News
കാര്‍ളോയും പിയേർ ഫ്രസ്സാത്തിയും; പ്രത്യാശ വർഷത്തിൽ പ്രതീക്ഷയേകുന്ന പുണ്യ യുവാക്കൾ
സിസ്റ്റര്‍ സോണിയ ചാക്കോ 06-09-2025 - Saturday
നാളെ സെപ്റ്റംബർ ഏഴിനു ലോകത്തെ കുളിരുകൊള്ളിക്കുന്ന, ഇരുപത്തിനാലും പതിനാലും വയസ്സുള്ള രണ്ട് യുവാക്കളെ ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധരായി ഉയർത്തുകയാണ് - വാഴ്ത്തപ്പെട്ട പിയർ ജോർജോ ഫ്രസാത്തിയും വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസും ആണവർ.
വിശ്വാസവും വിശുദ്ധിയും ചോദ്യചിഹ്നമായി നിൽക്കുന്ന ഈ യുഗത്തിൽ ഈ യുവാക്കൾ അതിനുള്ള ഉത്തരമാണ്. ഈശോയെ അധികമായി സ്നേഹിച്ച അവർ, ആ ദിവ്യനാഥനെ വിശുദ്ധ കുർബ്ബാനയിലും, സഹചരിലും കാണുകയും, സ്നേഹിക്കുകയും, ശുശ്രൂഷിക്കുകയും ചെയ്തു. ലോകത്തിനു മുന്നിൽ തിളങ്ങി നിന്നവർ ആരുന്നില്ല അവർ, എന്നാൽ എല്ലാവരെയുംകാൽ ഒരു പിടി കൂടുതൽ ഈശോയെ സ്നേഹിച്ച്, ഈശോക്ക് വേണ്ടി ജീവിച്ചവരായിരുന്നു അവർ ഇരുവരും. ഇരുവരുടെയും മാതാപിതാക്കൾ പോലും അതിശയിക്കും വിധമാരുന്നു അവരുടെ വിശ്വാസ- സാക്ഷ്യങ്ങൾ. സത്യം പറഞ്ഞാൽ മക്കളുടെ മരണകിടക്കയിൽ ആണ് അപ്പനും അമ്മയും ഈ വിശുദ്ധരായ മക്കളുടെ വിശുദ്ധി അറിഞ്ഞത്.
പിയേർ ജോർജ്യോ ഫ്രസ്സാത്തി
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ 1901 ഏപ്രിൽ 6ന് ഇറ്റലിയിലെ ടൂറിനിൽ ജനിച്ച പിയെർ ജോർജോ ഫ്രസാത്തി തന്റെ ഹ്രസ്വ ജീവിതംവഴി ചുറ്റുമുള്ളവരിൽ ഒരു അതുല്യമായ ക്രിസ്തുമുദ്ര പതിപ്പിച്ച ശ്രദ്ധേയനായ ഒരു യുവ കത്തോലിക്കനായിരുന്നു.
ഫ്രാസാറ്റി ദരിദ്രരോട് ആഴമായ വിശ്വാസവും അനുകമ്പയും വളർത്തിയെടുത്തത് പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആദ്യാത്മിക വീക്ഷണത്തിന് വിരുദ്ധമായിരുന്നു. സമൂഹത്തിലെയും, എന്തിന് ഇറ്റലി എന്ന രാജ്യത്തിലെ തന്നെ ഏറെ അറിയപ്പെടുന്ന പത്ര പ്രവർത്തകനായ അപ്പന്റെ മോന്, ഇറ്റലിയിലെയും ജർമനിയിലെയും ഉന്നത രാഷ്ത്രാധികാരികളെ ഒക്കെ സുപരിചിതമായിരുന്നു. ഗവണ്മെന്റിൽ ഏതു ജോലിയും, അല്ലേൽ അപ്പന്റെ ജോലി വളരെ എളുപ്പത്തിൽ പിന്തുണ്ടരാമായിരുന്നിട്ടും, ജോർജിയോ തിരഞ്ഞെടുത്തത് മൈനിംഗ് എഞ്ചിനീയറിംഗ് ആണ്.
