India - 2025
മാർ മാത്യു മാക്കീലിന്റെ ധന്യപദവി; ചങ്ങനാശേരി അതിരൂപതയ്ക്കു ധന്യ നിമിഷമെന്ന് മാർ തോമസ് തറയിൽ
പ്രവാചകശബ്ദം 24-05-2025 - Saturday
ചങ്ങനാശേരി: ചങ്ങനാശേരി വികാരിയാത്തിൻ്റെ വികാരി അപ്പസ്തോലിക്കയായി 1896 മുതൽ 1911 വരെ അജപാലന ശുശ്രൂഷ നിർവഹിച്ച മാർ മാത്യു മാക്കീലിനെ ധന്യപദവിയിലേക്കുയർത്തുന്നത് വളരെ സന്തോഷത്തോടെയാണ് ശ്രവിച്ചതെന്നും ഇതു ചങ്ങനാശേരി അതിരൂപതയ്ക്കു ധന്യ നിമിഷമാണെന്നും ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. പുണ്യചരിതരായ പിതാക്കന്മാരാൽ നയിക്കപ്പെടാൻ ഭാഗ്യം സിദ്ധിച്ച രൂപതയാണ് ചങ്ങനാശേരി അതിരൂപത. അതിരുപതയുടെ മുൻ അധ്യക്ഷന്മാരായ മാർ തോമസ് കുര്യാളശേരി ധന്യപദവിയി ലേക്കും മാർ മാത്യു കാവുകാട്ട് ദൈവദാസപദവിയിലേക്കും ഉയർത്തപ്പെട്ടിട്ടുണ്ട്.
മൂവരും വിശുദ്ധപദവിയിലേക്ക് ഉടൻ എത്തിച്ചേരട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആരാധനാ സന്യാസിനീ സമൂഹം, തിരുഹൃദയ സന്യാസിനീ സമൂഹം എന്നിവ രൂപമെടുത്തതും മാർ മാക്കീലിൻ്റെ കാലത്തായിരുന്നു. വികാരിയാത്തിനു കൃത്യമായ നിയമാവലിയായ ദെക്രേത്തു പുസ്‌തകത്തിൻ്റെ രൂപീകരണം മാർ മാക്കീലിൻ്റെ വലിയൊരു സംഭാവനയാണ്. ബാലാരിഷ്ടതകളുള്ള രണ്ടു വികാരിയാത്തുകളെ നയിക്കുകയെന്ന വളരെ ക്ലേശകരമായ ദൗത്യമാണ് അദ്ദേഹം നിർവഹിച്ചതെന്നും ആർച്ച് ബിഷപ്പ് അനുസ്‌മരിച്ചു.
