News - 2025

അംഗീകാരത്തിന് പിറകെ പോകാതെ എളിമപ്പെടുവാന്‍, യേശുവിന് വിട്ടുകൊടുക്കാന്‍ നമ്മെ തന്നെ അനുവദിക്കണം: ലെയോ പാപ്പ

പ്രവാചകശബ്ദം 02-09-2025 - Tuesday

വത്തിക്കാന്‍ സിറ്റി: ഏതെങ്കിലുമൊക്കെ അംഗീകാരം കിട്ടാൻവേണ്ടി നാം എത്രമാത്രം ആകുലപ്പെടുന്നുണ്ടെന്നതും, അനാവശ്യമായി നാം എങ്ങനെ നമ്മെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു എന്നതും പുനർവിചിന്തനം ചെയ്യണമെന്നും നമ്മോടു സംസാരിക്കാനായി യേശുവിനെ അനുവദിക്കണമെന്നും ലെയോ പതിനാലാമന്‍ പാപ്പ. ഓഗസ്റ്റ് മുപ്പത്തിയൊന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു പാപ്പ.

സഹോദരീ സഹോദരങ്ങളെ, കർത്താവിന്റെ ദിനമായ ഞായറാഴ്ച ദിവ്യകാരുണ്യമേശയ്ക്ക് ചുറ്റും ഒരുമിച്ചിരിക്കുന്ന അവസരത്തിൽ, നമ്മോട് സംസാരിക്കാനായി യേശുവിനെ അനുവദിക്കാൻ നമ്മളും തയ്യാറാകണം. അവിടുന്ന് സന്തോഷപൂർവ്വം നമ്മുടെ അതിഥിയായെത്തുകയും നമ്മെ എപ്രകാരമാണ് കാണുന്നത് എന്നത് വിശദീകരിക്കുകയും ചെയ്യും. നമ്മൾ ജീവിതത്തെ ഒരു മത്സരമായി ചുരുക്കുന്നതെങ്ങനെയാണെന്നതും, ഏതെങ്കിലുമൊക്കെ അംഗീകാരം കിട്ടാൻവേണ്ടി നാം എത്രമാത്രം ആകുലപ്പെടുന്നുണ്ടെന്നതും, അനാവശ്യമായി നാം എങ്ങനെ നമ്മെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു എന്നതും പുനർവിചിന്തനം ചെയ്യണം, നമ്മെത്തന്നെ അവന്റെ കണ്ണുകൾ കൊണ്ട് കാണുക എന്നത്‌ ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

സ്വയം വിചിന്തനം ചെയ്ത്, നമ്മുടെ ഹൃദയത്തിന്റെ മുൻഗണനകളെ ചോദ്യം ചെയ്യുന്ന തിരുവചനത്താൽ പിടിച്ചുകുലുക്കപ്പെടാൻ നമ്മെത്തന്നെ വിട്ടുകൊടുക്കുന്നതും അനിവാര്യമാണ്. സ്വാതന്ത്ര്യത്തിന്റെ പൂർണ്ണതയെ വിവരിക്കാനായി "എളിമ" എന്ന വാക്കാണ് അവിടുന്ന് സുവിശേഷത്തിൽ ഉപയോഗിക്കുന്നത് (ലൂക്കാ 14,11). എളിമയെന്നത് യഥാർത്ഥത്തിൽ നമ്മിൽനിന്ന് തന്നെയുള്ള സ്വാതന്ത്ര്യമാണ്. ദൈവരാജ്യവും അവിടുത്തെ നീതിയും യഥാർത്ഥത്തിൽ നമുക്ക് പ്രധാനപ്പെട്ടതായി മാറുകയും, ദൂരേക്ക് നോക്കാൻ നമുക്ക് സാധിക്കുകയും ചെയ്യുമ്പോഴാണ് അത് ഉണ്ടാകുന്നത്.

ദൈവത്തിന്റെ കണ്ണുകളിൽ ഏറെ വിലപ്പെട്ടവരാണ് തങ്ങളെന്ന് മനസ്സിലാക്കുന്നവർക്കും, തങ്ങൾ ദൈവമകനും മകളുമാണെന്ന് ഉറച്ച ബോധ്യമുള്ളവർക്കും, തങ്ങളെത്തന്നെ മൂല്യമുള്ളവരായിക്കാണാൻ ഏറെ വലിയ കാരണങ്ങളുണ്ട്. സാഹചര്യങ്ങൾ അവനവനുവേണ്ടി ഉപയോഗിക്കുന്നതിന് പകരം ശുശ്രൂഷിക്കാൻ പഠിക്കുമ്പോൾ, അനായാസമായും പ്രത്യേക തന്ത്രങ്ങളൊന്നുമില്ലാതെയും അത് മുൻപന്തിയിലേക്കെത്തുകയും ഉയർന്നുനിൽക്കുകയും ചെയ്യുന്നു. ഏവർക്കും എളിമയുടെ ഒരു കളരിയായി, സ്ഥാനങ്ങൾ പിടിച്ചുവാങ്ങാത്തതും, തന്റെ എളിമയെയും സ്വാതന്ത്ര്യത്തെയും കുറിച്ച് യേശുവിന് നമ്മെ പഠിപ്പിക്കാനും സംസാരിക്കാനും കഴിയുന്നതായ ഒരിടമായി സഭ മാറുന്നതിനുവേണ്ടി പ്രിയപ്പെട്ടവരേ, നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പ പറഞ്ഞു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »