India - 2025
വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം ദാനംചെയ്ത് കണ്ണൂര്‍ രൂപത
പ്രവാചകശബ്ദം 22-07-2025 - Tuesday
കണ്ണൂര്‍: പരിമിതികളാല്‍ വീര്‍പ്പുമുട്ടി ജനത്തിനും ഉദ്യോഗസ്ഥര്‍ക്കും ദുരിതമായി മാറിയിരിന്ന പട്ടുവം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം ദാനംചെയ്ത് കണ്ണൂര്‍ രൂപത. വില്ലേജ് ഓഫീസിനായി ഉയര്‍ന്ന വിലയുള്ള പത്ത് സെന്റ് സ്ഥലമാണ് കണ്ണൂര്‍ രൂപത ദാനമായി നല്‍കിയത്. ഒന്നരസെന്റ് സ്ഥലത്തെ പഴയ കെട്ടിടത്തിലാണ് നിലവിലുള്ള വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചുവന്നത്. റെക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍പോലുമിടമില്ലാതെ ഏറെ പരിമിതി നേരിട്ട സ്ഥലം ജീവനക്കാര്‍ക്കും ആവശ്യക്കാര്‍ക്കും തലവേദനയായിരിന്നു.
പുതിയ വില്ലേജ് ഓഫീസ് പണിയുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഈ അവസ്ഥ വില്ലേജ് ഓഫീസര്‍ സി. റീജയാണ് കണ്ണൂര്‍ രൂപതയുടെ ശ്രദ്ധയില്‍പെടുത്തിയത്. മുന്‍ ആര്‍ഡിഒ ഇ.പി.മേഴ്സിയും ഇക്കാര്യം രൂപത മെത്രാന്‍ ഡോ. അലക്സ് വടക്കുംതലയുടെ മുന്നില്‍ അവതരിപ്പിച്ചതോടെ രൂപതാ അധികൃതര്‍ കൂടിച്ചേര്‍ന്ന് സ്ഥലം ദാനംചെയ്യാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
കണ്ണൂര്‍ ബിഷപ് ഹൗസില്‍ നടന്ന ചടങ്ങില്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി കണ്ണൂര്‍ എഡിഎം കലാ ഭാസ്‌കറിന് ആധാരം കൈമാറി സ്ഥലത്തിന്റെ കൈമാറ്റച്ചടങ്ങ് നിര്‍വഹിച്ചു. ജനോപകാരപ്രദവും സേവനപരവുമായ ദൗത്യം കത്തോലിക്ക സഭ തുടര്‍ന്നുവരുന്നതിന്റെ ഭാഗമായാണ് വിലയേറിയ സ്ഥലമായിട്ടും രൂപത ഇത് സര്‍ക്കാരിന് ദാനമായി നല്‍കുന്നതെന്ന് ബിഷപ്പ് കുറുപ്പശേരി പറഞ്ഞു. ബിഷപ്പ് ഡോ. വടക്കുംതല സ്ഥലത്തില്ലാതിരുന്നിട്ടും തുടര്‍ നടപടികള്‍ വൈകാതെ ഇരിക്കാന്‍ കഴിഞ്ഞ ദിവസംതന്നെ പത്ത് സെന്റ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
