News - 2025
സിറിയന്‍ ക്രൈസ്തവരുടെ ഭാവിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പാര്‍ലമെന്‍റ് പ്രതിനിധികള്‍
പ്രവാചകശബ്ദം 08-07-2025 - Tuesday
സ്റ്റോക്ക്ഹോം: സിറിയയിലെ ഡമാസ്കസില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ചാവേര്‍ ആക്രമണത്തിന് പിന്നാലെ ക്രൈസ്തവരുടെ ഭാവിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പാര്‍ലമെന്‍റ് പ്രതിനിധികള്‍. സ്വീഡിഷ് റിസ്ക്ഡാഗ് യൂറോപ്യൻ അഫയേഴ്‌സ് കമ്മിറ്റിയിൽ പ്രസംഗിച്ച സിറിയൻ പാർലമെന്‍റ് പ്രതിനിധികളായ ഇസ കഹ്‌റാമാനും യൂസഫ് അയ്ഡിനും രാജ്യത്തെ ക്രൈസ്തവരുടെ നിലനില്‍പ്പില്‍ ആശങ്ക പ്രകടിപ്പിച്ചു.
നിലവിൽ സിറിയ ഭരിക്കുന്ന പ്രബല ഇസ്ലാമിക ശക്തികൾ ചെറിയ ജനസംഖ്യ മാത്രമായിട്ടുള്ള ക്രൈസ്തവരെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതില്‍ ഭയവും ആശങ്കയുമുണ്ടെന്ന് ക്രിസ്ത്യൻ ഡെമോക്രാറ്റ് പ്രതിനിധി യൂസഫ് അയ്ഡിൻ പറഞ്ഞു.
ആദ്യം അലവൈറ്റുകൾക്കെതിരെയും പിന്നീട് ഡ്രൂസിനെതിരെയും നടന്ന അക്രമങ്ങളുടെ തുടര്‍ച്ചയായി അടുത്തിടെ സെന്റ് ഏലിയാസ് പള്ളിയില്‍ നടന്ന ബോംബാക്രമണത്തെ ക്രൈസ്തവര്‍ക്കു നേരെയുള്ള ഒരു തരം ശത്രുത മനോഭാവമായാണ് നിരീക്ഷിക്കുന്നതെന്ന് യൂസഫ് കൂട്ടിച്ചേര്‍ത്തു. സിറിയയ്‌ക്കായി ഒരു കേന്ദ്രീകൃത ഗവൺമെന്റ് സംവിധാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും എല്ലാവർക്കും അവകാശങ്ങളും സംരക്ഷണവും നൽകുന്നതു ഉറപ്പ് വരുത്തേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂൺ 21-ന്, മാർ ഏലിയാസ് ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 29 പേർ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ആക്രമണത്തിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിന്നു. ചാവേർ ആക്രമണത്തിന് പിന്നാലെ സരായ അൻസാർ അൽ സുന്ന എന്ന തീവ്ര ഇസ്ളാമിക സംഘടന പുറത്തുവിട്ട പ്രസ്താവനയിൽ വരാനിരിക്കുന്നത് ഇതിലും മോശമായ കാര്യമാണെന്നു ഭീഷണി മുഴക്കിയെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. നിങ്ങളുടെ രക്തം വെള്ളപ്പൊക്കം പോലെ ഒഴുകുമെന്നും മാർ ഏലിയാസ് ദേവാലയത്തില്‍ നടന്ന സംഭവം നിങ്ങളെ തുടച്ചുനീക്കുന്ന ദുരന്തങ്ങളുടെ ഒരു പരമ്പരയിലെ ആദ്യ പാഠമാണെന്നും ഭീഷണി മുഴക്കിയായിരിന്നു പ്രസ്താവന.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