കാരണം ഏറ്റവും പാവപ്പെട്ട മനുഷ്യർ, വളരെയേറെ കഷ്ടപ്പെട്ട്, ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന സ്ഥലം അന്നും ഇന്നും ഖനികൾ ആണ്. അവരെ സഹായിക്കണം എന്നാ തീരുമാനത്തിൽ ആണ് തന്റെ പഠന മേഖല പോലും അവൻ തിരഞ്ഞെടുത്തത്. തന്റെ പഠനസമയത്ത് തന്നെ ആത്മീയതയിൽ ജോർജിയോ കൈവരിച്ചത് പരിശുദ്ധ കുർബാനയിലെ ഈശോയോടും പരിശുദ്ധ അമ്മയോടും ഉള്ള ആഴമായ സ്നേഹബന്ധം ആണ്.
ദൈനംദിന കുർബാനയിലെ പങ്കാളിത്തം, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലൂടെയുള്ള വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം എന്നിവ പിയെർ ജോർജോ ഫ്രസാത്തിയുടെ ഹാൾമാർക്കായിരുന്നു. സന്തോഷവും സ്നേഹവും നിറഞ്ഞ പെരുമാറ്റം, പരസ്നേഹ പ്രവർത്തനങ്ങളോടുള്ള ആവേശം, സമപ്രായക്കാരിൽ അർപ്പിച്ച ആത്മവിശ്വാസവും, നന്മനിറഞ്ഞ സൗഹൃദവും, മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകാനുള്ള കഴിവ് എന്നിവയിലൂടെ ഫ്രസ്സാത്തി മറ്റു കൂട്ടുകാരുടെ മനസ്സ് കവർന്നു.
വിശ്വാസത്തിന് ശക്തമായ ഊന്നൽ നൽകാത്ത ഒരു കുടുംബത്തിൽ വളർന്നെങ്കിലും, ഫ്രാസാറ്റി തനിയെ തന്റെ സുഹൃത്തുക്കളുമായി പങ്കിടാൻ ആഴത്തിലുള്ള ആത്മീയ ജീവിതം വികസിപ്പിച്ചെടുത്തു. അദ്ദേഹം പതിവായി കുർബാനയിൽ പങ്കെടുക്കുകയും മണിക്കൂറുകളോളം ദിവ്യകാരുണ്യ ആരാധനയിൽ ചെലവഴിക്കുകയും ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ ശക്തിയും പ്രചോദനവും കണ്ടെത്തുകയും ചെയ്തു.
"എന്റെ ആത്മാവിന്റെ മുഴുവൻ ശക്തിയോടെയും നിങ്ങൾ ദിവ്യകാരുണ്യ മേശയെ കഴിയുന്നത്ര തവണ സമീപിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ആന്തരിക പോരാട്ടങ്ങളെ നേരിടാൻ നിങ്ങൾക്ക് ശക്തി ലഭിക്കുന്ന മാലാഖമാരുടെ ഈ അപ്പം ഭക്ഷിക്കുക."
ഫ്രാസാറ്റിയുടെ പ്രാർത്ഥനാ ജീവിതം പള്ളിയുടെ ചുവരുകളിൽ ഒതുങ്ങി നിന്നില്ല. പ്രകൃതിയുടെ സൗന്ദര്യത്തിൽ, പ്രത്യേകിച്ച്, കയറാൻ ഇഷ്ടപ്പെട്ട പർവതങ്ങളിൽ അദ്ദേഹം ദൈവത്തിന്റെ സാന്നിധ്യം കണ്ടെത്തി. അത്തരത്തിലുള്ള ഓരോ യാത്രയിലും, ജപമാല കരങ്ങളിൽ ഏന്തി, പരിശുദ്ധ അമ്മയോട് ഏറെ സ്നേഹം അവൻ പ്രകടിപ്പിച്ചിരുന്നു.
