News - 2025
ചുറ്റുമുള്ള ജനത്തോട് പലായനം ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചു; ഗാസ ഇടവക വികാരിയുടെ വെളിപ്പെടുത്തല്‍
പ്രവാചകശബ്ദം 19-08-2025 - Tuesday
ഗാസ: പാലസ്തീനികളെ മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതിയുമായി ഇസ്രായേൽ മുന്നോട്ട് പോകുന്നതിന് തെളിവുമായി ഗാസയിലെ ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി. തങ്ങള്‍ക്ക് ചുറ്റുമുള്ള ജനത്തോട് പലായനം ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. മുഴുവൻ അയൽപക്കത്തെ ആളുകള്‍ക്കും ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവർക്കു ടെന്റുകൾ വിതരണം ചെയ്യാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തിന്റെ വികാരിയായ ഫാ. ഗബ്രിയേൽ റൊമാനെല്ലി ഇറ്റാലിയൻ പത്ര ഏജൻസിയായ 'അന്‍സ'യോട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗാസ മുനമ്പിലെ ദശലക്ഷകണക്കിന് ആളുകൾക്ക് എവിടെ നിന്ന് അവർക്ക് സ്ഥലം കണ്ടെത്താനാകും? എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കിടെ സമീപത്ത് ഒരു വലിയ സ്ഫോടനം കേട്ടു. ഭാഗ്യവശാൽ, ആര്‍ക്കും ഒന്നും സംഭവിച്ചില്ല, ഭൗതിക നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂലൈ 17നു ഇസ്രായേല്‍ നടത്തിയ ആക്രമണത്തിൽ ഹോളി ഫാമിലി ദേവാലയത്തില്‍ അഭയം തേടിയ മൂന്ന് സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുകയും ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലെയോ പതിനാലാമന്‍ പാപ്പയെ വിളിച്ച് ഖേദം പ്രകടിപ്പിച്ചിരിന്നു. വിവിധ മതവിശ്വാസികളായഎഴുനൂറോളം ആളുകള്‍ക്ക് അഭയം ഒരുക്കിയും ഭക്ഷണവും മറ്റു വസ്തുക്കളും നല്‍കി യുദ്ധമുഖത്ത് സാന്ത്വനം പകര്‍ന്നുകൊണ്ടിരിക്കുന്ന ഇടവകയാണ് ഹോളി ഫാമിലി ദേവാലയം.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
