News
ഗാസയിലെ ഏക കത്തോലിക്ക ദേവാലയം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് യുഎന്‍ സംഘം
പ്രവാചകശബ്ദം 04-07-2025 - Friday
ഗാസ: യുദ്ധത്തിന്റെ ഇരകള്‍ക്ക് അഭയകേന്ദ്രമായ ഗാസയിലെ ഏകകത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവകയിൽ ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി സംഘം അപ്രതീക്ഷിത സന്ദർശനം നടത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുദ്ധത്തിൽ കുടിയിറക്കപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് അഭയകേന്ദ്രമായ ദേവാലയത്തില്‍ മാനുഷിക കാര്യങ്ങളുടെ ഏകോപനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസ് അംഗങ്ങള്‍ സന്ദര്‍ശനം നടത്തിയത്. ഇത് ഇടവകയിലേക്കു ഐക്യരാഷ്ട്ര പ്രതിനിധികള്‍ നടത്തുന്ന ആദ്യ സന്ദർശനമായിരുന്നുവെന്നും തങ്ങള്‍ നടത്തുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘം നന്ദിയര്‍പ്പിച്ചുവെന്നും ഹോളി ഫാമിലി ഇടവകയുടെ വികാരിയും അർജന്റീനിയൻ വൈദികനുമായ ഫാ. ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു.
പ്രതിനിധി സംഘം തങ്ങളുടെ അവസ്ഥകൾ പരിശോധിക്കാനും, കുടിയിറക്കപ്പെട്ടവരെ സന്ദര്‍ശിച്ച് അവരുടെ അവസ്ഥ മനസിലാക്കാനും സമയം കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചു. ഗുരുതരമായ സാഹചര്യം ഉണ്ടായിരുന്നിട്ടും ഐക്യരാഷ്ട്രസഭ പ്രതിനിധികൾ ഇടവകയുടെ സൗകര്യങ്ങൾ മനസിലാക്കുവാന്‍ പരിസരം സന്ദർശിക്കുകയായിരിന്നു. മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹാംഗങ്ങള്‍ പരിപാലിക്കുന്ന ഗുരുതരമായ വൈകല്യമുള്ള കുട്ടികൾക്കിടയിലും അവര്‍ സമയം ചെലവഴിച്ചു. സമാധാനത്തിനായി സംഘം ദേവാലയത്തില്‍ പ്രാർത്ഥനയും നടത്തി.
മടങ്ങാന്‍ നേരം, ക്രൈസ്തവ സമൂഹത്തിനും ഇവിടെ താമസിക്കുന്ന നിരവധി മുസ്ലീം കുടുംബങ്ങൾക്കും വേണ്ടി തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പ്രതിനിധികള്‍ നന്ദിയറിയിച്ചുവെന്നു ഫാ. ഗബ്രിയേൽ പറഞ്ഞു. 2023 ഒക്ടോബർ 7-ന് ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ യുദ്ധം ആരംഭിച്ചതുമുതൽ ഗാസയിലെ ഇടവക, പ്രാദേശിക സമൂഹത്തെ സഹായിച്ചുവരികയാണ്. യുദ്ധകാലത്ത് തങ്ങളുടെ ഇടവകയിൽ അഭയം തേടിയ വിവിധ മതവിശ്വാസികളായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക്, അഭയം ഒരുക്കിയും ഭക്ഷണവും മറ്റു വസ്തുക്കളും നല്‍കി ചേര്‍ത്തുപിടിച്ച ഇടവകയാണ് ഹോളി ഫാമിലി ദേവാലയം.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
