News - 2025
അമേരിക്കയില്‍ ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കാന്‍ 405 നവവൈദികര്‍
പ്രവാചകശബ്ദം 18-07-2025 - Friday
വാഷിംഗ്ടൺ ഡി.സി: ആഗോള കത്തോലിക്ക സഭ ജൂബിലി വര്‍ഷമായി കൊണ്ടാടുന്ന ഈ ഈ വര്‍ഷം അമേരിക്കയില്‍ തിരുപ്പട്ടം സ്വീകരിക്കാന്‍ 405 നവവൈദികര്‍ ഒരുങ്ങുന്നു. അമേരിക്കന്‍ മെത്രാന്മാരുമായി സഹകരിച്ച് സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ ദി അപ്പോസ്തോലേറ്റ് എന്ന സംഘടന (CARA) നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇതില്‍ 80 ശതമാനം പേരും രൂപതകളിലെ ശുശ്രൂഷകള്‍ക്കായാണ് നിയമിക്കപ്പെടുക. ശേഷിക്കുന്ന ബാക്കി 20 ശതമാനം പേർ സന്യാസ സമൂഹങ്ങളിലെ ഉത്തരവാദിത്വങ്ങളിലേക്ക് പ്രവേശിക്കും.
മുന്‍പ് അൾത്താര ശുശ്രൂഷകരായി പ്രവര്‍ത്തിച്ചിരിന്നവരാണ് നവവൈദികരില്‍ ബഹുഭൂരിപക്ഷവും. വിർജീനിയയിലെ ആർലിംഗ്ടൺ രൂപതയാണ് നവ വൈദികരുടെ തിരുപ്പട്ട സ്വീകരണത്തിന്റെ എണ്ണത്തിൽ മുന്നിൽ നില്‍ക്കുന്നത്. ബിഷപ്പ് മൈക്കൽ ബർബിഡ്ജ് കഴിഞ്ഞ ജൂൺ 7ന് 12 ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം നല്‍കിയിരിന്നു. ഇനിയും നിരവധി പേര്‍ തിരുപ്പട്ട സ്വീകരണത്തിന് ഒരുങ്ങുന്നുണ്ട്. ഒഹായോയിലെ ക്ലീവ്‌ലാൻഡ് രൂപതയിലും പൗരോഹിത്യ വസന്തമാണ്. ബിഷപ്പ് എഡ്വേർഡ് മലെസിക് മെയ് 17ന് എട്ട് ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം നല്‍കിയിരിന്നു.
ഈ വര്‍ഷം സന്യാസ സമൂഹങ്ങളില്‍ നിന്ന് ഏറ്റവും അധികം വൈദികരെ സമ്മാനിക്കുന്നത് ജെസ്യൂട്ടു സമൂഹമാണ്. നാല് യുഎസ് പ്രവിശ്യകളിലായി, 18 ജെസ്യൂട്ട് വൈദികരാണ് പൗരോഹിത്യം സ്വീകരിച്ചത്. ഡൊമിനിക്കൻ സമൂഹത്തില്‍ നിന്നുള്ള ഒന്‍പത് നവവൈദികരാണ് ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കുന്നത്. ഇതില്‍ ഏഴ് പേരുടെ തിരുപ്പട്ട സ്വീകരണം ഇതിനോടകം വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ ഷ്രൈനിലെ ബസിലിക്കയിൽ നടന്നു. സിഡ്നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷറിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരിന്നു തിരുപ്പട്ട സ്വീകരണം. 195 രൂപതകളിലായി 66 ദശലക്ഷത്തിലധികം കത്തോലിക്കരാണ് അമേരിക്കയിലുള്ളത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