പാവങ്ങളിലേക്കും, അവശരിലേക്കും, കൂടെ പഠിക്കുന്ന നിർധനരായ കൂട്ടുകാരിലേക്കും, രോഗികളിലേക്കും അവാച്യമായഒരു കാന്തിക ശക്തിപോലെ ജോർജിയോ ഓടിച്ചെന്നു തന്നലാവും വിധം, പലപ്പോഴും സ്വന്തം വസ്ത്രവും, ഷൂസും പോലും കൊടുത്തു. കുറച്ച് കൊടുത്തല്ല, കൊടുക്കാവുന്നത്തിന്റെ മാക്സിമം നൽകി അവരുടെ ജീവിതങ്ങളിലേക്ക് നിറവും, ഭാവിയും ഏകി. അങ്ങനെ, അദ്ദേഹത്തിന്റെ പരസ്നേഹ പ്രവർത്തനത്തിൽ നിന്ന് ഫ്രസ്സാത്തി ക്ക് പോളിയോ പിടിപെട്ട് 1925 ജൂലൈ 4 ന് 24 വയസ്സുള്ളപ്പോൾ മരണമടഞ്ഞു.
ടൂറിനിലെ ആയിരക്കണക്കിന് ദരിദ്രർ ആ മരണത്തിൽ ദുഃഖത്തോടെ തെരുവുകളിൽ നിരന്നപ്പോൾ ആണ് അദ്ദേഹം ആരും അറിയാതെ, ആരെയും അറിയിക്കാതെ ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വ്യാപ്തി അദ്ദേഹത്തിന്റെ ശവസംസ്കാര ശുശ്രൂഷാസമയം ലോകത്തിനു വെളിപ്പെടുട്ടത്. കാരണം അത്രമാത്രം ജനങ്ങൾ, അന്ന് വിലാപയാത്രയിൽ പങ്കെടുത്തു. പള്ളിയും പള്ളി മുറ്റവും നിറഞ്ഞ് തെരുവീഥികൾ മുഴുവൻ യുവജനങ്ങളും, അദ്ദേഹത്തിന്റെ മൃദുലതയും കാരുണ്യവും അറിഞ്ഞ ആയിരങ്ങൾ അവിടെ നിരന്നു. അന്നുമുതൽ ആ കല്ലറയിൽ തിരിയും, പൂക്കളും നിറഞ്ഞിരുന്നു.
ഒരിക്കൽ ജോർജിയോ വിശുദ്ധ പദവിയിൽ എത്തുമെന്ന് ഏവരും അറിഞ്ഞിരുന്നു. 1981-ൽ ഫ്രസ്സാത്തി യുടെ മൃതദേഹമടക്കിയ കല്ലറ തുറന്നപ്പോൾ അത് പൂർണ്ണമായും അഴുകാത്തതായി കണ്ടെത്തി. 1990-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ "അഷ്ടസൗഭാഗ്യങ്ങളുടെ മനുഷ്യൻ" ആഗോളയുവജനദിനത്തിന്റെ മാധ്യസ്ഥൻ "എന്നും വിശേഷിപ്പിച്ച ഫ്രസാറ്റിയുടെ ജീവിതം നിരവധി പേർക്ക്, പ്രത്യേകിച്ച് യുവജനങ്ങൾക്കും, SSVP അംഗങ്ങൾക്കും ഏറെ പ്രചോദനം ഏകുന്നു. പർവ്വതാരോഹണം ഹരമാക്കി, അതിൽ പ്രപഞ്ചസ്രഷ്ടാവിനെ പ്രകീർത്തിച്ച പച്ചയായ യുവാവ് ആയിരിന്നു പിയെർ ജോർജോ ഫ്രസ്സാത്തി.
ജെസ്യൂട്ട്, ഡൊമിനിക്കൻ, വിൻസെൻഷ്യൻ തുടങ്ങിയ സന്യാസ സമൂഹങ്ങള്‍ അദ്ദേഹത്തിന്റെ ആത്മീയജീവിത യാത്രയിൽ ഏറെ പ്രചോദനമേകി എന്നുള്ളതാണ്. കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ സംഘടനയായ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ആദ്യ യുവ വിശുദ്ധൻ കൂടിയാണ് ജോർജിയോ ഫ്രസാത്തി.
