News - 2025

ആര്‍ച്ച് ബിഷപ്പ് റാഫി മഞ്ഞളി വത്തിക്കാനിലെ മതാന്തര സംവാദത്തിനുള്ള കാര്യാലയ അംഗം

പ്രവാചകശബ്ദം 17-07-2025 - Thursday

വത്തിക്കാന്‍ സിറ്റി: മലയാളിയും ആഗ്ര അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. റാഫി മഞ്ഞളിയെ ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിലെ മതാന്തര സംവാദത്തിനുള്ള കാര്യാലയത്തിൻ്റെ അംഗമായി നിയമിച്ചു. അഞ്ചു വർഷത്തേക്കാണു നിയമനം. മതാന്തര സംവാദ തിരുസംഘത്തിന്റെ തലവനായി മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ മാര്‍പാപ്പ നേരത്തെ നിയമിച്ചിരിന്നു. ഈ സംഘത്തിലേക്കാണ് ആര്‍ച്ച് ബിഷപ്പ് റാഫി മഞ്ഞളിയെ അംഗമായി നിയമിച്ചിരിക്കുന്നത്.

1958 ഫെബ്രുവരി 7-ന് എം.വി. ചാക്കോയുടെയും കത്രീനയുടെയും മകനായി​ ജനിച്ചു. തന്റെ പ്രാഥമിക വിദ്യാഭ്യാസം വെണ്ടോരിലെ സെന്റ് ഫ്രാൻസിസ് സേവ്യർ സ്കൂളിലും പിന്നീട് ഹൈസ്കൂൾ വിദ്യാഭ്യാസം അളഗപ്പനഗർ ഹൈസ്കൂളിൽ പൂർത്തിയാക്കി. 1973 ൽ ആഗ്രയിലെ സെന്റ് ലോറൻസ് മൈനർ സെമിനാരിയിൽ അദ്ദേഹം ചേർന്നു. 1975 ൽ അലഹബാദിലെ സെന്റ് ജോസഫ്സ് റീജിയണൽ സെമിനാരിയിൽ ചേർന്ന അദ്ദേഹം 1983 ൽ ഫിലോസഫി, തിയോളജി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ആഗ്ര സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1983 മേയ് 11നു തൃശൂർ ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളത്തിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. 2007 ഫെബ്രുവരി 24നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വാരാണസി ബിഷപ്പായി നിയമിച്ചു. 2013 ഒക്ടോബർ 17നു ഫ്രാൻസിസ് മാർപാപ്പ ഇദ്ദേഹത്തെ അലഹാബാദ് ബിഷപ്പായും 2020 നവംബർ 12 ന് ആഗ്ര ആർച്ച്ബിഷപ്പായും നിയമിച്ചു.


Related Articles »