News
ജോൺ പോൾ രണ്ടാമന്‍ പാപ്പയുടെ പ്രിയപ്പെട്ട മരിയന്‍ ദേവാലയം സന്ദര്‍ശിച്ച് ലെയോ പാപ്പ
പ്രവാചകശബ്ദം 20-08-2025 - Wednesday
വത്തിക്കാന്‍ സിറ്റി: റോമിനടുത്തുള്ള കൃപകളുടെ മാതാവെന്ന വിശേഷണത്തോടെ അറിയപ്പെടുന്ന ഔവർ ലേഡി ഓഫ് മെന്റോറെല്ലയുടെ ദേവാലയത്തിൽ ലെയോ പാപ്പ സ്വകാര്യ സന്ദർശനം നടത്തി. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രമായ പർവത പട്ടണമായ കാപ്രാനിക്ക പ്രെനെസ്റ്റീനയ്ക്ക് സമീപമായി സ്ഥിതി ചെയ്യുന്ന ദേവാലയത്തിൽ ഇന്നലെയാണ് പാപ്പ സന്ദര്‍ശനം നടത്തിയത്. വിശാലമായ താഴ്‌വരയോട് അനുബന്ധിച്ച് നയന മനോഹരമായ കാഴ്ചകളോടെ ഒരു ചെറിയ പർവതത്തിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന മെന്റോറെല്ലയിലെ കൃപയുടെ മാതാവിന്റെ ദേവാലയം നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ സ്ഥാപിച്ചതാണ്.
335-ൽ സിൽവസ്റ്റർ ഒന്നാമൻ മാർപാപ്പയാണ് ദേവാലയം കൂദാശ ചെയ്തത്. ആറാം നൂറ്റാണ്ടിൽ ഇവയുടെ അവകാശം അടുത്തുള്ള സുബിയാക്കോയിലെ ബെനഡിക്റ്റൈൻ സന്യാസിമാർക്ക് നൽകുകയായിരിന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നിരവധി തവണ സന്ദര്‍ശനം നടത്തിയ മരിയന്‍ ദേവാലയമാണ് ഔവർ ലേഡി ഓഫ് മെന്റോറെല്ല. 2005-ൽ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു തൊട്ടുപിന്നാലെ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ദേവാലയം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചിരിന്നു.
ലെയോ മാർപാപ്പ ഇതുവരെ മൂന്ന് മരിയൻ ദേവാലയങ്ങളിലാണ് വിശേഷാല്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നത്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷം, മെയ് 10-ന്, റോമിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ യാത്രാദൂരമുള്ള ജെനാസാനോയിലെ അഗസ്തീനിയൻ സമൂഹം പരിപാലിക്കുന്ന ദേവാലയത്തിലായിരിന്നു ആദ്യ സന്ദര്‍ശനം. റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലും കാസ്റ്റൽ ഗാൻഡോൾഫോയ്ക്ക് സമീപമുള്ള അൽബാനോയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ട മരിയന്‍ ദേവാലയത്തിലും പാപ്പ സന്ദര്‍ശനം നടത്തിയിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
