News

സൈപ്രസ് ഗ്രീസ് സന്ദര്‍ശനത്തിന് ശേഷം പാപ്പ വത്തിക്കാനില്‍: പതിവ് തെറ്റിക്കാതെ മേരി മേജര്‍ ബസിലിക്കയില്‍ കൃതജ്ഞതാര്‍പ്പണം

പ്രവാചകശബ്ദം 07-12-2021 - Tuesday

വത്തിക്കാന്‍ സിറ്റി: മുപ്പത്തിയഞ്ചാമത് അപ്പസ്തോലിക യാത്രയായ സൈപ്രസ് ഗ്രീസ് സന്ദര്‍ശനത്തിന് ശേഷം ഫ്രാൻസിസ് പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തി. ഡിസംബർ രണ്ട്, മൂന്ന് തീയതികളില്‍ പാപ്പ സൈപ്രസിലാണ് ചെലവഴിച്ചത്. നാലാം തീയതി സൈപ്രസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഗ്രീസ് സന്ദര്‍ശനം ആരംഭിക്കുകയായിരിന്നു. അപ്പസ്തോലിക യാത്രയുടെ രണ്ടാം ഭാഗമായ ഗ്രീസിലേക്ക് പാപ്പ എത്തിയത് ഡിസംബർ നാല് ശനിയാഴ്ചയാണ്. ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലികയാത്രയുടെ അവസാനദിനമായിരിന്ന ഇന്നലെ ഡിസംബർ ആറിന് രാവിലെ ഏഴുമണിക്ക് പരിശുദ്ധ പിതാവ് അപ്പസ്തോലിക കാര്യാലയത്തില്‍ വിശുദ്ധ ബലിയർപ്പിച്ചു. വിശുദ്ധ ബലിക്ക് ശേഷം ന്യൂണ്‍ഷേച്ചറില്‍ ഫ്രാൻസിസ് പാപ്പയുമായി ഗ്രീക്ക് പാർലമെന്റിന്റെ അധ്യക്ഷൻ, കോൺസ്റ്റാന്റീനോസ് തസൂലാസ്, കൂടിക്കാഴ്ച നടത്തി.

തുടര്‍ന്നു നൂൺഷ്യേച്ചറിലെ അധികാരികളോടും ജീവനക്കാരോടും യാത്രപറഞ്ഞ ഫ്രാൻസിസ് പാപ്പ ഏഥൻസ് നഗരത്തിലെ മാറോസ്സി എന്ന സ്ഥലത്ത് ഊർസുലൈൻ സന്ന്യാസിനിമാർ നടത്തുന്ന വിശുദ്ധ ഡയോനീഷ്യസിന്റെ നാമധേയത്തിലുള്ള സ്കൂളില്‍ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. നൂറുകണക്കിന് കുട്ടികളും മുതിർന്നവരുമാണ് പാപ്പായെ കാണുവാനായി വഴിയുടെ ഇരുവശങ്ങളിലും കാത്തുനിന്നിരുന്നത്. ഗാനങ്ങൾ ആലപിച്ചുകൊണ്ടിരുന്ന ഗായകസംഘത്തിന് മുന്നിലൂടെ ഹാളിലെത്തിയ പാപ്പായെ പരമ്പരാഗത നൃത്തത്തോടെ യുവജനങ്ങള്‍ വരവേറ്റു.

കൂടിക്കാഴ്ചയ്ക്ക് ശേഷം, പ്രാദേശികസമയം ഏതാണ്ട് പതിനൊന്നു മണിയോടെ ഫ്രാൻസിസ് പാപ്പാ ഏഥൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രയായി. വിമാനത്താവളത്തിലെത്തിയ പാപ്പയെ ഗ്രീസിന്റെ വിദേശകാര്യമന്ത്രി സ്വീകരണ മുറിയില്‍ സ്വീകരിച്ചു. ഇരുവരുമായുള്ള സ്വകാര്യസംഭാഷണത്തിന് ശേഷം പുറത്തിറങ്ങിയ പാപ്പായ്ക്ക് സൈനികോപചാരം നൽകി. അവിടെയുണ്ടായിരുന്ന വിവിധ പ്രതിനിധിസംഘങ്ങളുടെ അഭിവാദ്യങ്ങൾ സ്വീകരിച്ച പാപ്പ പ്രാദേശികസമയം 12 മണിയോടെ റോമിലെ വിമാനത്താവളത്തിലേക്ക് യാത്രയായി. റോമിലെ വിമാനത്താവളത്തില്‍ എത്തിയ ഉടനെ മരിയ മേജ്ജോറെ ബസലിക്കയിലെത്തി പരിശുദ്ധ അമ്മയ്ക്ക് കൃതജ്ഞതയർപ്പിച്ചു പ്രാര്‍ത്ഥിച്ചു. ഇതിന് ശേഷമാണ് വസതിയിലേക്ക് മടങ്ങിയത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »