News - 2025
ആഗോള കത്തോലിക്ക സഭ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു
പ്രവാചകശബ്ദം 22-08-2025 - Friday
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം ആഗോള കത്തോലിക്ക സഭ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. വിശുദ്ധ നാട്ടിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും അനേകര്‍ ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ലെയോ പാപ്പ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്തത്. പോൾ ആറാമൻ ഹാളിൽ പ്രതിവാര പൊതുകൂടിക്കാഴ്ച വേളയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവേ ഓഗസ്റ്റ് 22 പരിശുദ്ധ കന്യകാമറിയത്തിന്റെ രാജ്ഞിത്വ തിരുനാൾ ദിനത്തില്‍ സമാധാനത്തിനായി ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരിന്നു.
നമ്മുടെ അമ്മയായ മറിയം, സമാധാനത്തിൻ്റെ രാജ്ഞിയായും ഓർമിക്കപ്പെടുന്നു. യുക്രൈനും വിശുദ്ധ നാടും ലോകത്തിന്റെ ഇതര ഭാഗങ്ങളും യുദ്ധങ്ങളാൽ മുറിവേറ്റുകൊണ്ടിരിക്കുമ്പോൾ, ദുരിതമനുഭവിക്കുന്ന എല്ലാവർക്കുംവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നമുക്ക് സമാധാനവും നീതിയും നൽകാനും തുടർച്ചയായ സായുധ സംഘട്ടനങ്ങൾ മൂലം കഷ്‌ടപ്പെടുന്നവരുടെ കണ്ണുനീർ തുടയ്ക്കാനും കർത്താവിനോട് അപേക്ഷിക്കാം. സമാധാനത്തിന്റെ വഴികൾ കണ്ടെത്താൻ സമാധാനത്തിന്റെ രാജ്ഞിയായ മറിയത്തോട് നമുക്ക് മധ്യസ്ഥത യാചിക്കാമെന്നും മാർപാപ്പ പറഞ്ഞു.
പരിശുദ്ധ പിതാവിന്റെ ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ട് ഇന്നു വെള്ളിയാഴ്‌ച, സീറോമലബാർ സഭയിലും ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കാൻ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍ദ്ദേശം നല്‍കിയിരിന്നു. എല്ലാ പള്ളികളിലും സമർപ്പിതഭവനങ്ങളിലും ഒരു മണിക്കൂറെങ്കിലും പരിശുദ്ധ കുർബാനയുടെ ആരാധന നടത്തണമെന്നും പരിശുദ്ധ പിതാവിനോടും സാർവത്രികസഭയോടു ചേർന്നു സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
