News - 2025

ഒന്നര മണിക്കൂറില്‍ നാലു ഭാഷകളിലുള്ള ബൈബിള്‍ കൈയെഴുത്തുപ്രതി; ചരിത്രം കുറിച്ച് മഹാരാഷ്‌ട്രയിലെ ഇടവക

പ്രവാചകശബ്ദം 06-09-2025 - Saturday

മുംബൈ: ചരിത്രം കുറിച്ച് നാലുഭാഷകളിലുള്ള ബൈബിള്‍ കൈയെഴുത്തുപ്രതി കേവലം ഒന്നരമണിക്കൂര്‍ക്കൊണ്ട് എഴുതി പൂര്‍ത്തിയാക്കി മഹാരാഷ്ട്രയിലെ ഇടവക. കല്യാണ്‍ അതിരൂപതയുടെ കീഴിലുള്ള പിംപ്രി-ചിഞ്ച്‌വാദേയിലെ കാലേവാദി സെന്റ് അൽഫോൻസ ഇടവകാംഗങ്ങളാണ് ഉല്പത്തി മുതൽ വെളിപാട് വരെയുള്ള സമ്പൂര്‍ണ്ണ ബൈബിള്‍ മുഴുവൻ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ വെറും ഒന്നര മണിക്കൂറിനുള്ളിൽ പകർത്തി എഴുതിയത്.

ഇടവകയിലെ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ബൈബിള്‍ കൈയെഴുത്തുപ്രതി തയാറാക്കുന്ന ഉദ്യമത്തില്‍ 8 വയസ്സുമുതൽ 86 വയസ്സുവരെ പ്രായമുള്ള ഇടവകയിലെ 560 വിശ്വാസികളാണ് പങ്കുചേര്‍ന്നത്. ദൈവവചനം വായിക്കാനും പഠിക്കാനും വിശ്വാസികളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന്‍ ഇടവക വികാരി ഫാ. ഷിബു പുളിക്കൽ പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും ആഴത്തിലുള്ള ആത്മീയ അനുഭൂതി നല്‍കുന്ന നിമിഷമായിരുന്നുവെന്നും പ്രാർത്ഥനയോടും ഭക്തിയോടും കൂടിയാണ് എല്ലാവരും പങ്കുചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലർക്കും ഇത് വെറുമൊരു പരിപാടിയായിരുന്നില്ല, മറിച്ച് കൃപയുടെ അനുഭവമായിരുന്നു. ക്രിസ്തുവിനോടൊപ്പമുള്ള ഓരോരുത്തരുടെയും യാത്രയെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒന്നായി ഇത് മാറിയെന്നും ഫാ. ഷിബു പുളിക്കൽ പറഞ്ഞു. സുജിത് പാപ്പച്ചന്‍, ക്രിസ്റ്റീന സുജിത്ത് എന്നിവര്‍ ചേർന്നാണ് പരിപാടി ഏകോപിപ്പിച്ചത്. മതബോധന അധ്യാപകർ, സന്യാസിനികള്‍, കൈക്കാരന്മാര്‍, പാരിഷ് കൗൺസിൽ അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികള്‍ എന്നിവർ പരിപാടിയിലുടനീളം പിന്തുണയുമായി ഇടവക ജനത്തിനൊപ്പമുണ്ടായിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »