൽ വിശ്വാസപ്രഖ്യാപനമായി 325-ൽ സിൽവസ്റ്റർ ഒന്നാമന്‍ പാപ്പയുടെ കാലത്ത് സമയത്ത് വിളിച്ചുകൂട്ടിയ നിഖ്യാ കൗൺസിലിന്റെ പ്രാധാന്യം എടുത്തുക്കാട്ടി ഇക്കഴിഞ്ഞ ഏപ്രിലില്‍ വത്തിക്കാന്‍ പ്രത്യേക രേഖ പുറത്തിറക്കിയിരിന്നു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
