News - 2025
അരക്ഷിതാവസ്ഥ; പെറുവില്‍ നിന്ന് പത്ത് കർമ്മലീത്ത കന്യാസ്ത്രീകൾ പലായനം ചെയ്തു
പ്രവാചകശബ്ദം 22-08-2025 - Friday
മാഡ്രിഡ്/ ലിമാ: രാജ്യത്തെ അരക്ഷിതാവസ്ഥയെ തുടര്‍ന്നു പെറുവിൽ താമസിച്ചിരുന്ന മഠത്തിൽ നിന്ന് പത്ത് കർമ്മലീത്ത കന്യാസ്ത്രീകൾ സ്പെയിനിലേക്ക് പലായനം ചെയ്തു. ലിമയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പിന്നാക്കം നിൽക്കുന്ന പട്ടണമായ മഞ്ചേയിൽ 2012 മുതൽ സേവനം ചെയ്തിരിണ കർമ്മലീത്ത സന്യാസിനികളാണ് പ്രദേശത്തെ കഠിനമായ സാഹചര്യത്തെ തുടര്‍ന്നു സ്പെയിനിലെ സെഗോർബെ-കാസ്റ്റെലോൺ രൂപതയിലേക്ക് ചേക്കേറിയത്. സമർപ്പിത ജീവിതത്തിനും അപ്പസ്തോലിക് ജീവിതത്തിനുമുള്ള സൊസൈറ്റികൾക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി കഴിഞ്ഞ മാസം കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തിന് അംഗീകാരം നൽകിയതായി സെഗോർബെ-കാസ്റ്റെലോൺ രൂപത അറിയിച്ചു.
നിരവധി കവർച്ചകളും പിടിച്ചുപറിയും ഭീഷണികളും ഉള്‍പ്പെടെ കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ചായിരിന്നു സന്യാസിനികള്‍ ഇവിടെ ഒരു പതിറ്റാണ്ടായി സേവനം ചെയ്തിരിന്നത്. പ്രദേശത്ത് അരക്ഷിതാവസ്ഥ സമാനതകള്‍ക്ക് അപ്പുറം വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് സന്യാസിനികള്‍ പലായനം ചെയ്യുവാന്‍ തീരുമാനിക്കുകയായിരിന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ആക്രമണങ്ങളുടെ തോത് 2025-ൽ 54.5% വർദ്ധിച്ചതായി പോലീസ് തന്നെ അടുത്തിടെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിന്നു.
പെറുവിയൻ കന്യാസ്ത്രീകൾ ഇപ്പോൾ സ്പാനിഷ് പ്രവിശ്യയായ കാസ്റ്റെലോണിലെ ഒണ്ട പട്ടണത്തിലെ ഒരു ആശ്രമത്തിലാണ് താമസിക്കുന്നത്. കഴിഞ്ഞ ആഴ്ചയുടെ മധ്യത്തിലാണ് സന്യാസിനികള്‍ എത്തിയതെന്നും വികാരി ജനറൽ ഫാ. ജാവിയർ അപാരിസി സ്വീകരിച്ചുവെന്നും അവർ സ്ഥിരതാമസമാക്കാനുള്ള ശ്രമത്തിലാണെന്നും രൂപത നേതൃത്വം മാധ്യമങ്ങളെ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ ബിഷപ്പ് ലോപ്പസ് ലോറെന്റ് ഒണ്ടയിലെ മഠം സന്ദർശിക്കുമെന്നും രൂപതയ്ക്കുള്ള സമ്മാനത്തിന് ദൈവത്തിന് നന്ദി പറയുകയാണെന്നും സ്പെയിനിലെ സഭാനേതൃത്വം പ്രസ്താവിച്ചു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
