News
നമ്മൾ പരാജയപ്പെട്ടാലും, ദൈവത്തിന് പരാജയമില്ലായെന്നതാണ് പ്രത്യാശ: ലെയോ പാപ്പ
പ്രവാചകശബ്ദം 14-08-2025 - Thursday
വത്തിക്കാന്‍ സിറ്റി: നമ്മൾ പരാജയപ്പെട്ടാലും, ദൈവം ഒരിക്കലും പരാജയപ്പെടില്ലായെന്ന് അറിയുന്നതാണ് പ്രത്യാശയെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ഇന്നലെ ബുധനാഴ്ച (13/08/25) പോൾ ആറാമൻ ഹാളില്‍ നടത്തിയ പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നമ്മൾ ഒറ്റിക്കൊടുത്താലും, അവിടുന്ന് ഒരിക്കലും നമ്മെ സ്നേഹിക്കുന്നതിന് വിരാമമിടുന്നില്ല. എളിയതും മുറിവേറ്റതും എന്നാൽ എല്ലായ്പ്പോഴും വിശ്വസ്തവുമായ ഈ സ്നേഹത്താൽ സ്പർശിതരാകാൻ നാം നമ്മെത്തന്നെ അനുവദിച്ചാൽ നമുക്ക് യഥാർത്ഥത്തിൽ പുനർജനിക്കാൻ കഴിയും. അപ്പോൾ നമ്മൾ, ഒറ്റുകാരായിട്ടല്ല, എപ്പോഴും സ്നേഹിക്കപ്പെടുന്ന മക്കളായി ജീവിക്കാൻ തുടങ്ങുമെന്നും പാപ്പ പറഞ്ഞു.
നമ്മൾ വിധിക്കാൻ ശീലിച്ചവരാണ്. എന്നാൽ, ദൈവമാകട്ടെ, സഹനം സ്വീകരിക്കുന്നു. തിന്മ കാണുമ്പോൾ അവിടുന്ന് പ്രതികാരം ചെയ്യുന്നില്ല, മറിച്ച് വേദനിക്കുന്നു. നമ്മെ സൃഷ്ടിച്ച സ്നേഹത്തെ നാം നിഷേധിക്കുകയാണെങ്കിൽ, ഒറ്റിക്കൊടുക്കുന്നതിലൂടെ നാം നമ്മോട് തന്നെ അവിശ്വസ്തരായി തീരുകയാണെങ്കിൽ, ലോകത്തിൽ ജനിച്ചതിൻറെ പൊരുൾ നമുക്ക് യഥാർത്ഥത്തിൽ നഷ്ടപ്പെടുകയും രക്ഷയിൽ നിന്ന് നാം സ്വയം ഒഴിവാക്കുകയും ചെയ്യുന്നു. നമ്മുടെ പരിമിതികൾ നാം തിരിച്ചറിഞ്ഞാൽ, ക്രിസ്തുവിൻറെ വേദനയാൽ സ്പർശിക്കപ്പെടാൻ നാം അനുവദിച്ചാൽ, ഒടുവിൽ നമുക്ക് വീണ്ടും ജനിക്കാൻ കഴിയും.
വിശ്വാസം പാപ സാദ്ധ്യതയിൽ നിന്ന് നമ്മെ ഒഴിവാക്കുന്നില്ല, എന്നാൽ അതിൽനിന്ന് പുറത്തുകടക്കാനുള്ള ഒരു വഴി എല്ലായ്പ്പോഴും നമുക്ക് പ്രദാനം ചെയ്യുന്നു: അത് കരുണയുടെ പാതയാണ്. അവൻ തൻറെ പ്രിയപ്പെട്ടവരുമൊത്ത് ഭക്ഷണമേശയ്ക്കരികിൽ ഇരിക്കുന്നു. തന്നെ ഒറ്റിക്കൊടുക്കുന്നവനു വേണ്ടിപ്പോലും അപ്പം മുറിക്കാൻ അവൻ മടിക്കുന്നില്ല. ഇതാണ് ദൈവത്തിൻറെ നിശബ്ദ ശക്തി: താൻ ഒറ്റപ്പെടുത്തപ്പെടുമെന്ന് അറിയുമ്പോൾ പോലും അവൻ ഒരിക്കലും സ്നേഹത്തിൻറെ മേശ ഉപേക്ഷിക്കുന്നില്ലായെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
