News

മെൽബൺ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് നിർവഹിച്ചു

പ്രവാചകശബ്ദം 12-07-2025 - Saturday

മെല്‍ബണ്‍: മെൽബൺ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്റർ (സാൻതോം ഗ്രോവ്) ഉദ്ഘാടനം ചെയ്തു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചതിന് ശേഷമാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. മെൽബൺ രൂപതയുടെ വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി സ്വാ​ഗതപ്രസം​ഗം നടത്തി.

മെല്‍ബണ്‍ ബിഷപ്പ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ ചടങ്ങിൽ അധ്യക്ഷനായി. രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍, എപി പോളിൻ റിച്ചാർഡ്, എംപി സിൻഡി മകലേയ്, കോൺസുലർ ജനറൽ ഓഫ് ഇന്ത്യ ഡോ. സുശീൽ കുമാർ, പള്ളോറ്റൈൻ കോളജ് ചെയർമാൻ ​ഗാവിൻ റോഡറിക്, എംപി ഇവാൻ വാൾട്ടേഴ്സ് തുടങ്ങിയവർ ആശംസകളറിയിച്ച് സംസാരിച്ചു. ഫിനാൻസ് ഓഫിസർ ഡോ. ജോൺസൺ ജോർജ് നന്ദി പ്രകാശനം നടത്തി.

ഓസ്ട്രേലിയയിലെ വിവിധ രൂപതകളിലും മെൽബൺ സീറോമലബാർ രൂപതയിലും സേവനം ചെയ്യുന്ന വൈദികർ, മെൽബൺ സീറോമലബാർ രൂപതയിലെ ഇടവകകളിൽനിന്നും മിഷനുകളിൽനിന്നുമുള്ള പ്രതിനിധികൾ, ഓസ്ട്രേലിയയിലെ ഫെഡറൽ-സ്റ്റേറ്റ് മന്ത്രിമാർ, എം.പിമാർ, സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. സാൻതോം ഗ്രോവിന്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് നിർവഹിച്ചു.

പാസ്റ്ററൽ സെന്ററിന് പുറമേ മൈ​ഗ്രന്റ് റിസേർച്ച് സെന്റർ, ലൈബ്രറി തുടങ്ങിയ നിരവധി കാര്യങ്ങൾ ഈ സെന്ററിൽ പ്രവർത്തിക്കും കൂടാതെ രൂപതതലത്തിൽ നടക്കുന്ന ധ്യാനങ്ങള്ക്കും കോൺഫറൻസുകൾക്കും വിവിധ മിനിസ്ട്രികളുടെ പ്രോഗ്രാമുകൾക്കും ഈ സ്ഥലം പ്രയോജനം ചെയ്യുംവിധത്തിലാണ് സാൻതോം ഗ്രോവ് വിഭാവനംചെയ്തിരിക്കുന്നത്. മെൽബൺ സിറ്റിയിൽ നിന്നും 60 കിലോമീറ്റർ അകലെ വെസ്‌ബേൺ എന്ന സ്ഥലത്തെ 200 ഏക്കർ സ്ഥലമാണ് രൂപതയുടെ പാസ്റ്ററൽ ആൻഡ് കമ്മ്യുണിറ്റി റിസോഴ്‌സ് സെന്ററിനായി സ്വന്തമാക്കിയത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »