News
ബിഷപ്പ് ഫ്രാൻസിസ് സെറാവോ മൈസൂർ രൂപതയുടെ പുതിയ മെത്രാൻ
പ്രവാചകശബ്ദം 16-08-2025 - Saturday
വത്തിക്കാന്‍ സിറ്റി: കർണ്ണാടകയിലെ മൈസൂർ രൂപതയുടെ പുതിയ അധ്യക്ഷനായി ജെസ്യൂട്ട് സന്യാസ സമൂഹാംഗമായ ബിഷപ്പ് ഫ്രാൻസിസ് സെറാവോയെ നിയമിച്ച് ലെയോ പതിനാലാമന്‍ പാപ്പയുടെ ഉത്തരവ്. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനമായ ഇന്നലെ ആഗസ്റ്റ് 15 വെള്ളിയാഴ്ചയാണ് പാപ്പ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 2014 മുതൽ കർണ്ണാടകയിലെ ഷിമോഗ രൂപതയുടെ അദ്ധ്യക്ഷനായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു ബിഷപ്പ് സെറാവോ.
1959 ആഗസ്റ്റ് 15നു മൈസൂറിലുള്ള മൂഡബിദ്രിയിലാണ് ഫ്രാൻസിസ് സെറാവോയുടെ ജനനം. 1979 ജനുവരി 3-ന് ബാംഗ്ലൂരിലെ മൗണ്ട് സെന്റ് ജോസഫിൽ ജെസ്യൂട്ട് സമൂഹത്തില്‍ ചേര്‍ന്നു. ചെന്നൈയിലെ സത്യനിലയം, പൂനെയിലെ ജ്ഞാനദീപ വിദ്യാപീഠം എന്നീ ജെസ്യൂട്ട് സ്ഥാപനങ്ങളിലാണ് പഠനം നടത്തിയത്. തുടർന്ന് ഡൽഹിയിലെ വിദ്യാജ്യോതി കോളേജിൽ നിന്ന് ദൈവശാസ്ത്രത്തിൽ ലൈസൻഷ്യേറ്റ് നേടി. 1992 ഏപ്രില്‍ 30നു പൗരോഹിത്യം സ്വീകരിച്ചു. 2014 മാർച്ച് 19ന് മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
മൈസൂർ രൂപതയുടെ ഒന്‍പതാമത്തെ ബിഷപ്പാണ് അദ്ദേഹം. മൈസൂർ, മാണ്ഡ്യ, കുടക്, ചാമരാജനഗർ എന്നീ ജില്ലകൾ ഉൾപ്പെടുന്നതാണ് മൈസൂര്‍ രൂപത. ബാംഗ്ലൂർ, ഊട്ടകമുണ്ട്, സേലം, മാനന്തവാടി, കണ്ണൂർ, കോഴിക്കോട്, മംഗലാപുരം, ചിക്കമംഗളൂർ എന്നീ രൂപതകളുമായി അതിർത്തി പങ്കിടുന്നു. 93 ഇടവകകൾ, 140 രൂപതാ വൈദികർ, 108 സന്യാസ വൈദികർ, 893 സന്യാസിനികള്‍ എന്നിവര്‍ സേവനമനുഷ്ഠിക്കുന്ന രൂപതയില്‍ 1,34,000 കത്തോലിക്ക വിശ്വാസികളാണുള്ളത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
