News
കര്‍ദ്ദിനാള്‍ റോളണ്ടാസ് മാക്രിക്കാസ് റോമിലെ മേരി മേജര്‍ പേപ്പല്‍ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റ്
പ്രവാചകശബ്ദം 08-07-2025 - Tuesday
വത്തിക്കാന്‍ സിറ്റി: റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമായ സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റായി ലിത്വാനിയായില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ റോളണ്ടാസ് മാക്രിക്കാസിനെ മാര്‍പാപ്പ നിയമിച്ചു. നിലവില്‍ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റായിരിന്ന കർദ്ദിനാൾ സ്റ്റാനിസ്ലാവ് റൈൽക്കോയ്ക്ക് 80 വയസ്സു പിന്നിട്ട പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാള്‍ റോളണ്ടാസിനെ ലെയോ പാപ്പ പുതിയ ഉത്തരവാദിത്വം ഭരമേല്‍പ്പിച്ചിരിക്കുന്നത്. 2024 ഡിസംബർ 8ന് ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.
മാര്‍പാപ്പമാരെ പതിവായി അടക്കം ചെയ്യുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം തന്നെ അടക്കം ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പ ആഗ്രഹിച്ചത് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍ എന്ന ഈ ദേവാലയത്തിലായിരിന്നു. ഇതിന്‍ പ്രകാരം ഫ്രാന്‍സിസ് പാപ്പയുടെ മൃതശരീരം അടക്കം ചെയ്തിരിക്കുന്നതും ഈ ദേവാലയത്തിലാണ്. റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എഡി 352ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്.
വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി (the Protectress of the People of Rome) റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഈ ദേവാലയത്തിലാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. തന്റെ വിവിധങ്ങളായ അപ്പസ്തോലിക യാത്രയുടെ മുന്‍പും ശേഷവും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുന്ന സ്ഥിരം കേന്ദ്രമായിരിന്നു മേരി മേജർ ബസിലിക്ക.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
