News - 2025

ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തിന് നേരെ ഇസ്രായേല്‍ ആക്രമണം; 3 മരണം, വികാരിയ്ക്കു പരിക്ക്

പ്രവാചകശബ്ദം 18-07-2025 - Friday

ജെറുസലം: ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തിന് നേരെ ഇസ്രായേലി സേന നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റു. ക്രൈസ്ത‌വരെ കൂടാതെ നിരവധി ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെടെ നൂറുകണക്കിനു ആളുകള്‍ക്ക് ദേവാലയ പരിസരത്ത് അഭയം ഒരുക്കിയിരിന്നു. ഇസ്രായേലി ഷെല്‍ ആക്രമണത്തില്‍ ദേവാലയ പരിസരത്ത് വിവിധ നാശനഷ്ടങ്ങളുണ്ടായി.

സാദ് ഇസ്സ കൊസ്താൻഡി സലാമെ, ഫൗമിയ ഇസ്സ ലത്തീഫ് അയ്യാദ് എന്നിവരുടെ മരണം ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് ആദ്യം സ്ഥിരീകരിച്ചിരിന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം മൂന്നാമത്തെ വ്യക്തിയായ നജ്‌വ ദാവൂദ് മരിച്ചു. നിരവധി സാധാരണക്കാരായവര്‍ക്ക് പരിക്കുകൾ സംഭവിച്ചുവെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മരിച്ചവരുടെ ആത്മാക്കളുടെ നിത്യശാന്തിയ്ക്ക് വേണ്ടിയും കിരാത യുദ്ധം അവസാനിപ്പിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പാത്രിയാർക്കേറ്റ് പ്രസ്താവനയില്‍ കുറിച്ചു.

യുദ്ധത്തിന്റെ ഇരകള്‍ക്ക് അഭയകേന്ദ്രമായ ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവകയിൽ ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി സംഘം അടുത്തിടെ സന്ദര്‍ശനം നടത്തിയിരിന്നു. യുദ്ധത്തിൽ കുടിയിറക്കപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് അഭയകേന്ദ്രമായ ദേവാലയത്തില്‍ മാനുഷിക കാര്യങ്ങളുടെ ഏകോപനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസ് അംഗങ്ങളാണ് സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തിനിടെ ദേവാലയം ചെയ്തു വരുന്ന നിസ്തുല സേവനത്തിന് പ്രതിനിധി സംഘം നന്ദി അറിയിച്ചിരിന്നു. പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിന് രണ്ടാഴ്ച തികയും മുന്‍പാണ് ദേവാലയത്തിന് നേരെ ആക്രമണമുണ്ടായത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »