News
കുരിശും ക്രിസ്‌ത്യാനികളുമാണോ ഇവരുടെ പ്രശ്നം? തൊമ്മൻകുത്തിലെ മനുഷ്യരെ കുത്തിവീഴ്ത്തരുത്..!
ഫാ. ഡോ. ടോം ഓലിക്കരോട്ട് 28-05-2025 - Wednesday
ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തും കാണാത്തവിധം ജനവിരുദ്ധരായി മാറിയ വനംവകുപ്പിനെകുറിച്ചും അതിന്റെ ദുർഭരണത്തെക്കുറിച്ചുമുള്ള കടുത്ത ആശങ്കയിലാണ് ഈ കുറിപ്പെഴുതുന്നത്. കഴിഞ്ഞ ഏപ്രിൽ 12 നു തൊമ്മന്കുത്തിലെ നാരങ്ങാനത്തു സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച കുരിശുതകർത്തുകൊണ്ടു ആരംഭിച്ചതാണ് റവന്യൂഭൂമിയിൽ അതിക്രമിച്ചുകയറിയുള്ള വനംവകുപ്പിന്റെ ബുൾഡോസർരാജ്. തകർക്കപ്പെട്ട കുരിശു സ്ഥാപിച്ചിരുന്നത് വനഭൂമിയുടെ അതിരു നിര്‍ണ്ണയിച്ചിരിക്കുന്ന ജണ്ടയ്ക്ക് പുറത്താണുള്ളതെന്ന തൊടുപുഴ തഹൽസീദാറുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷവും കർഷകപീഡനം തുടരുന്നതുകാണുമ്പോൾ കേരളത്തിൽ ജനാധിപത്യം മരിച്ചോ എന്നും ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം വനവാസത്തിനുപോയോ, അല്ലെങ്കിൽ കുരിശും ക്രിസ്‌ത്യാനികളുമാണോ ഇവരുടെ പ്രശ്നമെന്നോ സംശയിക്കേണ്ടിവരും.
സ്വന്തം കൈവശഭൂമിയിൽ താമസിക്കുന്ന എല്ലാ റവന്യൂ അവകാശങ്ങളുമുള്ള മനുഷ്യരോടാണ് റേഞ്ച് ഓഫീസറുടെ മുൻപിൽ പതിനഞ്ചു ദിവസത്തിനകം ഹാജരാകണമെന്ന വിചിത്രമായ ഉത്തരവുമായി വനപാലകർ വീടുവീടാന്തിരം കയറിയിറങ്ങി പീഡനം തുടരുന്നത്. കാട്ടിൽ നിയന്ത്രിച്ചുനിർത്തേണ്ട കാട്ടുനീതി നാട്ടിൻപുറത്തെടുക്കുന്നതു നിശബ്ദമായി നോക്കിനിൽക്കാനാവില്ല. സ്വകാര്യഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശു തകർത്തതുതന്നെ തികഞ്ഞ അന്യമാണെന്നിരിക്കെ, അത് സ്ഥാപിച്ചതുമായി ബന്ധമുള്ള ആളുകളെയാണിപ്പോൾ വനംവകുപ്പിലെ ഉദ്യോഗസ്ഥർ പീഡിപ്പിക്കാൻ ശ്രമിക്കുന്നത്.
വനംവകുപ്പിന്റെ അതിക്രമങ്ങൾ പരിധികടന്നിട്ടും വാതുറക്കാത്ത വനംവകുപ്പുമന്ത്രിയുടെ നിഷ്‌ക്രിയത്വം അടിയന്തിരമായി അവസാനിപ്പിക്കണം. സി. പി. എമ്മിന്റെ പോഷകസംഘടനയായ ഓൾ ഇന്ത്യ കിസാൻ സഭയുടെ കർഷകമുന്നേറ്റജാഥയും വനംവകുപ്പിന്റെ ആസ്ഥാനമന്ദിരം ഉപരോധിക്കലും നടക്കുന്നതിനിടയിലാണ് ഈ അതിക്രമമത്രയും വനംവകുപ്പു നടത്തുന്നതെന്നറിയുമ്പോളാണ് രാഷ്ട്രീയനാടകങ്ങളുടെ കപടമുഖം ജനങ്ങൾ തിരിച്ചറിയുന്നത്. കാർബൺ ക്രെഡിറ്റ് ഫണ്ട് നേടാനുള്ള രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണോ വനംവകുപ്പിന്റെ കാട്ടാളത്തം എന്നാണ് പൊതുസമൂഹത്തിനു അറിയേണ്ടത്!
കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ കടുവകടിച്ചും ആന ചവിട്ടിയും കാട്ടുപന്നി ആക്രമിച്ചും പൊലിഞ്ഞ മനുഷ്യജീവന്റെ എണ്ണം വനംവകുപ്പിനറിയാമോ? തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാതെ സ്വന്തം താമസിക്കുകയും കൃഷിചെയ്തു ജീവിക്കുകയും ചെയ്യുന്നവരുടെമേൽ ഉദ്യോഗസ്ഥരാജ് നടപ്പാക്കാൻ മാത്രം ശ്രദ്ധിക്കുകയും വന്യമൃഗങ്ങളെ കാടിറങ്ങാതെ നിയന്ത്രിക്കുന്നതിൽ അമ്പേ പരാജയപ്പെടുംചെയ്ത വനപാലകരെ കൃത്യവിലോപത്തിനും കൊലകുറ്റത്തിനും കേസെടുത്തു ശിക്ഷിക്കുകയാണ് ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്.
തൊമ്മൻകുത്തിലെ നിസ്സഹരായ മനുഷ്യർക്കൊപ്പം കേരളത്തിന്റെ പൊതുമനസാക്ഷി നിലകൊള്ളേണ്ട സമയമാണിത്. ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന ഭരണകൂടഭീകരതയ്‌ക്കെതിരെ ഒരു ജനകീയമുന്നേറ്റത്തിനുള്ള സമയമായി. എല്ലാവിധ റവന്യു അവകാശങ്ങളുമുള്ള മനുഷ്യരുടെ വീടുകളിൽകടന്നുകയറി ചോദ്യംചെയ്യലിനു ഹാജരാകാൻ നോട്ടീസ് നല്കാൻ മുതിരുന്ന വനംവകുപ്പിന്റെ കാട്ടുനീതി കാട്ടിൽത്തന്നെ നിയന്ത്രിച്ചുനിർത്താൻ പൊതുസമൂഹത്തിന്റെ പിന്തുണ തൊമ്മന്കുതിലെ മനുഷ്യർക്കു നല്കുന്നതിൽ ഇനിയും വൈകരുത്. സ്വന്തം വീട്ടിലും കൃഷിയിടത്തിലും കാട്ടുമൃഗങ്ങളെമാത്രമല്ല ഉദ്യോഗസ്ഥരുടെ കടന്നുകയറ്റത്തെക്കൂടി ഭയന്നുജീവിക്കേണ്ടിവരുന്നത് ഭരണകൂട ഭീകരതയാണെന്നു തിരിച്ചറിയാനും, അപഹരിക്കപ്പെടുന്ന സാധാരണക്കാരുടെ പൗരാവകാശങ്ങളെക്കുറിച്ചും പ്രതികരിക്കാൻ ഇനിയും വൈകരുത്.
(ലേഖകനായ ഫാ. ഡോ. ടോം ഓലിക്കരോട്ട് സീറോമലബാർസഭയുടെ പി.ആർ.ഓ.യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമാണ്)
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