കാര്‍ളോ അക്യൂട്ടിസ്
മൊബൈൽ ഫോണും, കമ്പ്യൂട്ടർ ഗെയിംസുമൊക്കെ കളിച്ച്, ബർമുഡയും ബനിയനും ഇട്ട് ഒരു കൂളിംഗ് ഗ്ലാസുംവെച്ച്, മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി ഒരു 15 വയസ്സുകാരൻ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നമുക്കൊപ്പം ജീവിതം ആരംഭിച്ചിട്ട് ഈ ഇൻ്റർനെറ്റ് ലോകത്തു നിന്ന് വിശുദ്ധിയുടെ പടവുകൾ ചവിട്ടി കയറുന്ന ഒരു 14ാം വയസ്സുകാരനാണ് വാഴ്ത്തപ്പെട്ട കാർളോ അക്യൂട്ടിസ് . ഇന്നത്തെ യുവജനങ്ങളെ പോലെ കമ്പ്യൂട്ടറിനോടും മൊബൈലിനോടും ഫുട്ബോളിനോടും ഒക്കെ വല്ലാത്ത ഭ്രമമുള്ള ഒരു കൗമാരക്കാരൻ... എന്നാൽ, തന്റെ ഹീറോ ആയ ക്രിസ്തുവിന്റെ ചങ്കോട് ചേർന്നിരിക്കുക എന്നത് മാത്രമാണ് അവനെ മറ്റുള്ളവരിൽ നിന്ന് അല്പം വ്യത്യാസ്തനാക്കിയത്.
1991 മെയ് മൂന്നാം തിയ്യതി ലണ്ടനിൽ ജനിച്ച് അതേ വർഷം തന്നെ മാതാപിതാക്കളോട് ഒപ്പം ഇറ്റലിയിലെ മിലാൻ എന്ന പട്ടണത്തിലേക്ക് മടങ്ങിയെത്തി. അൻറ്റോണിയോ അക്വിറ്റിസും, ആൻഡ്രിയ അക്യുട്ടിസും ആയിരുന്നു കാർളോയുടെ മാതാപിതാക്കൾ. കാർളോ അക്യുറ്റിസിന് പരി. കന്യകമറിയത്തടും പരിശുദ്ധ പരമ ദിവ്യകാരുണ്യത്തോടും അതീവ ഭക്തി പുലർത്തിയിരുന്നു. കമ്പ്യൂട്ടറും ഇന്റർനെറ്റും നന്നായ് കൈകാര്യം ചെയ്യാൻ അറിയാമായിരുന്ന ഈ പതിനഞ്ചുകാരൻ വിശ്വാസത്തിന്റെ പ്രമേയങ്ങളെക്കുറിച്ചുള്ള ഐടി പ്രോജക്ടുകൾ പ്രത്യേകിച്ച് "ദിവ്യകാരുണ്യ അത്ഭുതങ്ങൾ" എന്ന വെബ്സൈറ്റ് ലോകത്തിനായ് സംഭാവന നൽകി.
രക്താർബുദത്തിന്റെ അതികഠിനമായ വേദന നിശബ്ദമായി സഹിച്ച് തന്റെ സ്വപ്നം സഫലമാക്കാൻ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങൾ മാതാപിതാക്കളോടെപ്പം സന്ദർശിച്ച് അവയെപ്പറ്റി വിശദമായ് പഠിച്ചാണ് കാർലോ തന്റെ പദ്ധതി പൂർത്തിയാക്കിയത്. ഒത്തിരി പ്രത്യേകതകൾ ഒന്നും എടുത്തു പറയാൻ ഇല്ലാത്ത ഒരു സാധാരണ പയ്യൻ.
നന്നായ് പഠിച്ചും... കൂട്ടുകാരോടെപ്പം ഫുട്ബോൾ കളിച്ചും... സൈക്കിളിൽ ഒന്ന് ചുറ്റിക്കറങ്ങിയും തന്റെ കൗമാരം നന്നായ് ആഘോഷിച്ച കാർലോ തന്റെ ജീവിതത്തിൽ നിന്ന് ഒരു നിമിഷം പോലും ദൈവത്തെ മാറ്റി നിർത്തിയില്ല. സ്വന്തം ഇടവക പള്ളിയിൽ വളരെ ചെറു പ്രായത്തിൽ തന്നെ അൾത്താര ബാലനായും കൊച്ചു കുട്ടികൾക്ക് ക്രിസ്തുവിന്റെ സ്നേഹം പകർന്നു നൽകാൻ വേദപാഠ അദ്ധ്യാപകനായും സേവനം ചെയ്തു. ആദ്യകുർബ്ബാന മുതൽ ഒരു ദിവസം പോലും വി. കുർബാന മുടക്കിയിരുന്നില്ല. "സ്വർഗ്ഗത്തിലേക്കുള്ള ഹൈവേയാണ് വി. കുർബ്ബാന " എന്നദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ, നിരവധി ജപമാലകൾ പ്രാർത്ഥിച്ചിരുന്ന കാർളോ പരിശുദ്ധ മാതാവിനോട് അതീവ ഭക്തി പ്രകടിപ്പിച്ചിരുന്നു.
