News

ചരിത്രത്തില്‍ ആദ്യമായി ക്രൈസ്തവര്‍ ന്യൂനപക്ഷമായ രാജ്യത്ത് യുവജന സംഗമം; തയാറെടുപ്പുമായി ദക്ഷിണ കൊറിയ

പ്രവാചകശബ്ദം 05-08-2025 - Tuesday

സിയോള്‍/ വത്തിക്കാന്‍ സിറ്റി: ചരിത്രത്തില്‍ ആദ്യമായി ക്രൈസ്തവ ഭൂരിപക്ഷം കുറഞ്ഞ രാജ്യത്ത് യുവജന സംഗമം നടത്തുന്നതിനാണ് ദക്ഷിണ കൊറിയ വേദിയാകുന്നത്. ഒരു അക്രൈസ്തവ ഭൂരിപക്ഷ രാജ്യത്ത് നടക്കുന്ന ആദ്യത്തെ ലോക യുവജന ദിന ആഘോഷമായിരിക്കും ഇത്. ദക്ഷിണ കൊറിയയുടെ ജനസംഖ്യയുടെ 11% മാത്രമേ കത്തോലിക്ക വിശ്വാസികളുള്ളൂ. 1995-ൽ ഫിലിപ്പീൻസിൽ നടന്ന ലോക യുവജന ദിന സംഗമത്തിന് ശേഷം ഏഷ്യ രണ്ടാം തവണയാണ് വേദിയാകുന്നത്. ക്രിസ്ത്യാനികൾ ന്യൂനപക്ഷമായ ഒരു രാജ്യത്തേക്ക് ആഗോള കത്തോലിക്ക സഭയിലെ പ്രധാന പരിപാടി നടത്തുമ്പോള്‍ കൊറിയന്‍ സഭയ്ക്ക് ഇത് പ്രധാന നിമിഷമാണെന്ന് വിലയിരുത്തപ്പെടുന്നു.

ക്രൈസ്തവര്‍ കുറവുള്ള സ്ഥലങ്ങളിൽ പോലും വിശ്വാസം എങ്ങനെ തഴച്ചുവളരുകയും പ്രചോദനം നൽകുകയും ചെയ്യും എന്നതിന്റെ ശക്തമായ പ്രതീകമായിരിക്കും സിയോളില്‍ നടക്കുന്ന സംഗമമെന്ന്‍ സഭാ നേതാക്കൾ വിശ്വസിക്കുന്നു. ധൈര്യത്തോടെയും പ്രത്യാശയോടെയും ഒരുമിച്ച് നിൽക്കാനുള്ള യുവജനങ്ങളോടുള്ള ആഗോള ക്ഷണമാണിതെന്ന് സഭാനേതൃത്വം വിലയിരുത്തി. കൊറിയയിലെ കത്തോലിക്ക ബിഷപ്പ് കോൺഫറൻസിന്റെ തലവനായ ബിഷപ്പ് പീറ്റർ ലീ കി-ഹിയോൺ കൊറിയ സംഗമ വേദിയായുള്ള പ്രഖ്യാപനത്തെ 'ചരിത്രത്തിലെ നാഴികക്കല്ല്' എന്നാണ് വിശേഷിപ്പിച്ചത്.

ലോകമെമ്പാടുമുള്ള യുവജനങ്ങളെ സ്വാഗതം ചെയ്യാൻ കൊറിയയിലെ സഭ തയാറാണെന്നും ഒരു അക്രൈസ്തവ സമൂഹത്തിൽ ഈ പരിപാടി നടത്തുന്നത്, സഭ കത്തോലിക്കർക്ക് മാത്രമല്ല, എല്ലാവർക്കും തുറന്നിരിക്കുന്നുവെന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. "ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു" (യോഹന്നാൻ 16:33) എന്നതാണ് യുവജന സംഗമത്തിന്റെ ആപ്തവാക്യം. 2027 ഓഗസ്റ്റ് 3-8 വരെ തീയതികളില്‍ നടക്കുന്ന സംഗമത്തിന്റെ തീയതി പ്രഖ്യാപനം ഇക്കഴിഞ്ഞ ദിവസം ലെയോ പാപ്പയാണ് നടത്തിയത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »