India - 2025

മാർ മാത്യു മാക്കീലിന്റെ ധന്യൻ പദവി പ്രഖ്യാപനം ശനിയാഴ്ച

പ്രവാചകശബ്ദം 24-07-2025 - Thursday

കോട്ടയം: ദൈവദാസൻ മാർ മാത്യു മാക്കീലിന്റെ ധന്യൻ പദവി പ്രഖ്യാപനവും മാർ തോമസ് തറയിലിന്റെ അമ്പതാം ചരമവാർഷികാചരണ സമാപനവും 26ന് രാവിലെ 9.30ന് കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലിൽ നടക്കും. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ തിരുക്കർമങ്ങൾക്കു മുന്നോടിയായി തിരി തെളിച്ച് സന്ദേശം നൽകും. കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും.

സഹായമെത്രാൻമാരായ മാർ ജോസഫ് പണ്ടാരശേരിലും ഗീവർഗീസ് മാർ അപ്രേമും അതിരൂപതയിലെ വൈദികരും സഹകാർമികരാകും. അതിരൂപതയിലെ സമർപ്പിതരും സംഘടനാ ഭാരവാഹികളും വിവിധ ഇടവകകളെ പ്രതിനിധീകരിച്ചെത്തുന്ന വിശ്വാസികളും തിരുക്കർമങ്ങളിൽ പങ്കാളികളാകും.

ചങ്ങനാശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗർക്കായി നൽകപ്പെട്ട കോട്ടയം വികാരിയാത്തിൻ്റെയും പ്രഥമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷൻ സന്യാസിനീ സമൂഹത്തിൻ്റെ സ്ഥാപകനുമായ മാർ മാത്യു മാക്കീലിനെ മേയ് 22നാണ് ലെയോ പതിനാലാമൻ മാർപാപ്പ ധന്യനായി പ്രഖ്യാപിക്കുന്നതിനുള്ള തീരുമാനമെടുത്തത്. മതാധ്യാപക, വിദ്യാഭ്യാസ മേഖലകളിൽ ഒട്ടേറെ സംഭാവനകൾ നൽകിയ അദ്ദേഹം സന്യാസജീവിതത്തിലേക്കുള്ള വിളി പ്രോത്സാഹിപ്പിക്കുന്നതിലും ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിലും മുൻനിരയിലുണ്ടായിരുന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »