News - 2025

കോൺക്ലേവ് ബോണസ് മുടക്കാതെ ലെയോ പാപ്പ; വത്തിക്കാന്‍ ജീവനക്കാര്‍ക്ക് 500 യൂറോ അധികമായി നല്‍കും

പ്രവാചകശബ്ദം 29-05-2025 - Thursday

വത്തിക്കാന്‍ സിറ്റി: റോമൻ കൂരിയായിലും വത്തിക്കാൻ മ്യൂസിയം, വത്തിക്കാൻ ലൈബ്രറി, വത്തിക്കാൻ മീഡിയ, വത്തിക്കാൻ ഫാർമസി തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഏകദേശം 5000 ജീവനക്കാർക്ക് ജൂണിലെ ശമ്പളത്തിൽ നിന്ന് 500 യൂറോ (ഏകദേശം $566) അധികമായി നല്‍കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാപ്പമാര്‍ കോൺക്ലേവ് ബോണസുകൾ വിതരണം ചെയ്യുന്നതു പതിവുള്ള രീതിയാണ്. ഒരു പാപ്പയുടെ മരണത്തെ തുടർന്നുള്ള ആഴ്ചകളിൽ, പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ, പലപ്പോഴും അധിക സമയം ജോലി ചെയ്യുന്ന വത്തിക്കാൻ ജീവനക്കാരോടുള്ള നന്ദി പ്രകടനമായാണ് ഇവയെ വിലയിരുത്തുന്നത്.

ഈ മാസത്തിന്റെ ആരംഭത്തില്‍ വാരത്തില്‍ സ്റ്റേറ്റ് ജീവനക്കാരുമായുള്ള കൂടിക്കാഴ്ചയില്‍ ലെയോ പാപ്പ അധിക ബോണസിനെ കുറിച്ച് സംസാരിച്ചില്ലെങ്കിലും, വത്തിക്കാനിലെ വിവിധ തൊഴിലാളികളോടുള്ള ആദരവും നന്ദിയും പാപ്പ പ്രകടിപ്പിച്ചിരിന്നു. റോമൻ കൂരിയായില്‍ ജോലി ചെയ്യുക എന്നതിനർത്ഥം പരിശുദ്ധ സിംഹാസനത്തിന്റെ ഓർമ്മ നിലനിർത്തുന്നതിന് സംഭാവന ചെയ്യുക എന്നാണെന്ന്‍ അദ്ദേഹം പറഞ്ഞിരിന്നു. ലെയോ പതിനാലാമന്‍ പാപ്പയുടെ ബോണസ് സമ്മാനം ലഭിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളിൽ വത്തിക്കാന്റെ പുസ്തകശാല, വസ്ത്രശാലകൾ, ഗ്യാസ് സ്റ്റേഷനുകൾ, പോസ്റ്റ് ഓഫീസ് എന്നിവയിൽ ജോലി ചെയ്യുന്നവരും വത്തിക്കാനില്‍ സേവനം ചെയ്യുന്ന സന്യസ്തരും ഉൾപ്പെടുന്നു.

2013-ൽ, ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ "കോൺക്ലേവ് ബോണസ്" എന്ന പാരമ്പര്യം താൽക്കാലികമായി നിർത്തിവെച്ചിരിന്നു. ഇതിനു പകരം, പേപ്പൽ ചാരിറ്റികൾക്കും ക്ഷേമ സ്ഥാപനങ്ങൾക്കും തുക നീക്കിവെയ്ക്കാനായിരിന്നു നിര്‍ദ്ദേശം. ബെനഡിക്ട് പാപ്പ ജീവിച്ചിരിന്ന കാലത്തായിരിന്നു ഫ്രാന്‍സിസ് പാപ്പ തെരഞ്ഞെടുക്കപ്പെട്ടതെന്ന വസ്തുത അന്നു വത്തിക്കാന്‍ വക്താവ് ചൂണ്ടിക്കാട്ടിയിരിന്നു. 2005-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മരണശേഷം, സെഡെ വെക്കന്‍റ് കാലയളവിൽ നടത്തിയ അധിക ജോലികൾക്ക് ബെനഡിക്ട് പതിനാലാമൻ പാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, വത്തിക്കാൻ ജീവനക്കാർക്ക് 1,000 യൂറോയുടെ കോൺക്ലേവ് ബോണസ് അനുവദിച്ചിരുന്നു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