യുവത്വം നിറഞ്ഞു തുളുമ്പുന്ന സമയം പെട്ടെന്ന് പിടികൂടിയ രക്താർബുദത്താൽ കാർലോ തകർന്നില്ല. പകരം തൻ്റെ വേദനകൾ ഈശോയുടെ വേദനകളോട് ചേർത്ത് വെച്ച് ബെനഡിക്റ്റ് 16-ാം മൻ മാർപാപ്പയുടെ നിയോഗങ്ങൾക്കായും സഭയുടെയും നിയോഗങ്ങൾക്കായി അവൻ കാഴ്ചവച്ചു. കാർലോയുടെ അമ്മ ആൻഡ്രിയ വാൽസല്യത്തോടെ ഓർക്കുന്നു: 3 - 4 വയസ്സു മുതൽ ക്രിസ്തുവിനോടും, പരിശുദ്ധ മറിയത്തോടുമുള്ള ഭക്തി അവനിൽ പ്രകടമായി ഉണ്ടായിരുന്നു. യാത്രക്കിടയിൽ ഒരു ദേവാലയം കണ്ടാൽ അവിടം സന്ദർശിക്കുവാനും, ഈശോയോട് ഹലോ പറയുവാനും, കുരിശിൽ ചുംബിക്കുവാനായ് അവനെ അയക്കാനും എന്നെ അവൻ നിർബന്ധിപ്പിക്കുവായിരുന്നു.
കാർളോയുടെ ഭക്തി അവൻ്റെ മാതാപിതാക്കളെയും, ബന്ധുക്കളെയും ഒത്തിരി സ്വാധീനിച്ചിരുന്നു. അവരെയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ അവൻ പ്രേരിപ്പിച്ചു. സാധാരണ രീതിയിൽ മാതാപിതാക്കൾ പ്രചോദനമാകണം, ഇവിടെ ഈ കൊച്ചുമകൻ മുതിർന്നവർക്ക് പ്രചോദനവും, മാതൃകയുമായി അന്നും ഇന്നും.
പാവപ്പെട്ടവരെ സഹായിക്കുന്നതിലും കാർളോ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഭവനമില്ലാതെ തെരുവിൽ അലഞ്ഞു നടന്നിരുന്ന പാവപ്പെട്ട മനുഷ്യർക്ക് ഒരു നേരത്തെ എങ്കിലും ഭക്ഷണം നൽകുന്ന 'കാരിത്താസ്' എന്ന ക്രൈസ്തവ സംഘടനകളിലേക്ക് കാർളോ കടന്നു ചെല്ലുകയും അവിടെയുള്ള പാവങ്ങൾക്ക് ഭക്ഷണം വിളമ്പി നൽകുന്നതിനോടെപ്പം അല്പം തമാശയും കുശലവും ഒക്കെ പറഞ്ഞ് അവരോട് സൗഹ്യദം സ്ഥാപിക്കുകയും ചെയ്തിരുന്നു.
15-ാം വയസ്സിൽ രക്താർബുദം ബാധിതനായ കാർളോ 2006 ഒക്ടോബർ 12 - ന് മോൻസയിൽ വെച്ച് പതിനഞ്ചാം വയസ്സിൽ മരിച്ചു. തന്റെ സഹനങ്ങളെ മാർപാപ്പയ്ക്കു വേണ്ടിയും തിരുസഭയ്ക്കു വേണ്ടിയും ഒപ്പം സ്വർഗ്ഗത്തിൽ പോകന്നതിനായും സമർപ്പിച്ചു. മരിച്ചു കഴിയുമ്പോൾ എന്നെ അസ്സിസിയിൽ കൊണ്ടു പോയ് സംസ്കരിക്കണമെന്ന് മരണത്തിന് മുമ്പ് കാർളോ പറഞ്ഞതനുസരിച്ച് മൃതദേഹം ഇന്ന് അസീസിയിലെ "സ്പോല്ല്യയസിയോണെ" ദേവാലയത്തിൽ വി. ഫ്രാൻസിസ് അസ്സീസി തന്റെ മാനസാന്തരത്തിന് ശേഷം ഉടുവസ്ത്രം ഉരിഞ്ഞ് നഗ്നനായി നിന്ന സ്ഥലത്ത് ഉള്ള ദേവാലയമാണ് നിന്ന് സംസ്കരിച്ചിരിക്കുന്നത്.
മരണ ശേഷം അവയവങ്ങൾ ദാനം ചെയ്യണമെന്ന് മാതാപിതാക്കൾക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും രക്താർബുദമായതിനാൽ അതിനു സാധിച്ചില്ല. 2013-ൽ ദൈവദാസനായി ഈ യുവകോമളനെ സഭ ഉയർത്തി. കാർളോയെ 2018 ൽ ധന്യനായി ഉയർത്തിയത് ഫ്രാൻസിസ് പാപ്പായാണ് 2022-ൽ വാഴ്ത്തിപ്പെട്ടവനായും ഉയർത്തിയത് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ തന്നെ.
വാഴ്ത്തപ്പെട്ട കാർളോയെയും, ജോർജിയോയെയും കഴിഞ്ഞ മെയ് മാസം വിശുദ്ധരാക്കി ഉയർത്താൻ ഫ്രാൻസിസ് മാർപാപ്പ കാത്തിരിക്കവേയാണ് പ്രിയപ്പെട്ട പാപ്പാ നമ്മിൽ നിന്നും വേർപിരിഞ്ഞത്. എന്തായാലും, മകന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന് സാക്ഷികളാകുന്ന അപൂർവ്വ നിമിഷങ്ങൾക്ക് തയ്യാറെടുത്ത് അന്റോണിയോ - ആൻഡ്രിയ ദമ്പതികൾ.
മാറുന്ന ഈ ലോകത്തിൽ മായാത്ത വിശുദ്ധിയും, മാറ്റൊലികൊള്ളുന്ന വിശ്വാസവുമായി ജീവിച്ച, ആധുനിക ലോകത്തിലും, ഈ ഡിജിറ്റൽ ലോകത്തിലും വിശുദ്ധരായി ജീവിക്കാമെന്നു തെളിയിച്ച ഈ യുവകോമളർ നമുക്ക് എല്ലാവർക്കും ഒരു വിശുദ്ധ ചാലഞ്ച് ആണ്. ഇരുവരും നമ്മെ നോക്കി, അവരുടെ നിർമ്മലതയുടെ സൗരഭ്യം പരത്തിപുഞ്ചിരിച്ചു പറയുകയാണ് ഈശോയെ ഏറ്റവും അധികം സ്‌നേഹിക്കുമ്പോൾ, ഈശോ നമ്മെ ഉയർത്തും.
ജീൻസും, ഫോണും, ഉപയോഗിച്ച്, ഫുഡ്‌ബോളും ട്രെക്കിങ്ങും ഹരമായിരുന്ന, കൂട്ടുകാർക്കൊപ്പം കളിതമാശകൾ പറഞ്ഞു കളിച്ചും ചിരിച്ചവർ ഇന്ന് വിശുദ്ധിയുടെ പടവിൽ പരിമളം പരത്തി നമ്മേം നോക്കി പുഞ്ചിരിച്ചു പറയുകയാണ്, ഇരുപതാം നൂറ്റാണ്ടിലും, ഈ ഡിജിറ്റൽ യുഗത്തിലും വിശുദ്ധി സാധ്യമാണ്, ഒരു കാര്യം ഉറപ്പുവരുത്തിയാൽ - വിശുദ്ധ കുർബാന ഒരിക്കലും മുടക്കാതെ, അനുദിനം ഈശോയെ സ്വീകരിച്ച്, ജപമാല ചൊല്ലി മാതാവിന്റെ മക്കളാവണം.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
