India

പ്രാർത്ഥനാനിർഭരം; ഡോ. വർഗീസ് ചക്കാലക്കൽ ആര്‍ച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു

26-05-2025 - Monday

കോഴിക്കോട്: പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റു. കോഴിക്കോട് സിറ്റി സെൻ്റ് ജോസഫ്‌സ് പള്ളിയിൽ പ്രത്യേകം ഒരുക്കിയ വേദിൽവച്ച് ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷോ റവ. ഡോ. ലെയോപോൾദോ ജിറേല്ലിയുടെ മുഖ്യകാർമികത്വത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ചടങ്ങിൽ, മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തിക്കൊണ്ടുള്ള ചടങ്ങുകളും പൂർത്തിയാക്കി.

ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതാധ്യക്ഷനായി ഉയർത്തിക്കൊണ്ടുള്ള അപ്പസ്തോലിക തിരുവെഴുത്ത് വിവിധ ഭാഷകളിൽ മലപ്പുറം ഫൊറോനാ വികാരി മോൺ. വിൻസെൻ്റ് അറയ്ക്കൽ, കോഴിക്കോട് ഫൊറോനാ വികാരി ഫാ. ജെറോം ചിങ്ങംതറ, കോഴിക്കോട് രൂപത ചാൻസലർ ഫാ. സജീവ് വർഗീസ് എന്നിവർ വായിച്ചു. തുടർന്ന് ആഗോള കത്തോലിക്ക സഭാധ്യക്ഷനായ മാർപാപ്പയോടും സഭയോടുമുള്ള വിശ്വാസവും കുറും വിധേയത്വവും പ്രഖ്യാപിച്ചുകൊണ്ടു ഡോ. വർഗീസ് ചക്കാലക്കൽ അപ്പസ്തോലിക് നൂൺഷ്യോ ഡോ. ലെയോപോൾദോ ജിറേല്ലിയുടെ മുമ്പാകെ പ്രതിജ്ഞയെടുത്തു.

സ്ഥാനാരോഹണ ചടങ്ങുകൾ പൂർത്തിയായതിനെത്തുടർന്ന് ഡോ. ലെയോപോ ൾദോ ജിറേല്ലി ഡോ. വർഗീസ് ചക്കാലക്കിനെ പ്രത്യേക ഇരിപ്പിടത്തിലേക്ക് ആനയിച്ചു. മെത്രാപ്പോലീത്തമാർ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ ആലിംഗനം ചെയ്ത് ആശംസകൾ നേർന്നതിനു പിന്നാലെ കോഴിക്കോട് രൂപയിലെ വിവിധ വൈദിക, സന്യസ്‌ത, സംഘടനാ പ്രതിനിധികൾ ആർച്ച്ബിഷപ്പിനോടുളള വിശ്വസ വും കുറും ഏറ്റുപറഞ്ഞ് ഡോ. വർഗീസ് ചക്കാലക്കലിൻ്റെ കൈ മുത്തി അനുഗ്രഹം സ്വീകരിച്ചു.

മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ ദൈവവചന പ്രഘോഷണത്തെത്തുടർന്ന് ഡോ. വർഗീസ് ചക്കാലക്കലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ ബലി അർപ്പിച്ചു. വിശുദ്ധ ബലിക്കുശേഷം വിവിധ സഭാധ്യക്ഷൻമാർ ലളിതമായ വാക്കുകളിലൂടെ ഡോ. വർഗീ സ് ചക്കാലക്കലിന് അനുമോദനങ്ങൾ അർപ്പിച്ചു.

തിരുവനന്തപുരം ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, തിരുവല്ല ആർച്ച് ബിഷപ്പ് ഡോ. തോമസ് മോർ കുറിലോസ്, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കോട്ട യം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, മാവേലിക്കര ബിഷപ്പ് ജോഷ്വ മോർ ഇഗ്നാത്തിയോസ്, ആലപ്പുഴ ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിൽ, കണ്ണൂർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, കണ്ണൂർ സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി, പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാനന്തവാടി സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലം, കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, വാരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ഡോ. ആന്റ ണി വാലുങ്കൽ, ആർച്ച് ബിഷപ്പ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം തുടങ്ങിയവർ സ്ഥാനാരോഹണ ചടങ്ങുകൾക്ക് സഹകാർമികത്വം വഹിച്ചു. മന്ത്രിമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ അടക്കം സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖർ ഡോ. വർഗീസ് ചക്കാലക്കിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »