News - 2024

കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെ അനുസ്മരിച്ച് ഒഡീഷ; കൃതജ്ഞതാ ബലിയില്‍ പങ്കെടുത്തത് രണ്ടായിരത്തിലധികം വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 13-09-2016 - Tuesday

ഭുവനേശ്വര്‍: കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയെ, വിശുദ്ധയായി പ്രഖ്യാപിച്ചതിനുള്ള നന്ദി സൂചക ബലി അര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ ഒഡീഷയില്‍ രണ്ടായിരത്തില്‍ അധികം പേര്‍ ഒത്തുചേര്‍ന്നു. ഭുവനേശ്വറിലെ സെന്റ് വിന്‍സെന്റ് കത്തീഡ്രല്‍ ദേവാലയത്തിലാണ് കൃതജ്ഞത ബലി അര്‍പ്പിച്ചത്. കുട്ടക്-ഭുവനേശ്വര്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൃതജ്ഞതാ ബലിയില്‍ പങ്കാളികളാകുവാന്‍ എത്തിയവരില്‍ ഏറെയും വിധവകളും, അനാഥരും, രോഗികളും, വികലാംഗരുമായിരുന്നു.

"കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ പുതിയ ക്രൈസ്തവ വ്യക്തിത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്. മനുഷ്യത്വത്തിന്റെ മഹാമാതൃകയായി വിശുദ്ധയുടെ ജീവിതം എന്നും നിലകൊള്ളും. എല്ലാവരാലും മറന്ന രോഗികള്‍ക്കും അനാഥര്‍ക്കും മാനുഷീക മൂല്യങ്ങള്‍ കല്‍പ്പിച്ചു നല്‍കുകയും അവരെ ചേര്‍ത്തുപിടിക്കുകയും ചെയ്ത വിശുദ്ധയാണ് അവര്‍. വിശ്വസ്തതയോടു കൂടിയുള്ള സ്‌നേഹം എന്താണെന്ന് അവര്‍ നമുക്ക് കാണിച്ചു നല്‍കി. ഇതിന്റെ പ്രതിഫലനമാണ് ഇന്ന് ഇവിടെ വന്നു കൂടിയിരിക്കുന്ന ഈ വലിയ ജനസഞ്ചയം". ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വ്വ ദിവ്യബലി മദ്ധ്യേയുള്ള പ്രസംഗത്തില്‍ പറഞ്ഞു.

മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍ ചടങ്ങുകളില്‍ പങ്കെടുക്കുവാനായി എത്തിയിരുന്നു. ഒരിക്കലും പ്രശസ്തി ആഗ്രഹിക്കാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെന്ന് മിഷ്‌നറീസ് ഓഫ് ചാരിറ്റി മേഖല സുപ്പീരിയര്‍ സിസ്റ്റര്‍ ഒലിവെറ്റ് അനുസ്മരിച്ചു. "ലോകത്തിന്റെ ക്രമപ്രകാരം ജീവിക്കുകയോ, അതിനനുസരിച്ച് ചിന്തിക്കുകയോ ചെയ്തിരുന്ന വ്യക്തിയായിരുന്നില്ല വിശുദ്ധ. മനുഷ്യരെ സ്‌നേഹത്തോടെ ചേര്‍ത്തു പിടിച്ചിരുന്ന വിശുദ്ധയുടെ ജീവിതം ഏവര്‍ക്കും മാതൃകയാണ്. ഈ വിശുദ്ധ പദവി പ്രഖ്യാപനം ഏറെ സന്തോഷകരമായ ഒന്നാണ്'. സിസ്റ്റര്‍ ഒലിവെറ്റ് പറഞ്ഞു.

മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ഒഡീഷ മേഖല മുന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സാമുവേലും ചടങ്ങുകളില്‍ സംബന്ധിച്ചു. കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയെ പോലെ മഹനീയായ ഒരു വനിത നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നതിനെ അഭിമാനത്തോടെ ഓര്‍ക്കാമെന്നും ദൈവത്തിന്റെ സത്യസുവിശേഷം അറിയിക്കുന്നതിനു അവര്‍ കാണിച്ച തീഷ്ണതയും എല്ലാവരോടുമുള്ള വിശുദ്ധയുടെ സ്‌നേഹവും എല്ലാ കാലത്തും ഓര്‍മ്മിക്കപ്പെടുമെന്നും സിസ്റ്റര്‍ സാമുവേല്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാമൂഹിക,രാഷ്ട്രീയ നേതാക്കളും വിശുദ്ധ ബലിയില്‍ സംബന്ധിക്കുകയും കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയെ അനുസ്മരിക്കുകയും ചെയ്തു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശുദ്ധ പ്രഖ്യാപനത്തിന്റെ ആഘോഷ ചടങ്ങുകളും അനുസ്മരണങ്ങളും ഇപ്പോഴും നടക്കുകയാണ്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക