News

വെള്ളപ്പൊക്ക ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് കത്തോലിക്ക സന്നദ്ധ സംഘടനകള്‍

പ്രവാചകശബ്ദം 07-07-2025 - Monday

കെർവില്ല: അമേരിക്കയിലെ ടെക്സാസ് നഗരത്തെ സാരമായി ബാധിച്ച വെള്ളപ്പൊക്ക ദുരന്തബാധിതര്‍ക്കു ആശ്വാസമായി കെർവില്ലയിലെ കത്തോലിക്ക സഭാനേതൃത്വം. വ്യാഴാഴ്ച രാത്രി മുതൽ ആരംഭിച്ച കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്നു കെർ കൗണ്ടിയിലെ കെർവില്ലെ നഗരത്തെ പ്രളയം വലിയ രീതിയില്‍ ബാധിച്ചിരിന്നു. ഇവര്‍ക്കിടയില്‍ സഹായം എത്തിക്കുന്നതിനായാണ് കത്തോലിക്ക സംഘടനകള്‍ ഉള്‍പ്പെടെ സജീവമായി രംഗത്തുള്ളത്. ദുരിതബാധിത പ്രദേശത്തു നിന്നു അഭയം തേടുന്നവർക്കായി 929 മെയിൻ സ്ട്രീറ്റിൽ ദുരിതാശ്വാസ കേന്ദ്രം തുറന്നുവെന്നു സാൻ അന്റോണിയോ അതിരൂപത വ്യക്തമാക്കി.

ദുരന്ത ബാധിതര്‍ക്ക് ഭക്ഷണം, വസ്ത്രം, ശുചിത്വ ഉൽപ്പന്നങ്ങൾ, ശുദ്ധജലം എന്നിവ നൽകുന്നതിന് കാത്തലിക് ചാരിറ്റീസ് യു‌എസ്‌എ ഉള്‍പ്പെടെയുള്ള കത്തോലിക്ക സന്നദ്ധ സംഘടനകള്‍ രംഗത്തുണ്ട്. സാൻ അന്റോണിയോ ആർച്ച് ബിഷപ്പ് മിസ്ജിആർ ഗുസ്താവോ ഗാർസിയ-സില്ലർ, സഹായ മെത്രാന്‍ മൈക്കൽ ബൗലെറ്റ് എന്നിവരുടെ നേതൃത്വത്തില്‍ ഇരകളെ സഹായിക്കാനും പ്രിയപ്പെട്ടവരെ കാണാതായവരുടെ കുടുംബങ്ങൾക്ക് സാന്ത്വനം പകരാനും സംഘം കെർവില്ലിലേക്ക് പോയിട്ടുണ്ടെന്നു ആർച്ച് ബിഷപ്പ് സൂചിപ്പിച്ചു.

ഇന്നലെ ജൂലൈ 6 ഞായറാഴ്ച മരിച്ചവർക്കും കാണാതായവർക്കും മറ്റ് ദുരിതബാധിതര്‍ക്കും വേണ്ടിയും കെർവില്ലിലെ നോട്രെ ഡാം പള്ളിയിൽ പ്രത്യേക ദിവ്യബലി അര്‍പ്പണം നടന്നിരിന്നു. ആർച്ച് ബിഷപ്പ് ഗുസ്താവോ ഗാർസിയ-സില്ലറും ഫാ. സ്കോട്ട് ജാനിസെക്കും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഈ ദുഷ്‌കരമായ സാഹചര്യങ്ങളിൽ ആളുകളെ പിന്തുണയ്ക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും പരസ്പരം സ്നേഹിക്കാനുള്ള ക്രിസ്തുവിന്റെ ആഹ്വാനത്തോട് നമുക്ക് പ്രതികരിക്കാമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഇരകൾക്കും, മരിച്ചവർക്കും, കാണാതായവർക്കും വേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നതായി സാൻ അന്റോണിയോ അതിരൂപത ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »