News - 2025

2025 യുവജന ജൂബിലിക്കുള്ള മാർഗരേഖ വത്തിക്കാൻ പ്രസിദ്ധീകരിച്ചു

പ്രവാചകശബ്ദം 11-07-2025 - Friday

വത്തിക്കാന്‍ സിറ്റി: 2025 യുവജന ജൂബിലിയ്ക്കുള്ള പ്രത്യേക മാർഗരേഖ വത്തിക്കാന്റെ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ചു. ജൂലൈ ഇരുപത്തിയെട്ടു മുതൽ ആഗസ്റ്റ് മാസം മൂന്നാം തീയതി വരെ റോമിൽ നടക്കുന്ന യുവജന ജൂബിലി ആഘോഷത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. തീർത്ഥാടകർക്കായുള്ള മാർഗ്ഗനിർദേശങ്ങളടങ്ങിയ ലഘുരേഖയാണിത്. യുവജന തീർത്ഥാടകർക്ക് സൗകര്യപ്രദമായ രീതിയിൽ, സംശയരഹിതമായി പങ്കെടുക്കുന്നതിനാവശ്യമായ ഉപയോഗപ്രദമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന മാർഗരേഖയാണിത്.

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന യുവജന ജൂബിലി വേളയിൽ, വിവിധ സാംസ്കാരിക പരിപാടികൾ, പ്രാർത്ഥനാസമ്മേളനങ്ങൾ, കൂട്ടായ്മകൾ, വിശുദ്ധ വാതിൽ പ്രവേശനം, അനുരഞ്ജനകൂദാശ സ്വീകരണം, ജാഗരണ പ്രാർത്ഥനകൾ, ആരാധനകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 2 ശനിയാഴ്ച നടക്കുന്ന ജാഗരണപ്രാർത്ഥനയിലും, ഓഗസ്റ്റ് 3 ഞായറാഴ്ച തോർ വെർഗാത്തയിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും ലെയോ പതിനാലാമൻ പാപ്പ സംബന്ധിക്കും.

ജൂലൈ ഇരുപത്തിയൊൻപതാം തീയതി വൈകുന്നേരം ഏഴുമണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെയാണ് ഔദ്യോഗികമായി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കപ്പെടുന്നത്. ആഗസ്റ്റ് മാസം ഒന്നാം തീയതി ചിർക്കോ മാസ്സിമോയിൽ വച്ച് അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും. ആഗസ്റ്റ് മാസം രണ്ടാം തീയതി തോർ വെർഗാത്തയിൽ വച്ചു നടക്കുന്ന ജാഗരണ പ്രാർത്ഥനയോടെയും, പിറ്റേദിവസം രാവിലെ നടക്കുന്ന വിശുദ്ധ കുർബാനയോടെയും യുവജന ജൂബിലി ആഘോഷങ്ങൾ സമാപിക്കും.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »